Connect with us

National

ബി ജെ പി റാലിയില്‍ പണം നല്‍കി മുസ്‌ലിംകളെ കൂട്ടി

Published

|

Last Updated

BJPrally542ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയിലെ ജപ്പാനീസ് പാര്‍ക്കില്‍ നടന്ന നരേന്ദ്ര മോഡിയുടെ റാലിക്ക് വേണ്ടി പണം നല്‍കി ആളെക്കൂട്ടിയെന്ന് വെളിപ്പെടുത്തല്‍. സ്വകാര്യ വാര്‍ത്താ ചാനലാണ് ഇക്കാര്യം ഒളിക്യാമറയിലൂടെ പുറത്തു കൊണ്ടുവന്നത്. മുസ്‌ലിംകളെ പണം നല്‍കി റാലിക്ക് എത്തിക്കുന്നതിനെ സംബന്ധിച്ച് ശഹ്ദാര, മയൂര്‍ വിഹാര്‍, ന്യൂഡല്‍ഹി ജില്ലകളിലെ ബി ജെ പി ന്യൂനപക്ഷ സെല്‍ പ്രസിഡന്റുമാര്‍ ചര്‍ച്ച ചെയ്യുന്നതാണ് ഒളിക്യാമറയില്‍ പകര്‍ത്തിയത്. ഇതിനായി ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരും ചാനല്‍ പ്രവര്‍ത്തകരുമാണ് ആളുകളെ എത്തിക്കാനുള്ള ഏജന്റുമാരായത്.
ഹിന്ദുക്കളെ മുസ്‌ലിംകളെ പോലെ തോന്നിപ്പിക്കുന്ന രീതിയില്‍ നേരത്തെ റാലിക്കെത്തിച്ചിരുന്നുവെന്നും ദൃശ്യങ്ങളില്‍ ഇവര്‍ പറയുന്നുണ്ട്. റാലിക്ക് ആളുകള്‍ സജ്ജരായിട്ടുണ്ടെന്നും ഇനിയാവശ്യമില്ലെന്നും ഒരാള്‍ പറയുന്നതായി ദൃശ്യങ്ങളില്‍ ഉണ്ട്. ഡല്‍ഹി റാലിയില്‍ നാല് ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് ബി ജെ പിയുടെ അവകാശവാദം.
അതേസമയം, ഒളിക്യാമറയില്‍ പാര്‍ട്ടിക്ക് ദോഷമുള്ള ഒന്നും ഇല്ലെന്ന് ഡല്‍ഹി ബി ജെ പി പ്രസിഡന്റ് വിജയ് ഗോയല്‍ അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ അനുകമ്പ പിടിച്ചുപറ്റാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ഡല്‍ഹി പി സി സി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര കുമാര്‍ കൊച്ചാര്‍ പറഞ്ഞു.
ബി ജെ പി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡിയുടെ റാലി വിജയമാക്കാന്‍ രണ്ടായിരം വളണ്ടിയര്‍മാരെ റാലി നടന്ന റോഹിണിയില്‍ നിയോഗിച്ചിരുന്നു. എല്‍ ഇ ഡി സ്‌ക്രീനുകളും സി സി ടി വി ക്യാമറകളും, ബാനറുകളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിരുന്നു.സുരക്ഷാ ക്യാമറകളോടൊപ്പം നൂറുകണക്കിന് സ്വകാര്യ ഗാര്‍ഡുമാരെയും നിയോഗിച്ചു.