Connect with us

International

സിറിയ: റഷ്യക്കും യു എസിനും ഒരേ നിലപാട്- പുടിന്‍

Published

|

Last Updated

ബാലി: സിറിയയിലെ രാസായുധം സംബന്ധിച്ച് റഷ്യക്കും യു എസിനും ഒരേ നിലപാടാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിന്‍. ഈ വിഷയത്തില്‍ മോസ്‌കോക്കും വാഷിംഗ്ടണിനും ഇടയില്‍ ഒരേ മനസ്സാണെന്ന് ഇന്തോനേഷ്യയിലെ ബാലിയില്‍ അദ്ദേഹം പറഞ്ഞു.
സിറിയക്കെതിരെ സ്വീകരിച്ച നിലപാടില്‍ ബരാക് ഒബാമക്ക് ആശ്വാസം പകരുന്നതാണ് പുടിന്റെ പ്രസ്താവന. ഏഷ്യാ പസഫിക് സാമ്പത്തിക സഹകരണ (അപെക്) ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് പുടിന്റെ പ്രസ്താവന.
ഒബാമ ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ സഹകരണ ദൗത്യവുമായി കെറി രംഗത്തെത്തിയതിന്റെ വിജയമായാണ് പുടിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാസായുധം സംബന്ധിച്ച് സംശയവും പരാതിയും ഉയര്‍ന്ന സാഹചര്യത്തില്‍ തങ്ങളുടെ കൈകള്‍ സംശുദ്ധമെന്ന് തെളിയിക്കാന്‍ സിറിയക്ക് ബാധ്യതയുണ്ടെന്ന് പുടിന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പരിശോധനകളോട് തുറന്ന മനസ്സോടെ അസദ് സഹകരണിക്കണമെന്നും രാസായുധ നിലപാട് സുതാര്യമായിരിക്കണമെന്നും പുടിന്‍ അസദിനോട് ആവശ്യപ്പെട്ടു.
സിറിയയില്‍ രാസായുധം ഉണ്ടോ ഇല്ലെയോ എന്നകാര്യത്തില്‍ വിശ്വാസ യോഗ്യമായ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരണമന്ന് സിറിയയില്‍ രാസായുധ പരിശോധന നടത്തുന്ന അന്താരാഷ്ട്ര സംഘത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.
യുനൈറ്റഡ് നേഷന്‍ സംഘം അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. തങ്ങളും അമേരിക്കയും ലോകജനതയും നിങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിറിയയില്‍ രാസായുധങ്ങള്‍ കണ്ടെത്തിയാല്‍ അത് ഒരു വര്‍ഷത്തിനകം നിര്‍വീര്യമാക്കുന്ന നടപടികള്‍ തുടങ്ങണമെന്നും പുടിന്‍ പറഞ്ഞു. സിറിയയിലെ രാസായുധം കണ്ടെത്തിയാല്‍ അത് നിര്‍വീര്യമാക്കുന്നതിനുള്ള നടപടികളും യു എന്‍ ആലോചിക്കുന്നുണ്ട്.

 

Latest