Connect with us

National

മൂന്നിലൊന്ന് പേരും വോട്ട് ചെയ്യുന്നത് മറ്റുള്ളവരുടെ അഭിപ്രായത്തിനനുസരിച്ചെന്ന് സര്‍വേ

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നിലൊന്ന് വോട്ടര്‍മാരും സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായം കേട്ടാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. വോട്ടര്‍മാരുടെ പരിപ്രേക്ഷ്യവും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന്റെ കാരണവും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കഴിഞ്ഞ മെയ് – ജൂണ്‍ കാലയളവിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വേ നടത്തിയത്. വോട്ടവകാശം വ്യക്തിപരമാണെങ്കിലും മൂന്നിലൊന്ന് പേരും തങ്ങളുടെ സ്വന്തം അഭിപ്രായമനുസരിച്ചല്ല സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ 25 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ. സ്ത്രീകള്‍ ഉള്‍പ്പെടെ 4736 പേര്‍ സര്‍വേയില്‍ പങ്കെടുത്തു. ഇവരില്‍ 35 ശതമാനം പേരും വോട്ടവകാശത്തെ തങ്ങളുടെ അവകാശമായാണ് കാണുന്നത്. 19 ശതമാനം പേര്‍ തങ്ങളുടെ ഉത്തരവാദിത്തമായും 32 ശതമാനം പേര്‍ അവകാശവും ഉത്തരവാദിത്വവുമായും കാണുന്നു.

84 ശതമാനം പേരും ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ നാല് ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. 12 പത്ത് ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ല. യുവാക്കളും കുട്ടികളും പ്രവാസികളുമായ വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്.