Connect with us

National

ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ്‌

Published

|

Last Updated

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ത്യ ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നതിനുള്ള സെമി ഫൈനലായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
പ്രദേശിക വിഷയങ്ങളെ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പെങ്കിലും ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകകളാകും അവ.
ഡല്‍ഹി: മൊത്തം 70 സീറ്റുകള്‍. മൂന്ന് തവണ തുടര്‍ച്ചയായി സംസ്ഥാനത്തിന്റെ ഭരണം കൈകാര്യം ചെയ്ത മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നാലാമൂഴത്തിനായി രംഗത്തിറങ്ങുന്നു. കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് വഴക്കില്‍ ഉലയുന്ന ബി ജെ പിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്നോട്ട് വെക്കാനായിട്ടില്ല. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ വിജയ് ഗോയല്‍ ആണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക.
അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി നിര്‍ണായക സ്വാധീനമാകുമെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലുള്ള 66 ശതമാനം സാമാജികരും കോടിപതകളാണ്. വിലക്കയറ്റം തൊട്ട് സ്ത്രീ സുരക്ഷ വരെയുള്ള വിഷയങ്ങള്‍ പ്രചാരണത്തില്‍ നിറഞ്ഞു നില്‍ക്കും.
മധ്യപ്രദേശ്: ആകെ സീറ്റ് 230. മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് വെല്ലുവിളിയുയര്‍ത്താന്‍ കോണ്‍ഗ്രസ് സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി നടത്തിയിരിക്കുന്നു. കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് പ്രചാരണത്തിന് നേതൃത്വം നല്‍കുക. സിന്ധ്യയെ ചുമതലപ്പെടുത്തിയതോടെ പാര്‍ട്ടിയിലെ പിണക്കങ്ങള്‍ക്ക് അറുതിയായിട്ടുണ്ട്. രണ്ട് തവണ മുഖ്യമന്ത്രിയായ ചൗഹാന്റെ പ്രതിച്ഛായ തന്നെയാണ് ബി ജെ പിയുടെ കൈമുതല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി ചില മണ്ഡലങ്ങളില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ജയിച്ചു കയറിയത്. (ധാറില്‍ ഒരു വോട്ടിനാണ് ബി ജെ പിയിലെ നാനാ വര്‍മ ജയിച്ചത്)പാര്‍ട്ടി ഒറ്റക്കെട്ടാണെങ്കില്‍ ഇത്തരം സീറ്റുകളില്‍ എളുപ്പം ജയിക്കാമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.
ദിഗ്‌വിജയ് സിംഗ്, സിന്ധ്യ എന്നിവരെയാണ് കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് പരിഗണിക്കുക.
ഛത്തീസ്ഗഢ്: ആകെ സീറ്റ് 90. മെയ് 25ന് മാവോയിസ്റ്റ് ആക്രമണത്തില്‍ പ്രധാന നേതാക്കള്‍ കൊല്ലപ്പെട്ടത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും. പക്ഷേ ഈ സംഭവത്തിന്റെ പേരിലുള്ള സഹതാപ തരംഗം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
ബി ജെ പി നേതാവ് രമണ്‍ സിംഗ് താന്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളിലാണ് ഊന്നുന്നത്. ഗോത്ര വര്‍ഗക്കാര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനത്ത് ഇവര്‍ക്കിടയിലെ അതൃപ്തിയിലൂന്നിയാകും കോണ്‍ഗ്രസിന്റെ പ്രചാരണം.
മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളും പ്രധാന ചര്‍ച്ചയാകും. രമണ്‍ സിംഗ് തന്നെയാണ് ബി ജെ പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി. കോര്‍ബയില്‍ നിന്നുള്ള എം പി ചരണ്‍ ദാസ് മഹന്ദിയാണ് കോണ്‍ഗ്രസ് പക്ഷത്ത് മുമ്പന്‍.
അജിത് ജോഗിയും മോത്തിലാല്‍ വോറയും പരിഗണനയില്‍ വരും.
രാജസ്ഥാന്‍: ആകെ സീറ്റ് 200. മോശം ക്രമസമാധാന നിലയും വിലക്കയറ്റവും സ്ത്രീകള്‍ക്കെതിരായ കടന്നു കയറ്റവുമൊക്കെയാണ് അശോക് ഗഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് വിനയാകുന്നത്. ആറ് ദശകക്കാലത്തെ ചരിത്രത്തില്‍ കോണ്‍ഗ്രസും ബി ജെ പിയും മാറിമാറി ഭരിച്ചിട്ടുണ്ട്.
കേന്ദ്ര പദ്ധതികളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുക. ഭരണ വിരുദ്ധ വികാരം മുതലാക്കാമെന്നാണ് ബി ജെ പി കണക്കുകൂട്ടുന്നത്.
എന്നാല്‍ ജാട്ട് സംവരണ പ്രശ്‌നത്തിന് ഭാഗികമായെങ്കിലും പരിഹാരം കാണാന്‍ സാധിച്ചത് കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നു. അശോക് ഗഹ്‌ലോട്ടും ബി ജെ പി സംസ്ഥാന പ്രസിഡന്റ് വസുന്ധരാ രാജേ സിന്ധ്യയും തന്നെയാണ് പടനായകര്‍. പാളയത്തില്‍ പട ബി ജെ പിക്ക് വിനയാകും.
മിസോറാം: ആകെ സീറ്റ് 40. കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങളും മുന്നേറ്റങ്ങളുമാണ് മിസോറാമിലെ പ്രധാന വിഷയങ്ങള്‍. കോണ്‍ഗ്രസ് ഒട്ടും ദുഷ്‌കരമല്ലാത്ത വിജയം പ്രതീക്ഷിക്കുന്നു. ഈയിടെ നടപ്പാക്കിയ ഭൂവിനിയോഗ നയമാണ് കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധം.
അത് കര്‍ഷക പക്ഷത്ത് നില്‍ക്കുന്നുവെന്ന് പ്രതിപക്ഷം പോലും സമ്മതിക്കുന്നു. മിസോറാം നാഷനല്‍ ഫ്രണ്ടും മിസോറാം പീപ്പിള്‍സ് കോണ്‍ഫറന്‍സും കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയുയര്‍ത്താനിടയില്ല. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍.