Connect with us

Articles

കോണ്‍ഗ്രസിനു കൊടുക്കുന്ന വോട്ട് ബി ജെ പിക്ക് നല്‍കാന്‍ ന്യായങ്ങളുണ്ടോ?

Published

|

Last Updated

ഇന്ത്യാ മഹാരാജ്യത്ത് ലോക്‌സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ആസന്നമാകുകയാണ്. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, തെലുഗു ദേശം, ദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയ പ്രാദേശിക കക്ഷികള്‍ എന്തെല്ലാം ചര്‍ച്ചാവിഷയമാക്കുമെന്നും ആരോടെല്ലാം കൂട്ട് ചേരുമെന്നും ഇപ്പോള്‍ നിര്‍ണയിക്കാനാകില്ല. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി ചര്‍ച്ചാവിഷയമാക്കാന്‍ പോകുന്നത് വിലക്കയറ്റമോ അഴിമതിയോ ഒന്നുമല്ലെന്നും മറിച്ച് ഹിന്ദുത്വ വര്‍ഗീയത മാത്രമാമെന്നും അവര്‍ നരേന്ദ്ര മോഡി എന്ന നരാധമനെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. എത്ര മനുഷ്യക്കുരുതികള്‍ നടത്തിയിട്ടാണെങ്കിലും ഹിന്ദുവര്‍ഗീയതയെ ആളിക്കത്തിച്ച്, ആ തീയില്‍ അധികാരത്തിന്റെ അപ്പം ഒരിക്കല്‍ കൂടി വല്ല വിധേനയും ചുട്ടെടുക്കുക എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനാകാത്ത രാഷ്ട്രീയവും ധാര്‍മികവുമായ പാപ്പരത്തവും ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിക്കുണ്ട്. അതിനാലാണ് വരുന്ന പൊതു തിരഞ്ഞെടുപ്പിലും ബി ജെ പിയുടെ മുഖ്യ അജന്‍ഡ ഹിന്ദു വര്‍ഗീയത മാത്രമായിരിക്കുന്നത്.

ഇത് നടപ്പാക്കാനും പ്രചരിപ്പിക്കാനും ശശികല ടീച്ചറുടെ ബുദ്ധിയും നാക്കും മതി. അതില്‍ കൂടുതല്‍ നിലവാരമുള്ളവര്‍ ബി ജെ പിക്കകത്തോ സംഘ്പരിവാരത്തിലോ ഇല്ലാത്തതുകൊണ്ട് അവര്‍ക്ക് നരേന്ദ്ര മോഡിയല്ലാത്തൊരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ചൂണ്ടിക്കാണിക്കാനും കഴിയില്ല. “രാജ്യമൊട്ടുക്ക് ഹിന്ദുക്കള്‍ തളരുന്നു; മുസ്‌ലിംകള്‍ വളരുന്നു” ഇത് മാത്രമാണ് ശശികല ടീച്ചറുടെ പ്രസംഗങ്ങളുടെ ഒരേയൊരു പ്രമേയം. പക്ഷേ, രാജ്യമൊട്ടുക്ക് മുസ്‌ലിംകളുടെ സ്ഥിതി അങ്ങേയറ്റം ശോചനീയമാണെന്ന വാസ്തവം പുറത്തുകൊണ്ടുവന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ശശികല എന്ന മലയാളം സംസാരിക്കുന്ന ഉമാഭാരതി അവരുടെ ഒരു പ്രസംഗത്തില്‍ പോലും ഒരിടത്തും പരാമര്‍ശിക്കാറില്ല. നുണ പറയാന്‍ വസ്തുതകളുടെ പിന്‍ബലം ആവശ്യമില്ലല്ലോ. അതുകൊണ്ടാണ് ഹിന്ദുക്കള്‍ തളരുന്ന; മുസ്‌ലിംകള്‍ വളരുന്ന ഒന്നാണ് മതേതര ജനാധിപത്യം എന്ന പെരും നുണ ആയിരത്തൊന്നാവര്‍ത്തിച്ച് കവലപ്രസംഗം നടത്തിവരുന്ന ശശികല ടീച്ചര്‍മാരുടെ പാര്‍ട്ടിയായ ബി ജെ പിക്ക്, നരേന്ദ്ര മോഡിയെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുന്നത്. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെ ശശികല ടീച്ചര്‍മാരുടെ നിലവാരമുള്ളവന്‍ക്ക് കണ്ടെത്താവുന്ന പരമയോഗ്യനായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി തന്നെയാണെന്നു ചുരുക്കം.

സ്വാഭാവികമയ ന്യായവും ക്രമവും അനുസരിച്ച് ഇത്തവണ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകേണ്ടയാള്‍ മുതിര്‍ന്ന നേതാവായ അഡ്വാനിയാണ്. ഹിന്ദുത്വ വര്‍ഗീയ മനോഭാവത്തിന്റെ കാര്യത്തില്‍ ആര്‍ എസ് എസ് സ്വയം സേവകനായ അഡ്വാനി മോഡിയേക്കാള്‍ ഒട്ടും മോശക്കാരനല്ല. എന്നാല്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സൈബര്‍ സങ്കേതങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ സന്തോഷ് പണ്ഡിറ്റ് എന്നൊരു വികല മനസ്‌കന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന സംവിധായകനു പോലും കിട്ടാത്ത ഒരു പ്രാധാന്യം വാര്‍ത്താ ചാനലുകളില്‍ നേടിയെടുത്തല്ലോ. ഇമ്മാതിരിയൊരു താരമൂല്യം വളരെ ആസൂത്രിതമായി മോഡി എന്ന കൂട്ടക്കൊലയാളിയായ വികലമനസ്‌കന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഈ സൈബര്‍ താരമൂല്യം അഡ്വാനിയേക്കാള്‍ മോഡിക്ക് കൂടുതലുണ്ട്. അതിനാല്‍ത്തന്നെ സന്തോഷ് പണ്ഡിറ്റിനു പിന്നാലെ പോകുന്ന വാര്‍ത്താ ചാനലുകള്‍ക്ക് രാഷ്ട്രീയ രംഗത്തെ സന്തോഷ് പണ്ഡിറ്റായ നരേന്ദ്ര മോഡി ഇഷ്ടവിഭവവുമാണ്. മാത്രമല്ല, മുസ്‌ലിം, ക്രൈസ്തവ, കമ്യൂണിസ്റ്റ് വിരുദ്ധതയിലൂന്നിയ ഗോള്‍വാര്‍ക്കറുടെ ഹിന്ദുരാഷ്ട്ര വര്‍ഗീയ ഭ്രാന്തില്‍ ഗുരുവിനേക്കാള്‍ വലിയ ശിഷ്യനാണ് താനെന്ന് ഗുജറാത്തില്‍ തെളിയിച്ചു കഴിഞ്ഞ അഡ്വാനിയുടെ ശിഷ്യനാണ് നരേന്ദ്ര മോഡി. ഇക്കാരണങ്ങളാലൊക്കെ തന്നെ ഹിന്ദുത്വ വര്‍ഗീയതയൊഴിച്ച് മറ്റൊരു പ്രമേയവും ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ കെല്‍പ്പില്ലാത്ത ബി ജെ പിക്ക് മുന്നോട്ട് വെക്കാവുന്ന ഏറ്റവും വലിയ പ്രധാനമന്ത്രി സ്ഥാനാര്‍ഥി മോഡിയായതില്‍, വിവരമുള്ളവര്‍ക്ക് ആശങ്കപ്പെടാന്‍ വകയുണ്ടെങ്കിലും അതിശയിക്കാന്‍ യാതൊരു വകയുമില്ല.
