Connect with us

Kerala

ആദിവാസി മേഖലകളിലേക്കും കുടുംബശ്രീ പദ്ധതി വ്യാപിപ്പിക്കുന്നു

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ഇനി കുടുംബശ്രീയുടെ സജീവ സാന്നിധ്യവും. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആദിവാസി കുടുംബങ്ങളെ ദുരിതക്കയത്തില്‍ നിന്ന് കരകയറ്റാനാണ് പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന കുടുംബശ്രീ മിഷന്‍ പുതിയ പദ്ധതികളുമായി രംഗത്തെത്തുന്നത്. ആദിവാസി ഊരുകളിലെ സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വെച്ചാണ് കുടുംബശ്രീ മിഷന്‍ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് സ്ഥിര വരുമാനമുണ്ടാകുന്ന തൊഴില്‍ സമ്പ്രദായങ്ങള്‍ തുടങ്ങിയവക്കാണ് പദ്ധതി ഊന്നല്‍ നല്‍കുന്നത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങി നാല് ജില്ലകളിലാണ് ആദ്യഘട്ടം ആദിവാസി ഊരുകളിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക. ഇതിനായി ഓരോ ജില്ലയിലെയും ആദിവാസി മേഖലകളില്‍ നിന്ന് എസ് എസ് എല്‍ സി വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകളെ സന്നദ്ധ സേവകരായി തിരഞ്ഞെടുത്ത് സര്‍വേ നടത്താനായി നിയോഗിച്ചു കഴിഞ്ഞു. ഓരോ പ്രദേശത്തുമുള്ള ആദിവാസി കുടുംബങ്ങളുടെ സമഗ്ര വിവരങ്ങള്‍ സര്‍വേയിലൂടെ ശേഖരിച്ച ശേഷം കുടുംബശ്രീ ജില്ലാ മിഷനുകള്‍ നേരിട്ടെത്തിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.

ആരോഗ്യ വകുപ്പ് ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നേരത്തെ നടത്തിയ വിവിധ പഠനങ്ങള്‍ പ്രകാരം സംസ്ഥാനത്തെ വിവിധ ഊരുകളില്‍ വലിയതോതിലുള്ള ആരോഗ്യപ്രശ്‌നങ്ങലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പോഷകാഹാരക്കുറവാണ് ഭൂരിഭാഗം ആദിവാസികളെയും രോഗാവസ്ഥയിലേക്ക് തള്ളിവിടുന്നതെന്നും അനീമിയ പോലുള്ള രോഗങ്ങള്‍ വ്യാപകമാകുന്നതായും കണ്ടെത്തിയിരുന്നു. കുട്ടികളിലും സ്ത്രീകളിലുമാണ് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തനം പട്ടികവര്‍ഗ മേഖലയിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ദേശമുയര്‍ന്നത്. സംസ്ഥാനത്തെ പട്ടികവര്‍ഗ വനിതകളില്‍ 20,301 പേര്‍ വിധവകളും 887 പേര്‍ അവിവാഹിത അമ്മമാരുമാണെന്ന് നേരത്തെ “കില” നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീകള്‍ കുടുംബനാഥകളായിട്ടുള്ള 18,623 പട്ടികവര്‍ഗ കുടുംബങ്ങളും സംസ്ഥാനത്തുണ്ട്. ആകെയുള്ള പട്ടികവര്‍ഗക്കാരില്‍ 15-59 വയസ്സിനിടയില്‍ പ്രായമുള്ളവരില്‍ 77,680 പേര്‍ തൊഴിലില്ലാത്തവരാണെന്നതും ആദിവാസി മേഖലയിലെ പ്രശ്‌നങ്ങളുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ്.
കുടുംബശ്രീയുടെ സര്‍വേ ആരംഭിച്ച പശ്ചാത്തലത്തില്‍ ആദിവാസി ഗ്രാമങ്ങളിലെ അയല്‍ക്കൂട്ടങ്ങള്‍ പുനരുദ്ധരിക്കാനും പുതിയവ ഉണ്ടാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദിവാസി അയല്‍ക്കൂട്ടങ്ങള്‍ക്ക് 10,000 രൂപ കോര്‍പ്പറേറ്റ് ഫണ്ട് നല്‍കുന്നുണ്ട്. സ്ഥിര വരുമാനമുണ്ടാകുന്ന തൊഴില്‍ സംരംഭങ്ങള്‍ രൂപവത്കരിക്കാനാണ് ഇത് നല്‍കുന്നത്. ബേങ്ക് വായ്പയും മറ്റുമെടുത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ആദിവാസികള്‍ തയ്യാറാകത്തതിനാല്‍ കുടുംബശ്രീ നേരിട്ട് ഇവര്‍ക്ക് തുക നല്‍കും. ഇവ കൃത്യമായി വിനിയോഗിപ്പിക്കാനും സംരംഭങ്ങള്‍ ആരംഭിക്കാനും കുടുംബശ്രീ തന്നെ മേല്‍നോട്ടം വഹിക്കും. കണ്ണൂര്‍, വയനാട് ജില്ലകളില്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
കുടുംബശ്രീ രൂപവത്കരണവേളയില്‍ തന്നെ ആദിവാസി പുനരുദ്ധാരണം കൂടി ലക്ഷ്യമിട്ടെങ്കിലും നടപ്പാക്കാനായില്ല. എന്നാല്‍ എല്ലാ മേഖലകളിലും കുടുംബശ്രീ പ്രവര്‍ത്തനം ലക്ഷ്യം കണ്ടുവരുന്ന സാഹചര്യത്തിലാണ് പട്ടികവര്‍ഗ മേഖലകളിലും കുടുംബശ്രീയുടെ സജീവ സാന്നിധ്യമുണ്ടാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ സംസ്ഥാനത്ത് 100,912 കുടുംബങ്ങളിലായി 4,01,401 പട്ടികവര്‍ഗ ജനസംഖ്യയുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. സംസ്ഥാനത്തുള്ള 33 പട്ടികവര്‍ഗ സമുദായങ്ങളില്‍ “പണിയന്‍” ആണ് ഏറ്റവും കൂടുതലാളുകളുള്ള സമുദായം.

 

 

Latest