Connect with us

International

പാക്കിസ്ഥാനിലെ ഭൂചലനം: തലചായ്ക്കാന്‍ ഇടമില്ലാതെ ആയിരങ്ങള്‍

Published

|

Last Updated

ദല്‍ബാദി: പാക്കിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 350 കവിഞ്ഞു. തെക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. മണ്‍ വീടുകള്‍ തകര്‍ന്നതാണ് മരണ സംഖ്യ ഉയരാന്‍ ഇടയാക്കിയത്. ഭൂകമ്പം ദുരിതം വിതച്ചത് ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ്.
റോഡുകളും മറ്റ് ഗതാഗത സംവിധാനങ്ങളും തകര്‍ന്നതോടെ ഇവിടങ്ങള്‍ ഒറ്റപ്പെട്ടു. ദുരിത ബാധിതര്‍ വെള്ളവും ഭക്ഷണവും കിട്ടാതെ വലയുകയാണ്. രാജ്യത്തെ ദരിദ്ര പ്രവിശ്യയിലാണ് ഭൂകമ്പമെന്നത് ദുരിതത്തിന്റെ തീവ്രതയും വര്‍ധിപ്പിക്കുന്നുണ്ട്. വൈദ്യസഹായമോ താമസിക്കാന്‍ ടെന്റോ ഇവര്‍ക്ക് ലഭിക്കുന്നില്ല. പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും സംവിധാനമില്ല.
അവാറന്‍ ജില്ലയിലാണ് വ്യാപകമായി ഭൂകമ്പം ദുരിതം വിതച്ചത്. ഇവിടത്തെ മിക്ക വീടുകളും തകര്‍ന്നു. 300 ലേറെ മണ്‍ വീടുകളാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടത്തെ ഭൂരിഭാഗം പേരും ഭവനരഹിതരായി. ദല്‍ബാദി ഗ്രാമം പൂര്‍ണമായും തകര്‍ന്ന് ഒറ്റപ്പെട്ടു. ദുര പ്രദേശങ്ങളില്‍ ജോലിക്ക് പോയവരാണ് രക്ഷപ്പെട്ടത്. ജോലി സ്ഥലത്ത് നിന്ന് വിവരമറിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വീടിനുള്ളില്‍ മരിച്ച ഭാര്യയെയും മകനെയുമാണ് കണ്ടെതെന്ന് ഗ്രാമ വാസി നൂര്‍ അഹ്മദ് പറഞ്ഞു.
കുടുംബം നഷ്ടപ്പെട്ട നൂര്‍ തലചായ്ക്കാന്‍ ഇടം പോലുമില്ലാത്ത് അവസ്ഥയിലാണ്. 400 ഓളം പേര്‍ക്കാണ് ഭൂകമ്പത്തില്‍ പരുക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മരണസംഖ്യയോ പരുക്കേറ്റവരുടെ എണ്ണമോ കൃത്യമായി കണക്കാക്കാനായിട്ടില്ല. ഡോക്ടര്‍മാര്‍ ഗ്രാമത്തിലെത്തി പരുക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നുണ്ടെങ്കിലും മരുന്നുകളുടെ ക്ഷാമം ചികിത്സയെ ബാധിക്കുന്നുണ്ട്.
പലരും വീടുകളില്‍ തന്നെയാണ് ചികിത്സ തേടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്. പാരാമെഡിക്കല്‍ ജീവനക്കാരില്ലാത്തതിനാല്‍ ചികിത്സ നല്‍കാനാകുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രവിശ്യകളിലാണ് ദുരന്തമുണ്ടായത്. ചെങ്കുത്തായ പ്രദേശത്തേക്കുള്ള റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ ടെന്റുകളും മരുന്നുകളും ഭക്ഷണവുമാണ് വേണ്ടതെന്ന് പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് ജന്‍ മുഹമ്മദ് ബുലൈദി പറഞ്ഞു.
മണ്‍കട്ടകള്‍ കൊണ്ട് നിര്‍മിച്ച വീടുകള്‍ പൂര്‍ണമായി നിലംപൊത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആയിരം സേനാംഗങ്ങളെ അയച്ചിട്ടുണ്ട്. 60 സൈനിക ട്രക്കുകള്‍ ദുരിതബാധിതര്‍ക്കുള്ള സാധനങ്ങളുമായി കറാച്ചിയില്‍ നിന്ന് യാത്ര തിരിച്ചിട്ടുണ്ട്.
അവറാന്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 170 പേരെ സൈന്യം രക്ഷപ്പെടുത്തി. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ ഡോക്ടര്‍മാരെയും ആയിരം ടെന്റുകളും എത്തിച്ചിട്ടുണ്ടെന്ന് പ്രാദേശിക സര്‍ക്കാര്‍ പറഞ്ഞു. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് ഭൂകമ്പമാപിനിയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

---- facebook comment plugin here -----

Latest