യഥാര്‍ഥത്തില്‍, സ്ത്രീ ശാക്തീകരണാശയങ്ങള്‍ക്കും പ്രയോഗത്തിനും പ്രാധാന്യവും പ്രചാരണവും കൂടിവരുന്ന ഒരു കാലഘട്ടമാണിത്. അതേസമയത്തു തന്നെ, വീട്ടിലും തൊഴിലിടങ്ങളിലും പൊതു നിരത്തുകളിലും എല്ലാമെല്ലാം സ്ത്രീകള്‍ക്ക് നേരെയുള്ള പ്രത്യക്ഷവും പരോക്ഷവുമായ അതിക്രമങ്ങള്‍ മണിക്കൂറില്‍ ഒന്നെന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ത്രീപീഡനങ്ങളുടെ നാടായി ഇന്ത്യ നിലകൊള്ളുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ പരിഗണനീയമായ ഒരു വസ്തുതയാണ് ഇന്ത്യയില്‍ കൂടുതലുള്ളത് സ്ത്രീ സമ്മതിദായകരാണ് എന്നതും. ഇപ്പറഞ്ഞ പരമാര്‍ഥങ്ങളെയെല്ലാം നേര്‍ക്കുനേര്‍ അഭിസംബോധന ചെയ്തു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ആര്‍ജവം ബി ജെ പി എന്ന രാഷ്ട്രീയ കക്ഷിക്ക് ലവലേശം ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അവര്‍ സധൈര്യം, സുഷമാ സ്വരാജ് എന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിനെ തന്നെ അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമായിരുന്നു. എന്നാല്‍ അഡ്വാനിയെയും സുഷമയെയും തഴഞ്ഞ് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള നടപടി തെളിയിക്കുന്നത് ഹിന്ദുത്വ വര്‍ഗീയത ആളിക്കത്തിച്ച് അതിനെ വോട്ടാക്കി രൂപാന്തരപ്പെടുത്തുക എന്നതൊഴിച്ച് മറ്റൊന്നും തന്നെ ഈ തിരഞ്ഞെടുപ്പിലും ബി ജെ പി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ്. ഈ നിഗമനത്തിനു ബലം നല്‍കുന്ന സംഭവവികാസങ്ങളാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോള്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശ് കേന്ദീകരിച്ച് അരങ്ങേറിയത്.

