Connect with us

Articles

ഇന്‍ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍

Published

|

Last Updated

പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി വിവിധ സംസ്ഥാനങ്ങളില്‍ പര്യടനത്തിലാണ്. കേരളത്തിലും അദ്ദേഹം പ്രഥമ ഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. അമൃതാനന്ദമയി മഠത്തിലെത്തിയ മോഡി പ്രത്യക്ഷമായി രാഷ്ട്രീയം പറയാതെ എല്ലാം പറഞ്ഞു. തിരുവിതാംകൂര്‍ മഹാരാജാവ് മുതല്‍ പ്രശസ്തരും പ്രമുഖരുമായ പലരെയും സന്ദര്‍ശിച്ചു. വരും ദിവസങ്ങളിലും അതിശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിന്‍ അദ്ദേഹം തുടരും. പാര്‍ട്ടിയുടെ സംവിധാനങ്ങളേക്കാള്‍ അതിവിപുലവും ശാസ്ത്രീയവുമായ പ്രചാരണ വിഭാഗം മോഡിക്ക് സ്വന്തമായുണ്ട്. കോടികള്‍ മുടക്കി അന്തര്‍ദേശീയ തലത്തില്‍ തന്നെ മോഡിയുടെ പ്രതിച്ഛായ മികച്ചതാക്കാന്‍ അവര്‍ ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കോര്‍പറേറ്റ് ഭീമന്‍മാരും ഇസ്‌റാഈലിന്റെയും അമേരിക്കയുടെയും ചാരപ്പണിക്കാരായ സി ഐ എ, മൊസാദ് തുടങ്ങിയ സംഘടനകളും ഇന്ത്യയില്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും ബുദ്ധിജീവികളും ഉള്‍െപ്പടെയുള്ള ഒരു വിഭാഗം മോഡിയുടെ സ്വകാര്യ സംവിധാനത്തിന്റെ ഭാഗമാണ്.
ഹൈന്ദവ വര്‍ഗീയതയുടെയും ഫാസിസ്റ്റ് താത്പര്യങ്ങളുടെയും വക്താക്കള്‍ ഇവിടെ ഒന്നുചേരുന്നു. 1992ലെ ബാബരി മസ്ജിദ് തകര്‍ക്കല്‍ നടപടിയും 2002ലെ ഗുജറാത്ത് കൂട്ടക്കൊലയുമൊക്കെ ഈ ശക്തികളുടെ അധികാരമോഹത്താല്‍ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മതപരതയെ പ്രയോജനപ്പെടുത്തുകയാണ് ഇവരുടെ രീതി. ഹിന്ദുക്കളോടും ഹൈന്ദവതയോടും യാതൊരു പ്രതിബദ്ധതയും സത്യത്തില്‍ ഇവര്‍ക്കില്ല. തങ്ങളുടെ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാന്‍ അതിനെ ശാസ്ത്രീയമായി പ്രയോജനപ്പെടുത്തുന്നുവെന്നു മാത്രം. യഥാര്‍ഥ ഹൈന്ദവത ഒരു മതമേയല്ല. മോഡിയും സംഘപരിവാര്‍ ശക്തികളും ഹൈന്ദവ സംസ്‌കാരത്തെ രാഷ്ട്രീയം കളിച്ചു വികലമാക്കുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ മതേതര ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നവരും നാളിതുവരെ ഈ രാജ്യത്തിന്റെ മതേതര താത്പര്യങ്ങളെ സംരക്ഷിച്ചവരുമാണ്. അനേകം സംസ്‌കാര ധാരകളുടെ സംഗമസ്ഥാനമായും ആത്മീയമായ ഉത്ഥാനത്തിന്റെ കേന്ദ്രമായും ഇന്ത്യ കരുതപ്പെടുന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സഞ്ചാരികള്‍ വന്നിട്ടുള്ളത് സമാധാനം തേടിയാണ്. ഭൗതിക സമ്പത്തിന്റെ പിറകെ ഓടി മടുത്തവരും അധികാരത്തിന്റെ മത്ത് പിടിച്ച് ജീവിതം തുലച്ചവരും പാട്ടും കൂത്തും കുത്തഴിഞ്ഞ ജീവിതവും നല്‍കിയ മാനസിക സംഘര്‍ഷങ്ങളില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരുമൊക്കെ ഇന്ത്യയിലേക്ക് വരാറുണ്ട്. മഹര്‍ഷിമാരായ പലരും പാശ്ചാത്യ നാടുകളിലെ സ്ഥിരം സന്ദര്‍ശകരാണ്. ഇന്ത്യയിലെ ആള്‍ ദൈവങ്ങള്‍ക്ക് അനേക ലക്ഷം ആരാധകരും ഭക്തന്മാരും വിദേശത്തുണ്ട്. ആത്മീയതയുടെ ആസ്ഥാനവും തലസ്ഥാനവുമായ ഇന്ത്യയെ പണ്ടു മുതലേ ലോകം കണ്ടുതുടങ്ങിയത് വേദങ്ങളും ഉപനിഷത്തുകളും മനുഷ്യവംശത്തിനു പകര്‍ന്നുനല്‍കിയ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സര്‍വോപരി ആനന്ദത്തിന്റെയും ലഹരിയില്‍ നിന്നാണ്. അത് ഇന്നും തുടരുകയാണ്. വംശീയതയും വര്‍ഗീയതയും കൊണ്ട് തലക്ക് മത്ത് പിടിച്ചവരില്‍ നിന്ന് ആക്രമണോത്സുകതയും ഹിംസയും പഠിക്കാനാരും ഇവിടെ വരാറില്ല. അധികാര ദുര്‍മോഹികളും കച്ചവട താത്പര്യക്കാരും കടുത്ത വര്‍ഗീയവാദികളും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വക്താക്കളും ഹിറ്റ്‌ലറുടെ അനുയായികളുമാണ് ഇന്ത്യക്കാരെങ്കില്‍ പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് ഇവിടെ നിന്നൊന്നും കിട്ടാനില്ല. ഹിറ്റ്‌ലറും മുസ്സോൡിയും സ്റ്റാലിനും അവര്‍ക്ക് ഇതെല്ലാം ഇതിനേക്കാള്‍ നന്നായി പഠിപ്പിച്ചു കൊടുത്തിണ്ടുമുണ്ടല്ലോ. ഇന്ത്യ നാളിതുവരെ തുടര്‍ന്നു പോന്ന സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ നിന്നുള്ള വ്യക്തമായ വ്യതിയാനമാണ് മോഡിസം. അത് ഈ മഹത്തായ രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതുമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ, ഇരിക്കെ സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മോഡിയെ സ്വാഗതം ചെയ്തിരിക്കുന്നു. മോഡിയുടെ രാഷ്ട്രീയ നിലപാടുകളെ അദ്ദേഹം വെള്ളപൂശുന്നു. വംശീയ ഉന്‍മൂലന സിദ്ധാന്തത്തിന്റെ ഇന്ത്യന്‍ പ്രതീകമായ മോഡിയെന്ന ബാലഗോപാലനെ എണ്ണ തേപ്പിക്കുന്ന കൃഷ്ണയ്യര്‍, തന്റെ ഈ പ്രവൃത്തിയുടെ പ്രത്യാഘാതം മനസ്സിലാക്കാന്‍ സാധ്യമല്ലാത്ത ശാരീരികവും മാനസികവുമായ അവസ്ഥയിലായോ? മുമ്പും ഗുജറാത്ത് കൂട്ടക്കൊലയുടെ പാപക്കറയില്‍ മോഡി കുളിച്ചു നിന്ന സമയത്ത് എറണാകുളത്തെ തന്റെ വസതിയില്‍ മോഡിയെ സത്കരിച്ചത് ഇതേ കൃഷ്ണയ്യരാണ്. അന്നും ഈ ലേഖകന്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയിരുന്നു. കൃഷ്ണയ്യരെ പോലുള്ളവര്‍ക്ക് കാര്യമായ ജനസ്വാധീനമുള്ളതുകൊണ്ടോ അദ്ദേഹം പറഞ്ഞാല്‍ കേരളത്തില്‍ ആരെങ്കിലും അത് അനുസരിച്ചു കളയുമെന്ന ഭീതി മൂലമോ അല്ല ഇത് പറയുന്നത്. വാര്‍ധക്യസഹജമായ ഒരു ജല്‍പനമായി അതിനെ തള്ളിക്കളയാത്തത് ഇപ്പോഴും അദ്ദേഹത്തോടുള്ള ആദരവിന്റെ അവശിഷ്ടം മനസ്സിന്റെ ഏതോ മൂലയില്‍ ഉള്ളതുകൊണ്ടാണ്. “മോഡി ഗാന്ധിയനും സോഷ്യലിസ്റ്റു”മാണെന്ന കൃഷ്ണയ്യരുടെ കടുത്ത പ്രയോഗം കേട്ട് മോഡി തന്നെ ഞെട്ടിക്കാണണം. ഒരു പക്ഷേ ഈ രണ്ട് തൊപ്പിയും തനിക്ക് ചേരുകയില്ലെന്നറിയുന്നതിനാലും ചേരേണ്ടതില്ലെന്ന് ആഗ്രഹിക്കുന്നതിനാലും മോഡി ചിലപ്പോള്‍ ലജ്ജിതനായിക്കാണും. ഗാന്ധിസത്തിന്റെ പ്രതീകം നാഥുറാം ഗോഡ്‌സെയും സോഷ്യലിസത്തിന്റെ പ്രതീകം സ്റ്റാലിനുമാണെങ്കില്‍ ഏറെക്കുറെ തൊപ്പി മോഡിക്ക് ചേര്‍ന്നെന്നുവരും. കൃഷ്ണയ്യര്‍ പറയും വരെ താനിത്ര വലിയ മഹാത്മാവാണെന്ന് മോഡിയും കരുതിക്കാണില്ല. കേരളത്തിലെ മാധ്യമങ്ങള്‍ പോലും കൃഷ്ണയ്യരുടെ വെളിപാടുകളെ തള്ളിക്കളഞ്ഞ മട്ടാണ്. സരിതയുടെ ഡ്രൈവര്‍മാരുടെ വെളിപ്പെടുത്തലുകള്‍ വരെ ചാനലുകളിലെ ചര്‍ച്ചാ വിഷയയാക്കിയവര്‍ ഇതൊന്നും ചര്‍ച്ചയാക്കുന്നില്ല.
ഈ മാന്യദേഹം ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ കാവല്‍ക്കാരില്‍ ഒരാളായിരുന്നു. ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗവുമായിരുന്നു. റിട്ടയര്‍മെന്റിനു ശേഷം അത്യാവശ്യം ഉപദേശങ്ങള്‍ സൗജന്യമായി നല്‍കുന്ന പണിയാണേറ്റെടുത്തിട്ടുള്ളത്. ജമാഅത്തെ ഇസ്‌ലാമിക്കു വേണ്ടിയും ആര്‍ എസ് എസിനു വേണ്ടിയും മഅ്ദനിക്ക് വേണ്ടിയുമൊക്കെ ഒരേ സമയം സംസാരിച്ചു കൊണ്ട് അദ്ദേഹം “മതസൗഹാര്‍ദം” ഊട്ടിയുറപ്പിക്കാറുണ്ടായിരുന്നു. മോഡി ഭരണത്തിലേറിയാല്‍ ഇന്ത്യ വിടുമെന്ന് പ്രഖ്യാപിച്ച യു ആര്‍ അനന്തമൂര്‍ത്തിയുടെ നാടാണിത്. കൃഷ്ണയ്യര്‍ പറഞ്ഞാല്‍ പിന്നെ അത് സത്യമാകാതെ തരമില്ലെന്ന മട്ടിലാണ് പലരും അദ്ദേഹത്തെ കണ്ടിരുന്നത്. ഇന്ത്യയുടെ ഭരണഘടന കലക്കിക്കുടിച്ച ഒരു പഴയ ന്യായാധിപനോട് ദേശീയ ലക്ഷ്യങ്ങളെക്കുറിച്ചും ആ മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യ സങ്കല്‍പ്പങ്ങളെക്കുറിച്ചും വിളമ്പുന്നത് ശരിയല്ലല്ലോ. അദ്ദേഹം അറിയപ്പെടുന്നത് ജസ്റ്റിസ് എന്ന അപരനാമത്തിലുമാണല്ലോ.
