Connect with us

Ongoing News

പാക്കിസ്ഥാനില്‍ സ്‌ഫോടനം: 78 മരണം

Published

|

Last Updated

പെഷാവര്‍: പാക്കിസ്ഥാനിലെ പെഷാവറിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഞായറാഴ്ചയായ ഇന്നലെ രാവിലെ നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം പള്ളിയില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് വരുന്നതിനിടെയാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടന സമയത്ത് അറുനൂറോളം പേര്‍ പള്ളിയിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. തെഹ്‌രികെ താലിബാന്‍ ജുന്‍ദുല്ല വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പെഷാവറിലെ കൊഹാതി ഗേറ്റ് പ്രദേശത്താണ് സ്‌ഫോടനം നടന്ന ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്.
പരുക്കേറ്റവരില്‍ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണ്. ഇവരെ സമീപത്തുള്ള ലേഡി റീഡിംഗ് ആശുപത്രിയിലേക്ക് മാറ്റി. സ്‌ഫോടനത്തില്‍ പള്ളിയും സമീപത്തുള്ള കെട്ടിടങ്ങളും ഭാഗികമായി തകര്‍ന്നു. രണ്ട് ചാവേറാക്രമണങ്ങളാണ് നടന്നതെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ബോംബ് സ്‌ക്വാഡ് അഡീഷനല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശഫ്ഖത്ത് മാലിക് സ്ഥിരീകരിച്ചു. ചാവേറുകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രണ്ടാമത്തെ സ്‌ഫോടനം പള്ളിക്കുള്ളിലാണ് നടന്നതെന്നാണ് പോലീസ് പറയുന്നത്.
മുപ്പത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ആറ് കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചതായി സംശയിക്കുന്നു. സ്‌ഫോടനം നടത്തുന്നതിന് മുമ്പ് രണ്ട് പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് അപലപിച്ചു. മേഖലയില്‍ സമാധാനം പുലരാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നവാസ് ശരീഫ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം പാക്കിസ്ഥാനില്‍ തീവ്രവാദ ആക്രമണങ്ങള്‍ ശക്തമായിട്ടുണ്ട്. താലിബാനുമായി ഭരണകൂടം ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിക്കുന്നതിനിടെ അതിനെ എതിര്‍ക്കുന്ന വിഭാഗം കൂടുതല്‍ ശക്തമായ നിലപാടുമായി മുന്നോട്ടു പോകുകയാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനമാണ് ക്രിസ്തുമത വിശ്വാസികളുള്ളത്.