പത്ത് വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും വി എച്ച് പി എന്ന കാവി ഭീകര പ്രസ്ഥാനം, അവര്‍ വിളിച്ചാല്‍ പാഞ്ഞെത്തുന്ന നിലവാരമുള്ള യമകിങ്കരന്മാരായ കാവിധാരികളുടെ നേതൃത്വത്തില്‍ അയോധ്യയിലേക്കൊരു തീര്‍ഥയാത്രക്ക് മുതിര്‍ന്നിട്ടില്ല. ശ്രീരാമനവമിയോടനുബന്ധിച്ച് പോലും വി എച്ച് പി അത്തരമൊരു യാത്രക്ക് നേതൃത്വം നല്‍കിയിട്ടില്ല. എന്നാല്‍ മോഡി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് ഉറപ്പായതോടെ, വി എച്ച് പി പൊടുന്നനെ “അയോധ്യ” പൊടി തട്ടിയെടുത്ത് തീര്‍ഥയാത്രക്ക് ആഹ്വാനം നല്‍കി രംഗത്തുവന്നു. ഈ സംഭവം തന്നെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കുക എന്നതു മാത്രമാണ് സംഘ്പരിവാരത്തിന്റെ ഒരേയൊരു അജന്‍ഡയെന്ന് തെളിയിക്കുന്നു.
മറ്റൊരു ദൃഷ്ടാന്തം ഉപ്പിനും മുളകിനും പരിപ്പിനും ചപ്പാത്തിക്കും വക കണ്ടെത്താന്‍ പാടുപെടുന്ന നിര്‍ധനരായ നാല്‍പ്പതിലേറെ ഗ്രാമീണര്‍ ദാരുണമാംവിധം കൊല്ലപ്പെടാനിടയായ മുസാഫര്‍ നഗര്‍ കാലപമാണ്. വ്യാജ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വര്‍ഗീയ വികാരം ആളിക്കത്തിച്ച് ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതാണ് മുസാഫര്‍ നഗര്‍ കലാപമെന്നു ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു. സന്തോഷ് റാണയെപ്പോലെയുള്ള ബി ജെ പി. എം എല്‍ എമാരാണ് കലാപത്തിന് വേണ്ടി ചരട് വലിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മായാ കൊട്‌നാനി എന്ന മോഡിയുടെ മന്ത്രിസഭാംഗം ഗുജറാത്തില്‍ ചെയ്തത് തന്നെയാണ് മുസാഫര്‍ നഗറില്‍ ബി ജെ പി. എം എല്‍ എമാരും ചെയ്തുവരുന്നതെന്ന് ചുരുക്കം.
ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ഇന്ത്യാ രാജ്യത്തെ മൊത്തത്തില്‍ ജാതീയവും മതപവുമായ വൈകാരിക വിദ്വേഷത്തിന് കീഴ്‌പ്പെടുത്തി ഗുജറാത്തിനെ പോലെ ആക്കിത്തീര്‍ത്തുകൊണ്ട് നരേന്ദ്ര മോഡി എന്ന ഹുന്ദു ഹിറ്റ്‌ലറെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കുക എന്നതില്‍ ഊന്നിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘ്പരിവാരവും ബി ജെ പിയും നേതൃത്വം നല്‍കുന്നത് എന്നത്രെ. നാടിന്റെയും നാട്ടുകാരുടെയും ശ്രേയസ്സിനും സമാധാനത്തിനും സുരക്ഷക്കും ഉതകുന്ന യാതൊരു നയപരിപാടിയും തത്വത്തിലും പ്രയോഗത്തിലും മുന്നോട്ടു വെക്കാനില്ലാത്തതിനാല്‍ കര്‍ണാടകയില്‍ ഉള്‍പ്പെടെ കാലും തലയും നഷ്ടപ്പെട്ട ബി ജെ പിക്ക്, അതിന്റെ ശവഘോഷയാത്ര നടത്താന്‍ ചുമതലപ്പെടുത്താവുന്ന ഏറ്റവും നല്ല നേതാവാണ് നരേന്ദ്ര മോഡി. അയാളെ തഴഞ്ഞാല്‍ ബി ജെ പി വീണിടത്തു കിടന്നു ചീഞ്ഞഴകും. അതിനാലവര്‍ നരേന്ദ്ര മോഡിയെ തന്നെ “ഹിന്ദുത്വ വര്‍ഗീയത” എന്ന ഒരൊറ്റ അജന്‍ഡ വെച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി. ഈ തീരുമാനത്തിലൂടെ ഇന്ത്യക്ക് വലിയ ഗുണമൊന്നും ഉണ്ടാകില്ലെങ്കിലും ബി ജെ പിയുടെ ശവദാഹച്ചടങ്ങ് ഒരുവിധം ഭംഗിയായി നടക്കും.

