Connect with us

Editorial

ബീമാപ്പള്ളി: പോലീസിനെ വെള്ള പൂശുമ്പോള്‍

Published

|

Last Updated

ബീമാപ്പള്ളി ചെറിയതുറയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഉള്‍പ്പെടെ ഒരു സമുദായത്തിലെ ആറ് പേരുടെ മരണത്തിനും അമ്പതിലധികം പേരുടെ ഗുരുതര പരുക്കിനും കാരണമായ പോലീസ് വെടിവെപ്പിനെ ന്യായീകരിക്കുന്നതാണ് ജസ്റ്റിസ് കെ രാമകൃഷ്ണന്റെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്. മുന്നറിയിപ്പ്, ലാത്തിച്ചാര്‍ജ്, റബ്ബര്‍ ബുള്ളറ്റ് പ്രയോഗം തുടങ്ങി വെടിവെപ്പിന് മുമ്പ് നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലീസ് പാലിച്ചില്ലെന്ന് പറയുമ്പോള്‍ തന്നെ മാരകായുധങ്ങളുമായി ആക്രമണത്തിനൊരുങ്ങിയവരെ പിരിച്ചുവിടാനാണ് വെടിവെച്ചതെന്നും അല്ലായിരുന്നെങ്കില്‍ പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം അരങ്ങേറുമായിരുവെന്നുമാണ് കമ്മീഷന്റെ വിലയിരുത്തല്‍. കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ട് ഒന്നര വര്‍ഷമായെങ്കിലും വിവരാവകാശ നിയമം വഴിയാണ് അതിലെ ഉള്ളടക്കം ഇപ്പോള്‍ പുറത്തു വന്നത്. പോലീസ് നടപടിയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടിനെതിരെ വിമര്‍ശമുയരുമെന്ന ആശങ്ക മൂലമായിരിക്കണം സര്‍ക്കാര്‍ അത് മൂടിവെച്ചത്.
പ്രദേശത്തെ ഒരു ക്രിമിനലിന്റെ ഗുണ്ടാപ്പിരിവ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ ചെറിയൊരു സംഘര്‍ഷത്തെ വര്‍ഗീയ കലാപമാക്കി ചിത്രീകരിച്ചു 2009 മെയ് 17 നായിരുന്നു പ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരെ പോലീസ് തുരുതുരാ നിറയൊഴിച്ചത്. വെടിവെക്കാനുള്ള തീരുമാനം പോലീസ് സ്വമേധയാ എടുത്തതാണെന്നും ജില്ലാ കലക്ടറുടെയോ, സബ് കലക്ടറുടെയോ, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയോ അനുമതി വാങ്ങിയിരുന്നില്ലെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. വെടിപ്പിനുള്ള സാഹചര്യമില്ലാതെയും യാതൊരു മുന്നറിയിപ്പില്ലാതെയുമാണ് പോലീസ് നിറയൊഴിച്ചതെന്ന് തെളിവെടുപ്പ് വേളയില്‍, മരിച്ചവരുടെ ബന്ധുക്കളും ബീമാപ്പള്ളി ജമാഅത്ത് ഭാരവാഹികളും ബോധ്യപ്പെടുത്തുകയും അന്നത്തെ ജില്ലാ കലക്ടര്‍ സഞ്ജീവ് കൗളും അസിസ്റ്റന്റ് കലക്ടര്‍ ബിജുവും കമ്മീഷന്‍ മുമ്പാകെ തെളിവുസഹിതം ഇത് സമര്‍ഥിക്കുകയും ചെയ്തതാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുവരുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് സമാനമാണ് സംഭവമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇടതു മുന്നണി ഭരിക്കുന്ന ഘട്ടത്തിലാണ് വടിവെപ്പുണ്ടായത്. സാധാരണ ഗതിയില്‍ ഇത്തരം സംഭവങ്ങള്‍ പ്രതിപക്ഷം നല്ലൊരു ആയുധമാക്കുകയും അതുപയോഗിച്ചു സര്‍ക്കാറിനെ ആഞ്ഞടിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ഇന്ന് ഭരണത്തിലിരിക്കുന്ന അന്നത്തെ പ്രതിപക്ഷം അതേറ്റെടുക്കാന്‍ തയ്യാറായില്ലെന്നത് ദുരൂഹമാണ്. ഭരണകൂടവും പൊതുസമൂഹവും മുസ്‌ലിം സമൂഹത്തെ വിവേചനത്തോടെയാണ് കാണുന്നതെന്ന പരാതിയെ ഇത് ബലപ്പെടുത്തുന്നു.
വല്ലപ്പോഴുമുണ്ടാകുന്ന ചില അസ്വാരസ്യങ്ങളൊഴിച്ചാല്‍ താരതമ്യേന മെച്ചപ്പെട്ട ക്രമസമാധാന ചരിത്രമായിരുന്നു അടുത്ത കാലം വരെ കേരളത്തിന്റെത്. കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനുള്ള പോലീസിന്റെ ആര്‍ജവവും, സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമത്തെ ഏതുവിധേനയും പരാജയപ്പെടുത്തി, മതസൗഹാര്‍ദത്തില്‍ കേരളത്തിനുള്ള സല്‍പ്പേര് നിലനിര്‍ത്തണമെന്ന ഭരണകൂടങ്ങളുടെ നിര്‍ബന്ധ ബുദ്ധിയുമായിരുന്നു കാരണം. എന്നാല്‍ അടുത്ത കാലത്തായി ചിത്രം മാറുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രത്യുത ബീമാപ്പള്ളിയില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അപ്രതീക്ഷിതവും ഒറ്റപ്പെട്ടതുമായ സംഭവമാണിതെങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുകയുമില്ലായിരുന്നു. ബീമാപ്പള്ളി വെടിവെപ്പിന് ഉത്തരവാദികളായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കേവലം വകുപ്പുതല അന്വേഷണത്തിലൊതുക്കാന്‍ ശ്രമിച്ച കേസില്‍ കോടതി ഇടപെടലാണ് കൊലക്കുറ്റത്തിനു കേസെടുക്കാന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് 2011 ഏപ്രിലില്‍ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാറിന്റെ അനുമതിയില്ലാതെ ഇങ്ങനെ ഒരാവശ്യവുമായി അന്വേഷണ ഏജന്‍സി കോടതി കയറുമോ? സംഭവത്തിന്റെ തുടക്കം മുതലേ വെടിവെപ്പിനുത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. മാത്രമല്ല, കുറ്റക്കാരെന്ന നിഗമനത്തില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ചില പോലീസുദ്യോഗസഥരെ സ്ഥാനക്കയറ്റത്തോടെ തിരിച്ചെടുക്കുകയും ചെയ്തു. ഇപ്പോഴത്തെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലും ഇരകള്‍ക്ക് സന്ദേഹമുദിക്കാന്‍ കാരണം അധികൃതരുടെ സംശയാസ്പദമായ ഇത്തരം നിലപാടുകളാണ്.