Connect with us

Kerala

തൊഴില്‍ തേടിപ്പോയ മലയാളികള്‍ ദക്ഷിണാഫ്രിക്കയില്‍ കുടുങ്ങിക്കിടക്കുന്നു

Published

|

Last Updated

കണ്ണൂര്‍ : ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ജോലി തേടിപ്പോയ 620 മലയാളികള്‍ തൊഴില്‍ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്നു. ഹൈദര്‍ ആര്‍ക്ക് എന്ന പെട്രോളിയം കമ്പനിയില്‍ തൊഴില്‍തേടിപ്പോയവരാണ് ശമ്പളമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്.

ജോഹന്നാസ്ബര്‍ഗ് ആസ്ഥാനമായ ഹൈദര്‍ ആര്‍ക്ക് എന്ന് പെട്രോളിയം കമ്പനിയിലേക്ക് ഒന്നര ലക്ഷം രൂപവരെ ശമ്പളം വാഗ്ദാനം ചെയ്ത് എറണാകുളത്തെ അറബ് ട്രേഡ് എന്ന കമ്പനിയാണ് മലയാളികളെ റിക്രൂട്ട് ചെയ്തത്. ശമ്പളം നാട്ടിലുള്ള ബാങ്ക് അക്കൗണ്ട് വഴി നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ശമ്പളമോ കൃത്യമായ ഭക്ഷണമോ പോലും കിട്ടുന്നില്ലെന്നാണ് പരാതി.

തളിപ്പറമ്പിലുള്ള വിജേഷ് എന്നയാള്‍ വീട്ടില്‍ വിളിച്ച് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ ഇക്കാര്യം അറിയുന്നത്. നിലവില്‍ തൊഴിലില്ലാതെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന മലയാളികളില്‍ പലര്‍ക്കും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസ്സിയെ വിവരമറിയിച്ചെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇവര്‍ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

ഇവരെ നാട്ടിലെത്തിക്കാന്‍ വേണ്ട എല്ലാ നടപടികളും ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രവാസികാര്യ മന്ത്രി കെ സി ജോസഫും പ്രതികരിച്ചു.

Latest