Connect with us

Kannur

റേഷന്‍ കാര്‍ഡ് പുതുക്കാന്‍ നടപടിയില്ല; പുതിയ കാര്‍ഡ് അച്ചടിയും അനിശ്ചിതത്വത്തില്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും പുതിയ കാര്‍ഡ് നല്‍കാന്‍ നടപടിയായില്ല. അഞ്ച് വര്‍ഷക്കാലയളവിലേക്ക് മാത്രം നല്‍കേണ്ട റേഷന്‍ കാര്‍ഡാണ് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതുക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാത്തത്.

കഴിഞ്ഞ 2012 ഡിസംബര്‍ വരെയുള്ള തീയതികള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള റേഷന്‍ കാര്‍ഡാണ് നിലവില്‍ ഉപഭോക്താക്കളുടെ കൈയിലുള്ളത്. കുടുംബനാഥന്റെ പേരും ചിത്രവും മേല്‍വിലാസവും മറ്റ് പ്രധാന വിവരങ്ങളുമടങ്ങിയ റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണെന്നിരിക്കെ കാര്‍ഡ് പുതുക്കി നല്‍കാത്തത് റേഷന്‍ ഉപഭോക്താക്കളെ കാര്യമായി തന്നെ വലക്കുന്നുണ്ട്. സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള തിരിച്ചറിയില്‍ മാനദണ്ഡമായി നിലവില്‍ റേഷന്‍ കാര്‍ഡ് തന്നെയാണ് അംഗീകരിച്ചിട്ടുള്ളത്. വിവിധാവശ്യങ്ങള്‍ക്കായി കാര്‍ഡുമായി ഓഫീസുകളില്‍ ചെല്ലുമ്പോള്‍ കാലാവധി കഴിഞ്ഞ കാര്‍ഡാണെന്ന നിലപാടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്.
അരി, ഗോതമ്പ് എന്നിവക്ക് റേഷന്‍ കാര്‍ഡില്‍ വര്‍ഷം തിരിച്ച് പ്രത്യേക പേജുകളാണുള്ളത്. പഞ്ചസാര, മണ്ണെണ്ണ, ഭക്ഷ്യ എണ്ണ, സപ്ലൈകോ സാധനങ്ങള്‍ എന്നിവക്ക് ഓരോ പേജും നല്‍കിയിട്ടുണ്ട്. ഇവയിലെല്ലാം വാങ്ങിയ സാധനങ്ങളുടെ വിവരം രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ 2012 വരെയുള്ള കോളങ്ങള്‍ മാത്രമെ കാര്‍ഡുകളിലുള്ളൂ. 2013 വര്‍ഷം മുതലുള്ള കോളങ്ങള്‍ കാര്‍ഡില്‍ ഇല്ലാത്തതിനാല്‍ ഓരോ സാധനങ്ങളും രേഖപ്പെടുത്തി നല്‍കുന്നത് മറ്റേതെങ്കിലും പേജിലാണ്. 2007ല്‍ നല്‍കേണ്ട, ഇന്നത്തെ കാര്‍ഡിന്റെ വിതരണം വൈകിയതിനാല്‍ ആദ്യവര്‍ഷങ്ങളിലെ കോളങ്ങള്‍ ഒഴിഞ്ഞ് കിടപ്പുണ്ട്. ഇവിടെ വര്‍ഷം തിരുത്തിയാണ് 2013ലെ സാധനങ്ങള്‍ വാങ്ങിയതിന്റെയും മറ്റും വിവരങ്ങള്‍ രേഖപ്പെടുത്തുന്നത്. എന്നാല്‍ ഈ കോളങ്ങളും ഏതാണ്ട് പൂര്‍ത്തിയായ നിലയിലാണ്. സപ്ലൈകോയില്‍ നിന്ന് സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്നവരുടെ കാര്‍ഡിന്റെ പേജും നിറഞ്ഞ് കഴിഞ്ഞു. കാര്‍ഡിലെ പേജുകള്‍ ഇല്ലാതായതോടെ ഇതോടനുബന്ധിച്ച് പ്രത്യേക പേജ് തയ്യാറാക്കി നല്‍കണമെന്ന് അനൗദ്യോഗിക നിര്‍ദേശമുണ്ടായെങ്കിലും അതും കാര്യമായി നടപ്പിലായില്ല.
ഭക്ഷ്യസാധനങ്ങള്‍ വാങ്ങുന്നത് കൃത്യമായി രേഖപ്പെടുത്താത്തത് പല ക്രമക്കേടുകള്‍ക്കും കാരണമാകുന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിലവില്‍ നാലുതരം കാര്‍ഡുകളാണ് സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കള്‍ക്കുള്ളത്. അഞ്ച് കൊല്ലം കഴിയുമ്പോള്‍ ഇത്തരം കാര്‍ഡുകളെല്ലാം പുതുക്കേണ്ട നടപടിക്രമങ്ങള്‍ സെപ്തംബര്‍- ഒക്‌ടോബര്‍ മാസത്തില്‍ തന്നെയാരംഭിക്കും. റേഷന്‍ കടകള്‍ വഴി അപേക്ഷാ ഫോമുകള്‍ നല്‍കുകയും ഇവ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് അംഗീകരിക്കുകയുമാണ് ചെയ്യാറുള്ളത്. 2007ലാണ് ഇത്തരത്തില്‍ അവസാനമായി കാര്‍ഡിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നത്. എന്നാല്‍ 2012ല്‍ പുതിയ കാര്‍ഡിന് വേണ്ടിയുള്ള നിര്‍ദേശങ്ങളൊന്നും സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ചില്ല. പിന്നീട് 2013ലും കാര്‍ഡ് പുതുക്കുന്നതിനുള്ള നടപടികള്‍ സിവില്‍ സപ്ലൈസിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ല.
ഏറ്റവുമൊടുവില്‍ ഇപ്പോള്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ അച്ചടിക്കേണ്ടെന്ന നിലപാടിലാണത്രെ അധികൃതര്‍. ഭക്ഷ്യസുരക്ഷാ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ രണ്ട് തരത്തിലുള്ള കാര്‍ഡുകള്‍ മാത്രമേ വേണ്ടി വരുമെന്നും അതിനാല്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വന്നാല്‍ മാത്രമെ പുതിയ കാര്‍ഡ് അനുവദിക്കേണ്ടതുള്ളൂവെന്നുമാണത്രെ അനൗദ്യോഗിക നിര്‍ദേശം. എന്നാല്‍ പുതിയ നിയമം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ച് കൃത്യമായി പറയാനും കഴിയില്ല. അതുകൊണ്ട് തന്നെ പുതിയ കാര്‍ഡിന്റെ അച്ചടി തത്വത്തില്‍ അനിശ്ചിതത്വത്തിലാകുകയും ചെയ്യും.

Latest