Connect with us

International

നൈറോബി: 'മരണം' അഭിനയിച്ച് കിടന്ന മാതാവും മക്കളും രക്ഷപ്പെട്ടു

Published

|

Last Updated

നൈറോബി: ചെറിയൊരു അനക്കമോ ദീര്‍ഘ ശ്വാസോച്ഛാസമോ അവരുടെ ജീവനെടുക്കുമായിരുന്നു. പക്ഷേ അവര്‍ “മരണം” അഭിനയിച്ച് കിടന്നു മണിക്കൂറോളം. തീവ്രവാദ ആക്രമണം നടന്ന കെനിയന്‍ തലസ്ഥാനമായ നൈറോബിയിലെ വെസ്റ്റ് ഗേറ്റ് വാണിജ്യ കേന്ദ്രത്തിലാണ് സംഭവം. മാളിന്റെ നിലത്ത് കിടക്കുകയായിരുന്ന മാതാവിനെയും രണ്ട് കുട്ടികളെയും സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യം ഡെയ്‌ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അക്രമികള്‍ ബന്ദികളാക്കിയവരെ തിരയുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ നിലത്ത് കിടക്കുന്ന കുടുംബത്തെ ശ്രദ്ധിച്ചത്.
മക്കളുമായി ഷോപ്പിംഗ് നടത്തുന്നിതിനിടെയാണ് യുവതിയായ മാതാവ് വെടിയൊച്ച കേട്ടത്. രക്ഷപ്പെടാനുള്ള വഴികളില്‍ തോക്കുധാരികളായ അക്രമികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ മരിച്ചവരെ പോലെ കിടക്കാന്‍ മക്കളോട് പറയുകയായിരുന്നു. അക്രമികളില്‍ നിന്ന് മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് മാതാവ്. തങ്ങളുടെ തൊട്ടടുത്ത് നിന്ന് വെടിയൊച്ച കേട്ടിരുന്നുവെന്ന് അവര്‍ പറഞ്ഞു. രണ്ട് കുട്ടികളില്‍ ചെറിയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് താന്‍ കിടന്നിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, 72 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം അവസാനിച്ചുവെന്ന് കെനിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാളില്‍ അക്രമികള്‍ ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിച്ചിട്ടുണ്ടെന്നും അക്രമികളെന്ന് സംശയിക്കുന്ന 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സൈനിക വക്താക്കള്‍ അറിയിച്ചു. രാജ്യത്തെ നടുക്കിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി മൂന്ന് ദിവസത്തെ മൗനം ആചരിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്ത ആവശ്യപ്പെട്ടു. ദേശിയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാനും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.