Connect with us

Kerala

ഹോര്‍ട്ടികോര്‍പ്പിലും വിജിലന്‍സ് പരിശോധന ശക്തമാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ അമിത വില ഈടാക്കുന്നതും മറ്റ് ഉത്പന്നങ്ങളുടെ വില്‍പ്പനയും തടയാന്‍ വിജിലന്‍സ് സ്‌ക്വാഡ് പരിശോധന ശക്തമാക്കും. സവാള വില ഇടക്കിടെ കുതിച്ചുയരുന്നത് തടയാന്‍ ഏറ്റവും വലിയ സവാള ഉത്പാദന സ്ഥലമായ നാസിക്കില്‍ ഗോഡൗണ്‍ തുടങ്ങി സവാള സംഭരിക്കാനും കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കി. ഹോര്‍ട്ടികോര്‍പ്പിന്റെ സാന്നിധ്യം എല്ലാ പഞ്ചായത്തുകളിലും എത്തിക്കുമെന്നും ഇതിനായി കൂടുതല്‍ സ്റ്റാളുകള്‍ തുടങ്ങുമെന്നും ചെയര്‍മാന്‍ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും മാനേജിംഗ് ഡയറക്ടര്‍ പ്രതാപനും അറിയിച്ചു.
ഓണം, റമസാന്‍ കാലത്ത് കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഹോര്‍ട്ടികോര്‍പ്പിന് റെക്കോര്‍ഡ് വിറ്റുവരവാണുണ്ടായത്. 35.14 കോടി രൂപ. കഴിഞ്ഞ കൊല്ലം ഇതേ കാലയളവില്‍ ഹോര്‍ട്ടികോര്‍പ്പിന് 17.25 കോടി രൂപയുടെ വിറ്റുവരവ് മാത്രമാണ് ഉണ്ടായിരുന്നത്. സര്‍ക്കാര്‍ അനുവദിച്ച 15 കോടി രൂപ ഉത്സവകാലത്ത് 30 ശതമാനം സബ്‌സിഡി നല്‍കാന്‍ വിനിയോഗിച്ചു.
ഉത്സവ കാലത്ത് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നാണ് 60 ശതമാനം പച്ചക്കറികളും ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് ശേഖരിച്ചത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങളുടെ വിലയായി 21 കോടി രൂപ ഇതിനോടകം നല്‍കി. കേരളത്തിലെ കര്‍ഷകരില്‍ നിന്നുതന്നെ സംസ്ഥാനത്തിന് ആവശ്യമായ 90 ശതമാനം പച്ചക്കറികളും സംഭരിക്കാനാണ് ഹോര്‍ട്ടികോര്‍പ് പദ്ധതി ഇടുന്നത്. ഇതിനായി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് ബേങ്കുകളുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. ഉപഭോക്താകള്‍ക്ക് ന്യായമായ വിലയില്‍ പച്ചക്കറി എത്തിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് മതിയായ വില ലഭ്യമാക്കുന്നുണ്ട്.
ആര്‍ കെ വി ഫണ്ടില്‍ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ സ്‌ട്രോബറി കൃഷിക്കായി മൂന്നാര്‍ ഹോര്‍ട്ടികോര്‍പ്പിന് അനുവദിച്ചു. ഉത്സവ കാലത്ത് ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകള്‍ പരിശോധന നടത്താനും നിരീക്ഷണം നടത്താനും നിയോഗിച്ച വിജിലന്‍സ് വിഭാഗത്തിന്റെ സേവനം തുടര്‍ന്ന് ലഭ്യമാക്കും. ഉത്സവ സീസണ് ശേഷവും ഹോര്‍ട്ടികോര്‍പ്പ് സ്റ്റാളുകളില്‍ മാര്‍ക്കറ്റ് വിലയേക്കാള്‍ അഞ്ച് മുതല്‍ 10 വരെ ശതമാനം വില കുറച്ച് തന്നെയാണ് പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.