Connect with us

Gulf

റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ഒരൊറ്റ ദിവസം നടന്നത് 500 കോടിയുടെ ഇടപാട്‌

Published

|

Last Updated

ദുബൈ: മാന്ദ്യത്തിന്റെ ദിനങ്ങള്‍ അതിജീവിച്ച് സര്‍വ മേഖലയിലും പുരോഗതി ദൃശ്യമാക്കുന്ന നഗരത്തില്‍ ഒരൊറ്റ ദിനത്തില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നടന്നത് 500 കോടിയുടെ ഇടപാടുകള്‍. ഈ മാസം ആറിന് വസ്തു രജിസ്‌ട്രേഷന് ഫീസ് ഇരട്ടിയായി വര്‍ധിക്കുന്നതാണ്, വസ്തു രജിസ്റ്റര്‍ ചെയ്യുന്നതില്‍ സര്‍വകാല റെക്കോര്‍ഡിന് ഇടയാക്കിയത്.

ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റാണ് വസ്തു കൈമാറ്റങ്ങള്‍ക്ക് നിലവിലെ രണ്ട് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി ഫീസ് ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഈ ഉത്തരവ് ആറിന് നടപ്പാക്കിത്തുടങ്ങും. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് വസ്തു ഇടപാട് നടത്തുന്നവര്‍ തിരക്കിട്ട് രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളെ സമീപിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഫീസ് ഇരട്ടിയായി വര്‍ധിപ്പിക്കുന്നതായി ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് വന്ന വെള്ളിയും ശനിയും അവധിയായതിനാല്‍ രജിസ്‌ട്രേഷന്‍ നടപടി സാധ്യമായില്ല. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച ഓഫീസ് തുറന്നപ്പോഴാണ് റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നിന്നും വസ്തു രജിസ്റ്റര്‍ ചെയ്യാന്‍ ഏജന്റുമാരും ഇടപാടുകാരും ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഓഫീസുകളിലേക്ക് ഇരച്ചുകയറിയത്. ഇതോടെ ഞായറാഴ്ച ഒരൊറ്റ ദിവസം മാത്രം 510 കോടി ദിര്‍ഹത്തിന്റെ വസ്തു രജിസ്‌ട്രേഷന്‍ നടക്കുകയായിരുന്നു. ദുബൈയുടെ ചരിത്രത്തില്‍ ഒരുകാലത്തും ഇത്രയും ഭീമമായ തുകയുടെ രജിസ്‌ട്രേഷന്‍ ഒരു ദിവസം നടന്നിട്ടില്ല.
ഊഹക്കച്ചവടം ഉള്‍പ്പെടെയുള്ളവക്ക് തടയിടല്‍ ലക്ഷ്യമിട്ടാണ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ ഭരണകൂടം നടപടി സ്വീകരിച്ചത്.
വ്യവസായ മേഖലയും വെയര്‍ഹൗസ് മേഖലയും ഒഴികെയുള്ള എല്ലാവിധ വസ്തു രജിസ്‌ട്രേഷനും ആറ് മുതല്‍ മൊത്തം മൂല്യത്തിന്റെ നാല് ശതമാനം രജിസ്‌ട്രേഷന്‍ ഫീസായി നല്‍കേണ്ടി വരും. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കലും ഓഫീസുകളില്‍ ഇതുപോലുള്ള തിരക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
അഞ്ച് വരെയുള്ള വരും ദിവസങ്ങളിലും ലാന്റ് ഡിപ്പാര്‍ട്ട്‌മെന്റ്‌മെന്റില്‍ തിരക്കിന് കുറവുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. ഞായറാഴ്ചയും തിങ്കളാഴ്ചയും മാത്രം 600 കോടിക്ക് മുകളിലാണ് ഇടപാട് നടന്നത്. ഇതിലൂടെ ആറ് കോടി ദിര്‍ഹത്തോളം റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിച്ചവര്‍ക്ക് ലാഭിക്കാന്‍ കഴിഞ്ഞെന്നാണ് ഏകദേശ കണക്ക്.

Latest