ഹിന്ദുത്വ വര്‍ഗീയത എന്ന ഒരൊറ്റ അജന്‍ഡ മാത്രമേ ബി ജെ പിക്ക് തനതായ നിലയില്‍ മുന്നോട്ട് വെക്കാനുള്ളൂ എന്നു പറയുന്നതെന്തുകൊണ്ടെന്നു കൂടി ചൂണ്ടിക്കാണിച്ചിട്ട് ഉപസംഹരിക്കാം. പൊതു മേഖലയെ ദുര്‍ബലപ്പെടുത്തുന്നതും ഏതാനും ശതകോടീശ്വരന്മാരെ മാത്രം കണക്കറ്റ് ശക്തപ്പെടുത്തുന്നതുമായി ഉദാരീകരണ സാമ്പത്തിക നയം, സി ബി ഐ ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ കുറ്റാന്വേഷണ സംവിധാനങ്ങളെ രാഷ്ട്രീയ മുതലെടുപ്പിനായി ദുരുപയോഗിക്കല്‍, വിലക്കയറ്റം, ഊര്‍ജപ്രതിസന്ധി, അമേരിക്കന്‍ വിധേയത്വം, സ്ത്രീപീഡനം, യു എ പി എ പോലുള്ള കരിനിയമങ്ങള്‍, സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകളെ അവഗണിക്കല്‍, അഴിമതി, ആദിവാസി ജനവിഭാഗങ്ങളോടുള്ള അവഗണന, പ്രവാസി ഇന്ത്യക്കാരുടെ വരുമാന സ്രോതസ്സുകളെ രാഷ്ട്രാഭ്യുന്നതിക്കായി പ്രയോജനപ്പെടുത്തല്‍, പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയുള്ള നടപടികള്‍ കൈക്കൊള്ളല്‍, കള്ളപ്പണം പുറത്തുകൊണ്ടുവരല്‍, ചെറുകിട വ്യാപാരികളുടെ സ്വത്തിനും ജീവനും ഉപജീവനത്തിനും സുരക്ഷ ഉറപ്പ് വരുത്തല്‍, ബാലവേല നിര്‍ത്തലാക്കല്‍, പരിസ്ഥിതി സന്തുലനം പരിഗണിക്കാത്ത വികസന നയങ്ങള്‍ തുടങ്ങി ജനജീവിതത്തെ നേരിട്ടു ബാധിക്കുന്നതും നാടിന്റെ അന്തസ്സും അഭിമാനവും ചോര്‍ത്തിക്കളയുന്നതുമായ യാതൊരു യഥാര്‍ഥ പ്രശ്‌നത്തെയും അഭിമുഖീകരിക്കാനോ അഭിസംബോധന ചെയ്യാനോ ഉള്ള മൗലികമായ ഉള്‍ക്കാഴ്ചയും ധാര്‍മികതയും ബി ജെ പിക്കില്ല. മേല്‍പ്പറഞ്ഞ വിഷയങ്ങളിലെല്ലാം മന്‍മോഹന്‍ സിംഗില്‍ നിന്ന് വ്യത്യസ്തമായ യാതൊരു നിലപാടും ബി ജെ പി എന്ന കക്ഷിക്കോ മോഡി എന്ന വ്യക്തിക്കോ ഇല്ല താനും. ഇത് വ്യക്തമാക്കാന്‍ പര്യാപ്തമായ ചില ഉദാഹരണങ്ങള്‍ സൂചിപ്പിക്കാം.

