Connect with us

Kerala

മഴ കുറഞ്ഞു; ഇടുക്കി ഡാം തത്കാലം തുറക്കേണ്ടെന്ന് തീരുമാനം

Published

|

Last Updated

തൊടുപുഴ/ തിരുവനന്തപുരം: നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇടുക്കി ഡാം തത്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. ഡാം ഉടനെ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ ഡാം പരിശോധിച്ച ചീഫ് എന്‍ജിനീയര്‍ കെ കെ കറുപ്പന്‍കുട്ടിയുടെ റിപ്പോര്‍ട്ട്. സംഭരണശേഷിയുടെ 99 ശതമാനം ജലം എത്തിയാല്‍ ഡാം തുറന്നാല്‍ മതിയാകുമെന്നാണ് തീരുമാനം. അങ്ങനെ വന്നാല്‍ 2403 അടിയിലെത്തിയാല്‍ മാത്രമേ ഡാം തുറക്കു. ഇന്നലെ രാത്രിയില്‍ 2401.6 അടിയാണ് ജലനിരപ്പ്. ചെറുതോണി അണക്കെട്ടിലെ ഏഴ് ഷട്ടറുകളും ചീഫ് എന്‍ജിനീയര്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ ചേംബറില്‍ കൂടിയ അടിയന്തര യോഗം ചേര്‍ന്നു.
അതേസമയം, ഇടുക്കി ഡാം രണ്ട് ദിവസത്തിനകം തുറക്കേണ്ടി വരുമെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ആര്‍ക്കോണത്ത് നിന്ന് ഒരു കമ്പനി ദുരന്തനിവാരണ സേന ഇടുക്കിയിലെത്തി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ് ഏകോപന ചുമതല. ഇടുക്കി, എറണാകുളം കലക്ടര്‍മാര്‍ക്കാണ് മേല്‍നോട്ട ചുമതല. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചെറുതോണി അണക്കെട്ട് തുറന്നുവിടേണ്ടി വന്നാലുള്ള സാഹചര്യം നേരിടാന്‍ വന്‍ മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഡാം തുറക്കുകയാണെങ്കില്‍ പെരിയാറില്‍ വെള്ളം പൊങ്ങുന്നത് കാണാന്‍ തീരങ്ങളില്‍ നില്‍ക്കരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
പുഴയുടെ കരയിലും ചപ്പാത്തുകളിലും പാലങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ വിലപിടിപ്പുള്ള സാമഗ്രികളും രേഖകളും മറ്റും സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റണമെന്നും അതോറിറ്റി അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ള എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അണക്കെട്ട് തുറക്കുകയാണെങ്കില്‍ അത് പകല്‍ സമയത്ത് മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. രാത്രിയില്‍ അണക്കെട്ടിലെ ജലനിരപ്പ് 2,403 അടിയാകുകയാണെങ്കില്‍ രാവിലെ ഒമ്പതിനും 11നും ഇടക്ക് ഷട്ടര്‍ തുറക്കും. ചെറുതോണി അണക്കെട്ടാണ് ആദ്യം തുറക്കുക.

 

 

Latest