Connect with us

Kerala

സാമ്പത്തിക പ്രതിസന്ധി:രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്തുന്നു

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്താന്‍ ശിപാര്‍ശ. ഭൂമിയുടെ ന്യായ വില പുതുക്കി നിശ്ചയിച്ച് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. വരുമാനം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പ് മേധാവികളില്‍ നിന്ന് ചീഫ് സെക്രട്ടറി നിര്‍ദേശങ്ങള്‍ ആരാഞ്ഞപ്പോഴാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. അതേസമയം, ബജറ്റിലൂടെയല്ലാതെ രജിസ്‌ട്രേഷന്‍ ഫീസ് ഉയര്‍ത്താന്‍ കഴിയുമോയെന്ന ആശങ്ക ചീഫ് സെക്രട്ടറി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, പ്രതിസന്ധി മറികടക്കാനായില്ലെങ്കില്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ധന വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള നിര്‍ദേശങ്ങളടങ്ങിയ വിശദമായ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ ഇന്ന് സമര്‍പ്പിക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ചെലവ് ചുരുക്കാനും വരുമാന വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ക്ക് രൂപം നല്‍കും.

ബില്ലുകള്‍ മാറുന്നതിന് ഇപ്പോള്‍ തന്നെ ട്രഷറികള്‍ കടുത്ത ഞെരുക്കം നേരിടുകയാണ്. ഓണക്കാലത്ത് മുന്‍കൂര്‍ ശമ്പളവും ബോണസും ക്ഷേമ പെന്‍ഷനുകളും മറ്റത്യാവശ്യ ചെലവുകള്‍ക്കുമുള്ള ബില്ലുകള്‍ മാറിയപ്പോള്‍ തന്നെ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. പല ചെക്കുകളും ഓണത്തിന് ശേഷമാണ് മാറി കൊടുക്കാന്‍ കഴിഞ്ഞത്. പൊതുവിപണിയില്‍ നിന്ന് കടമെടുത്താണ് ഇപ്പോള്‍ ട്രഷറി മുന്നോട്ടു പോകുന്നത്. നിലവിലുള്ള സാഹചര്യം മാറിയില്ലെങ്കില്‍ ട്രഷറി നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നാണ് ആശങ്ക. സാമ്പത്തിക പ്രതിസന്ധി മൂലം മുന്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പ്രതീക്ഷിച്ച വരുമാനം ലഭിക്കാതിരിക്കുകയും ചെലവ് വന്‍തോതില്‍ ഉയരുകയും ചെയ്തതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാതെ മുന്നോട്ടു പോകുക സാധ്യമല്ലെന്നാണ് ധന വകുപ്പിന്റെ വിലയിരുത്തല്‍. റിസര്‍വ് ബേങ്കിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ചിട്ടി രജിസ്‌ട്രേഷന്‍ ഫീസില്‍ രണ്ട് ശതമാനം വര്‍ധന വേണമെന്ന നിര്‍ദേശവും രജിസ്‌ട്രേഷന്‍ വകുപ്പ് മുന്നോട്ടു വെച്ചിട്ടുണ്ട്. റിസര്‍വ് ബേങ്കിന്റെ നിര്‍ദേശം അനുസരിച്ചാല്‍ വരുമാന വര്‍ധനവുണ്ടാക്കാമെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പ് വ്യക്തമാക്കിയത്.
ഭൂമിയുടെ ന്യായ വില നിശ്ചയിച്ച അഞ്ച് വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ ഇത് പുതുക്കി നിശ്ചയിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് ഈ നിര്‍ദേശം. സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 4,207 കോടിയായി ഉയര്‍ത്താമെന്നായിരുന്നു കണക്ക് കൂട്ടല്‍. ഇത് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഗഹാന്‍ രജിസ്‌ട്രേഷന് ഫീസ് ഏര്‍പ്പെടുത്തി മുന്നൂറ് കോടിയിലേറെ രൂപ അധികം കണ്ടത്തൊന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറി. ചെറിയ തോതിലെങ്കിലും ഗഹാന്‍ രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തണമെന്ന് തന്നെയാണ് വകുപ്പിന്റെ നിലപാട്.
എക്‌സൈസ് വകുപ്പില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വരുമാന വര്‍ധനവിനുള്ള ചില നിര്‍ദേശങ്ങള്‍ അവരും മുന്നോട്ടുവെച്ചിട്ടുണ്ട്. ബജറ്റില്‍ പ്രതീക്ഷിച്ച വരവും ചെലവും തമ്മില്‍ വലിയ അന്തരമാണ് നിലനില്‍ക്കുന്നത്. ഇത് നേരിടണമെങ്കില്‍ ചെലവുകള്‍ ചുരുക്കണമെന്നാണ് ധന വകുപ്പിന്റെ നിര്‍ദേശം. റവന്യൂ വരുമാനം പത്ത് ശതമാനം കൂടിയെങ്കിലും ചെലവ് പതിനെട്ട് ശതമാനമായി ഉയര്‍ന്നു. 58,057.88 കോടി രൂപയാണ് നികുതി വരുമാനമായി ഈ വര്‍ഷം പ്രതീക്ഷിച്ചിരുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9,789 കോടി രൂപയുടെ അധികവരുമാനം. എന്നാല്‍, ഇതുവരെയുള്ള കണക്കുകള്‍ വെച്ച് ഈ ലക്ഷ്യം കൈവരിക്കാനാകില്ല.

(തുടരും)