Connect with us

Education

വണ്ടൂരില്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരങ്ങളില്ല: പത്ത് കഴിഞ്ഞാല്‍ പെരുവഴി ശരണം

Published

|

Last Updated

ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസ പരമായി മുന്നേറാന്‍ കഴിയാത്ത മേഖലയിലാണ് ജില്ലയുടെ കിഴക്കന്‍ മലയോര മേഖല. ജില്ലയുടെ പകുതിയോളം വരുന്ന കിഴക്കന്‍ മലയോര മേഖലയിലെ പ്രദേശങ്ങള്‍ക്ക് കാലാനുസൃതമായ മുന്നേറ്റം വിദ്യാഭ്യാസ രംഗത്ത് ഇനിയുമുണ്ടായിട്ടില്ല. വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പ്രദേശങ്ങളാണ് ഇത്തരത്തില്‍ ഏറെ അവഗണിക്കപ്പെട്ടത്. നിലമ്പൂര്‍ താലൂക്കിലെ ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂര്‍, തിരുവാലി, തുവ്വൂര്‍, വണ്ടൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് വണ്ടൂര്‍ നിയമസഭാമണ്ഡലം. വണ്ടൂരില്‍ ഇന്ന് കാണുന്ന വികസനങ്ങളിലേറെയും ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയതാണ്. 1891 മേയ് 11-ാം തീയതി ബ്രിട്ടീഷുകാര്‍ വണ്ടൂരില്‍ ആരംഭിച്ച പോലീസ് സ്്‌റ്റേഷന്‍, ടൂറിസ്റ്റ് ബംഗ്ലാവ്, വാണിയമ്പലം റെയില്‍വേ സ്റ്റേഷന്‍, റവ.ഓട്ടന്‍സായിപ്പ് വണ്ടൂരില്‍ ആരംഭിച്ച സ്‌കൂള്‍ തുടങ്ങിയവ ഇതിനുദാഹണങ്ങളാണ്. എന്നാല്‍ പിന്നീട് വന്ന ഭരണാധികാരികളുടെ പ്രവര്‍ത്തനഫലമായി ഹൈസ്‌കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ തുടങ്ങി അടുത്തകാലത്തായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒതുങ്ങുന്നതാണ് ഇവിടത്തെ വിദ്യാഭ്യാസ പുരോഗതി. എന്നാല്‍ വണ്ടൂര്‍, നിലമ്പൂര്‍ നിയോജക മണ്ഡലങ്ങളിലായി ഒരു സര്‍ക്കാര്‍ കോളജ് ഇതുവരെ ആരംഭിക്കാനായിട്ടില്ല. വണ്ടൂര്‍ മണ്ഡലത്തിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ കുറിച്ച് സിറാജ് പ്രതിനിധി അക്ബറലി ചാരങ്കാവ് തയ്യാറാക്കിയ പരമ്പര ഇന്ന് മുതല്‍.

വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ല നേടിയെടുത്ത അത്ഭുതാവഹമായ മുന്നേറ്റം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊളത്തൂരില്‍ മങ്കട ഗവ. കോളജ് ഉദ്ഘാടനം ചെയ്ത് പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസ പരമായ മുന്നേറ്റത്തില്‍ ആത്മവിശ്വാസം കുറഞ്ഞ ഒരു മേഖലയുണ്ട് ജില്ലയില്‍. ജില്ലയുടെ കിഴക്കന്‍ മലയോര മേഖല. ഒരു സര്‍ക്കാര്‍ കോളജോ തൊഴിലധിഷ്ഠിത സ്ഥാപനങ്ങളോ പ്രഫഷണല്‍ കോളജ് എന്ന സ്വപ്‌നം പോലും ഇല്ലാത്ത ഇല്ലായ്മകളുടെ കുറെ കണക്കുകള്‍ പറയുന്നത് വണ്ടൂര്‍ നിയോജക മണ്ഡലമാണ്.
ഹയര്‍സെക്കന്‍ഡറി പഠനത്തിനായി 31 സ്‌കൂളുകളാണ് വണ്ടൂര്‍ ഉപജില്ലയിലുള്ളത്. സര്‍ക്കാര്‍, എയിഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ – പതിനൊന്ന്, മലയാളം അണ്‍ എയിഡഡ് സ്‌കൂളുകള്‍-പത്ത്, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ -പത്ത് എന്നിങ്ങനെയാണ് കണക്കുകള്‍. ഇവിടങ്ങളിലായി ആറായിരത്തോളം വിദ്യാര്‍ഥികള്‍ പ്രതിവര്‍ഷം ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയിറങ്ങുന്നു. പതിനൊന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നായി 3,300 ലേറെ വിദ്യാര്‍ഥികളാണ് പ്ലസ് ടു പഠനം കഴിഞ്ഞിറങ്ങുന്നത്. അണ്‍എയിഡഡ് സ്‌കൂളുകളിലായി പഠനം കഴിഞ്ഞിറങ്ങുന്നവരും ഏറെ. എന്നാല്‍ ഇതില്‍ പരമാവധി 300 പേര്‍ക്ക് മാത്രമാണ് ഉപരിപഠനം നടത്താന്‍ ബിരുദ സീറ്റുകളുള്ളത്. കോഴിക്കോട് സര്‍വകലാശാലക്കു കീഴില്‍ സര്‍ക്കാര്‍, എയ്ഡഡ്, ഐ എച്ച് ആര്‍ ഡി കോളജുകള്‍ എന്നിങ്ങനെയായി 87 എണ്ണമുണ്ടെങ്കിലും വണ്ടൂര്‍ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ ആകെയുള്ളത് ഒന്നുമാത്രം. മമ്പാട് പ്രവര്‍ത്തിക്കുന്ന എം ഇ എസ് കോളജ് മാത്രമാണ് ഈ കോളജാണ് നിയോജക മണ്ഡലത്തിലുള്ള ഏക കോളജ്. ഇത് എയിഡഡ് കോളജായതിനാല്‍ പകുതി സീറ്റില്‍ മാത്രമെ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം സാധ്യമാകൂ. ബി എസ് സി കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സുവോളജി, ബോട്ടണി, ബി എ ഹിസ്റ്ററി, ഇക്കണോമിക്‌സ്, മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. ഇതില്‍ പരമാവധി 300 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നേടാനാവുക. അവശേഷിക്കുന്ന സീറ്റുകളില്‍ മാനേജ്‌മെന്റ് സീറ്റായതിനാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് പ്രവേശനം അസാധ്യമാണ്.

