Connect with us

National

മുംബൈ ഭീകരാക്രമണം: സാക്ഷികളെ ക്രോസ് വിസ്താരം നടത്താന്‍ പാക് സംഘം അനുമതി തേടി

Published

|

Last Updated

മുംബൈ: മുംബൈ ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന പാക്കിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ത്യയിലുള്ള സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി തേടി. കേസിലെ സാക്ഷികളെ വിസ്തരിക്കാന്‍ മുംബൈയിലെ കോടതിയുടെ അനുമതി കമ്മീഷന്‍ തേടും. പാക്കിസ്ഥാനില്‍ പിടിയിലായ ലശ്കര്‍ നേതാവ് സാകിഉര്‍റഹ്മാന്‍ ഉള്‍പ്പെടെ ഏഴ് തീവ്രവാദികള്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നാണ് പാക് സംഘം കരുതുന്നത്. പാക്കിസ്ഥാന്‍ ഭീകരരെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ രണ്ട് ഡോക്ടര്‍മാരെ ക്രോസ് വിസ്താരം നടത്താനാണ് പാക്കിസ്ഥാന്‍ അന്വേഷണ സംഘത്തിന്റെ നീക്കം.
കൊല്ലപ്പെട്ട ഒമ്പത് തീവ്രവാദികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരെ കൂടാതെ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് പി വൈ ലെഡ്കര്‍ സാക്ഷികളാക്കിയ രണ്ട് പേരില്‍ നിന്നും മൊഴിയെടുക്കണമെന്നാണ് പാക് സംഘത്തിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ രമേശ് മഹാലെ, പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം എന്നിവരുടെയും മൊഴി പാക്കിസ്ഥാന്‍ സംഘത്തിന് ആവശ്യമുണ്ട്. എന്നാല്‍ ഇവരെ ക്രോസ് വിസ്താരം നടത്താന്‍ പാക്കിസ്ഥാന്‍ സംഘത്തിന് ഇന്ത്യ അനുമതി നല്‍കിയിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചിലും പാക്കിസ്ഥാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണത്തിന് ഇന്ത്യയിലെത്തിയിരുന്നു. നാല് സാക്ഷികളെ ക്രോസ് വിസ്താരം നടത്തണമെന്ന് അന്ന് സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ അനുമതി നല്‍കിയില്ല. ഇത് രണ്ടാം തവണയാണ് പാക്കിസ്ഥാന്‍ സംഘം ഇതേ ആവശ്യവുമായി ഇന്ത്യയിലെത്തുന്നത്.
കസബ് ഉള്‍പ്പെടെ 10 പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍, കറാച്ചിയില്‍ നിന്ന് മുംബൈയിലെത്താന്‍ ഉപയോഗിച്ച ജി പി എസ് സംവിധാനങ്ങള്‍ എന്നിവ സംഘം പരിശോധിച്ചു. ആര്‍തര്‍ റോഡ് ജയിലിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നാണ് തീവ്രവാദികള്‍ ഇവ വാങ്ങിയതെന്നാണ് ഇന്ത്യന്‍ അന്വേഷണ സംഘം കണ്ടെത്തിയത്. ഇവ കര്‍ശന സുരക്ഷയോടെയാണ് ജയില്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യയിലെത്തിയ അന്വേഷണ സംഘം പാക്കിസ്ഥാനിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ കൊലപാതകത്തെ തുടര്‍ന്ന് തിരിച്ചുപോകുകയായിരുന്നു.
പാക്കിസ്ഥാനിലെ തീവ്രവാദവിരുദ്ധ കോടതിയിലെ രണ്ട് അംഗങ്ങള്‍, നാല് അഭിഭാഷകര്‍, രണ്ട് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരാണ് പാക് സംഘത്തിലുള്ളത്.

---- facebook comment plugin here -----

Latest