Connect with us

Gulf

നിക്ഷേപം: ലോക നഗരങ്ങളില്‍ ദുബൈക്ക് ഒന്നാം സ്ഥാനം; തൊട്ടുപിന്നില്‍ അബുദാബി

Published

|

Last Updated

ദുബൈ: ലോകത്തില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും പറ്റിയ നഗരം ദുബൈയെന്ന് സര്‍വേ. രണ്ടാമതായി അബുദാബിയും പട്ടികയില്‍ ഇടംപിടിച്ചു. രണ്ട് നഗരങ്ങളുടെയും ഖ്യാതിയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്നും 18,000 ആളുകളില്‍ നിന്നും പ്രതികരണം ശേഖരിച്ച് റെപ്യൂട്ടേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട സര്‍വേ ഫലം വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് സര്‍വേ നടത്തിയത്.
വേള്‍ഡ് എക്‌സ്‌പോ 2020നായി അരയും തലയും മുറുക്കി മത്സരിക്കുന്ന നഗരത്തെ സംബന്ധിച്ചിടത്തോളം സര്‍വേ ഫലം ക്രിയാത്മകമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ മുന്‍നിര നഗരങ്ങളായ സൂറിച്ച്, ജനീവ, ന്യൂയോര്‍ക്ക് എന്നിവയെ പിന്തള്ളിയാണ് ദുബൈ ഈ നേട്ടത്തിന് അര്‍ഹമായിരിക്കുന്നത്. വ്യവസായിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജി എട്ട് രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.
സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന നഗരം, നിക്ഷേപിക്കാനും ജീവിക്കാനും ജോലി ചെയ്യാനും ഇഷ്ടപ്പെടുന്ന നഗരം എന്നിങ്ങിനെയുള്ള ചോദ്യാവലികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍വേ. ലോകത്തിലെ ഏറ്റവും ഖ്യാതിയുള്ള നഗരമെന്ന പദവിക്ക് വാന്‍കൂവര്‍ അര്‍ഹമായി.
ലോകത്തിലെ ഏത് നഗരത്തില്‍ നിന്നും വസ്തുക്കള്‍ വാങ്ങാനാണ് ഇഷ്ടപ്പെടുന്നതെന്ന ചോദ്യവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 2012 സിറ്റി റെപ് ട്രാക്കിന്റെ ഭാഗമായായിരുന്നു സര്‍വേ നടന്നത്. ലോകത്തില്‍ ഷോപ്പിംഗിനായി ആളുകള്‍ ഏറ്റവും അധികം പരിഗണന നല്‍കുന്ന നഗരമായി ടോക്കിയോയും മ്യൂണിക്കും പട്ടികയില്‍ ഇടം നേടി. ലോകത്തിലെ വമ്പന്‍ നഗരങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ മൊത്തം നിലവാരം പരിശോധിച്ചാല്‍ 47ാം സ്ഥാനത്താണ് ദുബൈ. അബുദാബിയുടെ സ്ഥാനം 61 ആണ്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു ഓണ്‍ലൈന്‍ സര്‍വേ നടത്തിയത്. 2013ലെ രാജ്യങ്ങളെക്കുറിച്ചുള്ള റെപ് ട്രാക്ക് റിപോര്‍ട്ടില്‍ യു എ ഇ 31ാം സ്ഥാനത്താണ്. ചൈന, റഷ്യ, സൗത്ത് കൊറിയ, ഗ്രീസ്, തുര്‍ക്കി എന്നിവയെ പിന്നിലാക്കിയാണ് രാജ്യം പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും ഖ്യാതിയുള്ള രാജ്യമെന്ന പദവി കാനഡ നിലനിര്‍ത്തി. സ്വീഡണ്‍, സ്വിറ്റ്‌സര്‍ലണ്ട്, ഓസ്‌ട്രേലിയ, നോര്‍വേ എന്നിവയാണ് രണ്ട് മുതല്‍ അഞ്ചു വരെ സ്ഥാനത്ത്.

 

Latest