Connect with us

National

മോഡിക്കെതിരെ വിശാല സഖ്യത്തിന് ഇടതുപക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിക്കെതിരെ രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ സംഘടനകളെ ഉള്‍പ്പെടുത്തി വിശാല സഖ്യം രൂപവത്കരിക്കുമെന്ന് ഇടതുപക്ഷം. എന്നാല്‍ കോണ്‍ഗ്രസിനെ ഇതില്‍ ഉള്‍പ്പെടുത്തില്ല. ഇക്കാര്യത്തില്‍ വിശദമായ രൂപരേഖ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് ഇടതു കക്ഷികള്‍ വ്യക്തമാക്കി.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചതോടെ ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ ശത്രു സ്ഥാനത്ത് നിര്‍ത്തുന്നതില്‍ അയവ് വരുത്തുന്നുവെന്നതിന്റെ തെളിവാണ് ഈ വിശാല സഖ്യത്തിനുള്ള ആഹ്വാനം. സി പി എം പ്രസിദ്ധീകരണമായ പീപ്പിള്‍സ് ഡെമോക്രസിന്റെ മുഖപ്രസംഗത്തിലാണ് കോണ്‍ഗ്രസിനോടുള്ള മൃദു സമീപനം വ്യക്തമാക്കുന്ന പരാമര്‍ശമുള്ളത്.
രാജ്യത്തിന്റെ മതേതര ബഹുസ്വര സ്വഭാവം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഒന്നിക്കേണ്ട സമയമാണിതെന്ന് സീതാറാം യെച്ചൂരി മുഖപ്രസംഗത്തില്‍ പറയുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ ഗുരുതരമായ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബി ജെ പിയും ആര്‍ എസ് എസും പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന് വ്യക്തമായിരിക്കുന്നു. ഈ ഘട്ടത്തില്‍ ഈ നീക്കം നേരിടാന്‍ വിശാലമായ സഖ്യം വേണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
രാജ്യത്തിന്റെ ബഹുസ്വരത, ഐക്യം, അഖണ്ഡത തുടങ്ങിയവ കാത്തുസൂക്ഷിക്കാന്‍ മുഴുവന്‍ വിഭാഗം ജനങ്ങളും ഉള്‍പ്പെടുന്ന പോരാട്ടം നടക്കണമെന്നും മുഖപ്രസംഗം ആഹ്വാനം ചെയ്യുന്നു.