Connect with us

Malappuram

ജില്ലയില്‍ കോണ്‍ഗ്രസ്- ലീഗ് വാക്‌പോര് തെരുവ് യുദ്ധത്തിലേക്ക്

Published

|

Last Updated

കല്‍പകഞ്ചേരി: യു ഡി എഫ് മുന്നണിയിലെ പ്രധാന ഘടക കക്ഷികളായ മുസ്‌ലിം ലീഗിന്റയും കോണ്‍ഗ്രസിന്റയും നേതാക്കള്‍ തമ്മിലുള്ള വാക് പോര് ജില്ലയില്‍ തെരുവ് യുദ്ധത്തിലേക്ക് വഴി മാറുന്നു. സ്വന്തം പാര്‍ട്ടിക്കാരെ പ്രകീര്‍ത്തിച്ചും എതിര്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങള്‍ മുഴക്കി തെരുവില്‍ പ്രകടനം നടത്തുന്നതാണ് സംഘര്‍ഷത്തിന് വഴിവെക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതേ ചൊല്ലി കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു. കോട്ടക്കല്‍ ടൗണിലും എടരിക്കോടുമായിരുന്നു പ്രതിഷേധ പ്രകടനത്തിനിടെ ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. നേതാക്കളുടെ പ്രസ്ഥാവനകള്‍ പുറത്ത് വരുന്നതോടെ ഇതിന് അനുകൂലമായും പ്രതികൂലിച്ചും കൊടിയുമേന്തി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്നത് സംഘര്‍ഷത്തില്‍ കലാശിക്കുകയാണ്. ജില്ലയിലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീഗിലെ ഒരു എം പിക്കെതിരെ നടത്തിയ വര്‍ഗീയപരമായ പ്രസ്താവനക്കെതിരെയാണ് ഈയ്യിടെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ കടുത്ത രീതിയിലുള്ള മുദ്രാവാക്യങ്ങളുമായി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിന് പ്രതികരണമെന്നോണം ലീഗ് നേതാക്കള്‍ക്കെതിരെയും ഇത്തരം രീതിയിലുള്ള മുദ്രാവാക്യം വിളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രകടനം നടത്തിയിരുന്നു. ഈ രണ്ട് പാര്‍ട്ടികളുടെയും പ്രകടനങ്ങള്‍ ഒരേ സ്ഥലത്ത് ഒരു സമയത്ത് എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് ഒരു പാര്‍ട്ടിയുടെ പ്രകടനം എതിര്‍ പാര്‍ട്ടിക്കാര്‍ കൈയേറുന്നതോടെ പ്രവര്‍ത്തകര്‍ തമ്മിലുണ്ടാകുന്ന കയ്യാങ്കളി സംഘര്‍ഷത്തിലാണ് അവസാനിക്കുന്നത്.

Latest