വിജയ മല്യ എന്ന കോടീശ്വരനായ മദ്യവ്യാപാരിയെ കടക്കെണിയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വഴി വിട്ട പല സഹായങ്ങളും മന്‍മോഹന്‍ സര്‍ക്കാര്‍ ചെയ്തുകൊടുത്തു. ഇതിനു സമാനമായ കാര്യങ്ങള്‍ തന്നെയാണ് അംബാനിക്കും ടാറ്റക്കും വേണ്ടി ഗുജറാത്തില്‍ മോഡിയും “വികസന”ത്തിന്റെ പേരില്‍ ചെയ്തുകൊടുത്തത്. എന്നുവെച്ചാല്‍ വികസനം ശതകോടീശ്വരന്മാര്‍ക്കു വേണ്ടി എന്നതാണ് മന്‍മോഹന്‍ സിംഗിന്റെയും നരേന്ദ്ര മോഡിയുടെയും കാഴ്ചപ്പാടെന്ന് ചുരുക്കം. ഭരണം നിലനിര്‍ത്താന്‍ കൂട്ടുകക്ഷി നേതാക്കളെ ഭീഷണിപ്പെടുത്താനും മറ്റും മന്‍മോഹന്‍ സര്‍ക്കാര്‍ സി ബി ഐയെ ദുരുപയോഗിച്ചിരുന്നു. ഇതിനു സമാനമായ രീതിയില്‍ ഗുജറാത്ത് പോലീസിനെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തി ഭരണം നിലനിര്‍ത്താന്‍ മോഡിയും ശ്രമിച്ചിരുന്നു എന്ന് ഡി ജി പി വന്‍സാര തന്നെ അയാളുടെ രാജിക്കത്തില്‍ വെളിപ്പെടുത്തി.
സ്ത്രീപീഡനങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും അവര്‍ക്കാകില്ല. അതിനവര്‍ തുനിഞ്ഞാല്‍ പല ബി ജെ പി. എം എല്‍ എമാരെയും ആസാറാം ബാപ്പുവിനെ പോലുള്ള സംഘ്പരിവാരത്തിന്റെ സ്വന്തം ആള്‍ദൈവങ്ങളെയും അവര്‍ക്ക് തള്ളിപ്പറയേണ്ടിവരും. അമേരിക്കക്ക് ആമേന്‍ പാടുന്ന മന്‍മോഹന്‍ സിംഗിന്റെ വിദേശനയത്തിനു “പഠിക്കാനല്ലാതെ” ബി ജെ പിക്ക് മറ്റൊന്നിനും കഴിയില്ല. കഴിവുണ്ടായിരുന്നെങ്കില്‍ അമേരിക്ക വേട്ടയാടുന്ന സ്‌നോഡന് ഇന്ത്യ അഭയം നല്‍കാനാവശ്യപ്പെടാനെങ്കിലും ബി ജെ പി ധൈര്യം കാണിച്ചേനെ.
സച്ചാര്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കാണിച്ച അലംഭാവത്തിനേക്കാള്‍ കടുത്ത അലംഭാവമല്ലാതെ മറ്റൊന്നും ഗുജറാത്തിലോ കര്‍ണാടകയിലോ ബി ജെ പി സര്‍ക്കാറുകള്‍ കാണിച്ചിട്ടില്ല! അമേരിക്കയുടെ തീട്ടൂരത്തിന് കീഴ്‌വണങ്ങി മുസ്‌ലിംകളെ “ഭീകരര്‍” എന്ന് മുദ്ര കുത്തി തുറുങ്കിലടക്കാനുള്ള യു എ പി എ പോലുള്ള മനുഷ്യവിരുദ്ധമായ കരിനിയമങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനെതിരെ പൊരുതാന്‍ ബി ജെ പി തയ്യാറാകില്ലെന്ന് പറയേണ്ടതില്ലല്ലോ. ഇതൊക്കെ വെച്ച് ചിന്തിക്കുമ്പോള്‍ ഇന്ത്യയെ ഹിന്ദു താലിബാനാക്കാനുള്ള കാവി ഭീകര സിദ്ധാന്തത്തിന്റെ പാരമ്പര്യം ഒന്നു മാത്രമാണ് സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ ഭൂതഗണമായ ബി ജെ പിയുടെ ഒരേയൊരു വ്യത്യസ്തത എന്നു പറയേണ്ടിവരും. ആ വ്യത്യസ്തത അഥവാ ഹിന്ദുത്വ വര്‍ഗീയതയല്ലാതെ മറ്റൊന്നും ബി ജെ പിക്ക് സ്വന്തമായി ഉയര്‍ത്തിപ്പിടിക്കാന്‍ ഇല്ല. വര്‍ഗീയത കൊണ്ട് ഇന്ത്യയുടെ നൂറ് കോടിയിലേറെ വരുന്ന ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും എന്നുണ്ടെങ്കിലല്ലാതെ കോണ്‍ഗ്രസിനു കൊടുക്കേണ്ടുന്ന വോട്ട് ബി ജെ പിക്ക് കൊടുക്കുന്നതിന് ഇക്കാലത്ത് മറ്റൊരു ന്യായവും ഇല്ല.