മോഡി ഗാന്ധിയനും സോഷ്യലിസ്റ്റുമാണെന്ന പ്രഖ്യാപനത്തോടെ നാമെല്ലാം തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ഗാന്ധിസം എന്താണെന്ന് വീണ്ടും പഠിക്കേണ്ടുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്. ഗാന്ധിജിയും ഗോഡ്‌സെയും കൃഷ്ണയ്യര്‍ക്ക് ഒരുപോലെയാണത്രെ. ഗാന്ധിജിയുടെ ജന്മദേശത്തു നിന്നു വന്ന മോഡി, ഗാന്ധിസത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും തറക്കാനാണ് നടക്കുന്നത്. അങ്ങനെയിരിക്കെ, മോഡി ഗാന്ധിയനാണത്രെ. അതുപോകട്ടെയെന്നുവെക്കാം. സോഷ്യലിസവും മോഡിയില്‍ അന്തര്‍ലീനമാണെന്ന് സാമി പറഞ്ഞുകഴിഞ്ഞു. അപ്പോള്‍ ഇത്തരം സോഷ്യലിസത്തില്‍ വിശ്വസിച്ചു കൊണ്ടാണോ ഇ എം എസിനോടൊപ്പം ഇതിയാന്‍ രാജ്യം ഭരിച്ചത്. പഴയ കമ്യൂണിസ്റ്റ് നേതാവായ അദ്ദേഹത്തിന് സോഷ്യലിസത്തെക്കുറിച്ചും നല്ല പിടിയാണെന്ന് മനസ്സിലായി. ഗാന്ധിയന്‍ സിദ്ധാന്തങ്ങളോ മാര്‍ക്‌സിയന്‍ -സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളോ കഷായത്തില്‍ ചേര്‍ക്കാനെങ്കിലും തലച്ചോറില്‍ പറ്റിപ്പിടിച്ചുകിടപ്പുള്ള ഒരുത്തനും മോഡി അതു രണ്ടുമാണെന്ന് പുറത്തുപറയില്ല.
മോഡി വ്യക്തിപരമായി നല്ലവനോ ചീത്തയോ എന്നതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം അദ്ദേഹത്തിന്റെ മുന്‍കാല ചര്യകളും നയനിലപാടുകളുമാണ്. ഒരു ഭരണാധികാരി എന്ന നിലയിലും ജനനേതാവ് എന്ന നിലയിലും അദ്ദേഹം കൈക്കൊണ്ട നടപടികളാണ് നമ്മെ അസ്വസ്ഥരാക്കുന്നത്. അനന്തമൂര്‍ത്തിയെ പോലൊരു ബുദ്ധിജീവിയും സാംസ്‌കാരിക നായകനുമായ മഹദ്‌വ്യക്തിയുടെ നിരീക്ഷണവും കൃഷ്ണയ്യരുടെ വീക്ഷണവും തമ്മിലുള്ള അന്തരം തന്നെ ചിന്തനീയമാണ്. ഇന്ത്യയിലെ അധികമാളുകള്‍ക്കും മൂര്‍ത്തിയെപ്പോലെ നാടുവിട്ടുപോകാനാകില്ലല്ലോ. ഇവിടെത്തന്നെ കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതരായ ഒരു ശരാശരി ഇന്ത്യന്‍ പൗരന്റെ ദുഃഖമാണ് നമ്മെ വേട്ടയാടുന്നത്. മോഡിയുടെ ഭരണം വന്നാല്‍ രാജ്യം വിടുമെന്ന് അനന്തമൂര്‍ത്തി പറഞ്ഞത്, ഒരു പ്രതിഷേധമെന്ന നിലയിലാണ്. ആ ഭരണം ഭയാനകമായിരിക്കുമെന്ന് സൂചനയാണ് അതില്‍ അടങ്ങിയിട്ടുള്ളത്. അല്ലാതെ നാടുവിടുകയെന്നതല്ല അനന്തമൂര്‍ത്തിയുടെ ലക്ഷ്യം.