പ്ലസ്ടു കഴിഞ്ഞ അവശേഷിക്കുന്ന 5700 ഓളം വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം നടത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇല്ലാത്തതിനാല്‍ വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഭാവി കരുപിടിപ്പിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. വിവിധ സര്‍ക്കാറുകള്‍ മാറി ഭരണം നടത്തിയിട്ടും നിയോജക മണ്ഡലത്തില്‍ നിന്ന് വിജയിച്ച എംഎല്‍എമാര്‍ മന്ത്രിമാരായിട്ടും ഉന്നതവിദ്യാഭ്യാസ സൗകര്യമുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനവും നിയോജക മണ്ഡലത്തില്‍ ഇതുവരെ ആയിട്ടില്ല. മമ്പാട് എംഇഎസ് കോളജ് ഒഴിച്ചാല്‍ ബിരുദ പഠനത്തിനോ ബിരുദാന്തര പഠനത്തിനോ സര്‍ക്കാര്‍ മേഖലയില്‍ കോളജുകളില്ലാത്തവസ്ഥയാണ്.

കരുവാരക്കുണ്ട്, പത്തിരിയാല്‍, എളങ്കൂര്‍,വെള്ളാമ്പുറം, എടവണ്ണ എന്നിവിടങ്ങളില്‍ ഓരോ സ്വാശ്രയ സ്ഥാപനങ്ങളുണ്ടെങ്കിലും പണമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സൗകര്യമില്ല.ഓരോ ആറ് മാസത്തെയും സെമസ്റ്ററിന് 5500 രൂപവരെയാണ് പല സ്വാശ്രയ കോളജുകളും ഫീസ് ഈടാക്കുന്നത്. ബിരുദ തലത്തിന് ശേഷമുള്ള ബിരുദാനന്തര കോഴ്‌സുകളുള്ള സ്ഥാപനങ്ങളുടെ അഭാവവും ഉന്നതവിദ്യാഭ്യാസ കാര്യത്തില്‍ മലയോര മേഖലയെ പിന്നോട്ടടിക്കുന്നതിന് കാരണമാകുന്നു. കിഴക്കന്‍ മലയോര മേഖലയായ കാളികാവ്, കരുവാരക്കുണ്ട്, ചോക്കാട്, തുവ്വൂര്‍, മമ്പാട്, പോരൂര്‍, തിരുവാലി തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം നടത്താന്‍ കഴിയാത്തതിനാല്‍ പലരും പ്ലസ് ടു വിന് ശേഷം പഠനം അവസാനിപ്പിക്കുന്ന പ്രവണതയാണുള്ളത്. നിലമ്പൂര്‍,വണ്ടൂര്‍ നിയോജക മണ്ഡലങ്ങളില്‍ എന്‍ിനീയറിംഗ് കോളജുകള്‍ പേരിനുപോലുമില്ല. വിദ്യാഭ്യാസ മേഖലയില്‍ വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ അങ്കന്‍വാടികള്‍ മാത്രമാണ് കൂടുതലായുള്ളത്. മതിയായ സീറ്റുകളില്ലാത്തതിനാല്‍ കോളജുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയാതെ ഓരോ വര്‍ഷവും മുപ്പതിനായിരത്തോളം കുട്ടികളെങ്കിലും ജില്ലയില്‍ നിന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തെ ആശ്രയിക്കുമ്പോള്‍ അതില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വണ്ടൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്‍പ്പെടുന്നത്.
നാളെ:  പേരിനുമില്ല തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