Connect with us

International

ബുദ്ധ തീവ്രവാദ ആക്രമണം രൂക്ഷം: മ്യാന്‍മറില്‍ കൂട്ടപലായനം

Published

|

Last Updated

യാംഗൂണ്‍: പശ്ചിമ മ്യാന്‍മറിലെ റാഖിനെയില്‍ ബുദ്ധാക്രമണം രൂക്ഷം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. കൊല്ലപ്പെട്ടവരില്‍ 94 വയസ്സുകാരിയും ഉള്‍പ്പെടും. മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ച് റാഖിനെയിലെ തന്‍ദ്വയിലാണ് വര്‍ഗീയവാദികളുടെ ആക്രമണം നടക്കുന്നത്. ആക്രമണം വ്യാപിച്ചതോടെ പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് മുസ്‌ലിംകള്‍ അഭയം തേടി സമീപത്തെ കാടുകളിലേക്കും മറ്റും പലായനം ചെയ്തതായി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തെ നൂറു കണക്കിന് വീടുകളും കടകളും അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. മ്യാന്‍മര്‍ പ്രസിഡന്റ് തെയ്ന്‍ സെയ്‌നിന്റെ റാഖിനെ സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന ആക്രമണം നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പോലീസിനും സാധിച്ചിട്ടില്ല.
അതിനിടെ, സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രസിഡന്റ് തന്‍ദ്വായിലെത്തി ബുദ്ധ, മുസ്‌ലിം മതനേതാക്കളുമായും രാഷ്ട്രീയ പ്രതിനിധികളുമായും ചര്‍ച്ച നടത്തി. ആക്രമണം വ്യാപിക്കുന്നതില്‍ ശക്തമായ ഉത്കണ്ഠ അറിയിച്ച അദ്ദേഹം ആക്രമണം അവസാനിപ്പിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ആക്രമണം തടയുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സെയ്ന്‍ കുറ്റപ്പെടുത്തി. എന്നാല്‍, വര്‍ഗീയ കലാപങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ മതവിഭാഗങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കപ്പെടണമെന്നും അതിന് വേണ്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ മ്യാന്‍മര്‍ പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, തന്‍ദ്വയില്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയ കെട്ടിടങ്ങളില്‍ പള്ളികളും മതസ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. പോലീസും സൈന്യവും നോക്കി നില്‍ക്കെയാണ് ബുദ്ധ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.

Latest