ഒരു നല്ല ഹിന്ദുവും ദൈവഭക്തനുമായി ജീവിച്ച ഗാന്ധിജി എല്ലാ മതസിദ്ധാന്തങ്ങളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു. സത്യവും അഹിംസയും അദ്ദേഹം തന്റെ ജീവിതത്തിലൂടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തു. ഹിന്ദുവും മുസല്‍മാനും പരസ്പരം ആക്ഷേപിക്കുന്നതോ കലഹിക്കുന്നതോ അദ്ദേഹം സഹിച്ചില്ല. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ രാജ്യം മുഴുവന്‍ ആഘോഷത്തിമര്‍പ്പിലായി. എങ്കിലും വര്‍ഗീയ കലാപങ്ങളും ചോരപ്പുഴകളും നീന്തിക്കടക്കേണ്ടി വന്നു. ഗാന്ധിജി തന്റെ ജീവന്‍പോലും തൃണവല്‍ഗണിച്ച് ഹിന്ദു മുസ്‌ലിം സഹോദരന്‍മാരുടെയിടയില്‍ സമാധാനം സ്ഥാപിക്കാന്‍ കലാപ ഭൂമിയില്‍ ഏകനായി സഞ്ചരിച്ചു. ഇന്ത്യയും പാക്കിസ്ഥാനും രണ്ട് രാജ്യങ്ങളായി മാറിയപ്പോള്‍ ധാരണ പ്രകാരം പാക്കിസ്ഥാന്‍കാര്‍ക്ക് ഇന്ത്യയില്‍ നിന്നു കൊടുക്കാനുണ്ടായിരുന്ന പണം അവര്‍ക്കു കൊടുത്തുവീട്ടുംവരെ ഗാന്ധിജി ഉപവസിച്ചു. സത്യം മാത്രമാണ് ഈശ്വരന്‍ എന്നു കരുതി തന്റെ സര്‍വസ്വവും രാജ്യത്തിനും ജനങ്ങള്‍ക്കും നന്‍മക്കും വേണ്ടി ചെലവഴിച്ച ആ മഹാത്മാഗാന്ധിയുടെ സിദ്ധാന്തങ്ങളാണ് മോഡി വിശ്വസിക്കുന്നതെന്ന് പറയുന്ന കൃഷ്ണയ്യര്‍ക്ക് ദൈവം പൊറുത്തുകൊടുക്കട്ടെ. മനുഷ്യര്‍ക്കിടയില്‍ തുല്യതയും നീതിയും എല്ലാ രംഗങ്ങളിലും സ്ഥാപിതമാകണമെന്ന സോഷ്യലിസ്റ്റ് സങ്കല്‍പമാണ് മോഡിയുടെതെന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുക? മാനവതയുടെ സമത്വമാണ് സോഷ്യലിസമെങ്കില്‍ ആ സിദ്ധാന്തത്തിന്റെ മുഖ്യ ശത്രുക്കളില്‍ ഒരാള്‍ മോഡിയാണ്.
കൃഷ്ണയ്യരെ പോലുള്ള ഒരാള്‍ക്ക് ഗാന്ധിസവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയും അറിഞ്ഞുകൂടാ എന്നു പറയുന്നത് കടുത്ത ധിക്കാരമാകും. പക്ഷേ, അവ അദ്ദേഹം മറന്നുപോയോ എന്ന് ചോദിക്കുന്നത് മര്യാദകേടാകില്ലെന്നു കരുതട്ടെ. ഗുജറാത്ത് വികസനനായകനെന്ന പേരില്‍ ഊതി വീര്‍പ്പിച്ച ബലൂണിന്റെയും കാറ്റുപോയല്ലോ. ജസ്റ്റിസ് കൃഷ്ണയ്യര്‍ ഇപ്പോള്‍ ഇന്‍ജസ്റ്റിസ് കൃഷ്ണയ്യരായോ?

knakadar@gmail.com