Connect with us

Articles

തോല്‍ക്കാന്‍ വാശി പിടിക്കുന്നവരുടെ അലസ വ്യാമോഹങ്ങള്‍

Published

|

Last Updated

അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന ഗ്രാന്‍ഡ് ഫിനാലെയുടെ സെമി ഫൈനലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. രാജസ്ഥാന്‍, ഡല്‍ഹി, മിസോറാം എന്നിവിടങ്ങളില്‍ കോണ്‍ഗ്രസാണ് ഭരണകക്ഷി. മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ ബി ജെ പിയും. മിസോറാമില്‍ ഒരു ലോക്‌സഭാ മണ്ഡലമാണുള്ളത് എന്നതിനാല്‍ സെമിഫൈനല്‍ പ്രധാനമായും നടക്കുന്നത് ബാക്കി നാല് സംസ്ഥാനങ്ങളിലാണ്. അഭിപ്രായ സര്‍വേകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ നാലിടത്തും കോണ്‍ഗ്രസ് പ്രതിരോധത്തിലാണ്. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാറിനെതിരെ പലവിധ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മന്ത്രിമാരില്‍ പലരും ലോകായുക്തക്ക് മുന്നില്‍ കേസുകളെ നേരിടുന്നു. എങ്കിലും ചൗഹാന്റെ വികസന അജന്‍ഡയും ജനപ്രിയ പദ്ധതികളും ബി ജെ പിയെ തിരികെ അധികാരത്തിലെത്തിക്കുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെങ്കിലും. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകുമെന്ന് ഏതാണ്ടെല്ലാ സര്‍വേകളും പറയുന്നു.
വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, ഗ്രൂപ്പ് വഴക്കിനാലും അഴിമതി ആരോപണങ്ങളുടെ ധാരാളിത്തത്തിനാലും ദുര്‍ബലമായിത്തീര്‍ന്ന ബി ജെ പിയെ പരമാവധി ശക്തിപ്പെടുത്താന്‍ പോന്നതായിരുന്നു ഗെഹ്‌ലോട്ടിന്റെ ഭരണം. ബി ജെ പിക്ക് ബദല്‍ കോണ്‍ഗ്രസല്ലാതെ മറ്റൊന്നില്ലെന്ന് തിരിച്ചറിഞ്ഞ് അവര്‍ക്ക് വോട്ട് ചെയ്തിരുന്ന ന്യൂനപക്ഷങ്ങളെപ്പോലും എതിര്‍ ചേരിയിലാക്കി ഗെഹ്‌ലോട്ട് ഭരണകൂടം. ഡല്‍ഹിയില്‍ ഹാട്രിക് തികച്ച, ഷീല ദീക്ഷിത് സര്‍ക്കാര്‍, അഴിമതി, സ്വജനപക്ഷപാതം തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്നു. ഷീലക്ക് മുമ്പ് അധികാരത്തിലിരുന്ന സുഷമ സ്വരാജ് സര്‍ക്കാറിന് പുറത്തേക്കുള്ള വഴി തുറന്നതില്‍ ഉള്ളി വിലയിലുണ്ടായ വര്‍ധന വലിയ പങ്കാണ് വഹിച്ചത്. ഉള്ളി വില ഇടക്കിടെ വലിയ ഉയരങ്ങള്‍ കാണുന്നുവെന്നത് ഷീലാ ദീക്ഷിതിന് മറ്റൊരു വെല്ലുവിളിയാണ്. ഛത്തിസ്ഗഢിലാകട്ടെ രമണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വികസനത്തിന്റെ അപ്പോസ്തലരായാണ് പരിഗണിക്കപ്പെടുന്നത്. സംസ്ഥാനത്തെ ഗോത്ര വിഭാഗങ്ങള്‍ പരമ ദയനീയമായ സ്ഥിതിയില്‍ തുടരുന്നുവെങ്കിലും രമണ്‍ സിംഗ് തന്നെയാണ് താരമെന്നാണ് സര്‍വേ പ്രവചനങ്ങള്‍. മഹേന്ദ്ര കര്‍മ, വിദ്യാചരണ്‍ ശുക്ല തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം അജിത് ജോഗിയാണ് ഇവിടെ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത്. നില മെച്ചപ്പെടുത്താനിടയുണ്ട് എന്നത് മാത്രമാണ് സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് നല്‍കുന്ന ശുഭ സൂചന.
സെമി ഫൈനലില്‍ നേട്ടമുണ്ടാക്കാനായാല്‍, രാജ്യത്തെ ജനങ്ങളില്‍ അത് തങ്ങള്‍ക്കനുകൂലമായ ചിന്ത ഉണര്‍ത്തുമെന്നും അത് ഫൈനലില്‍ പ്രയോജനം ചെയ്യുമെന്നുമാണ് ബി ജെ പിയുടെ വിലയിരുത്തല്‍. കുപ്രസിദ്ധിയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥി, അതേച്ചൊല്ലി പാര്‍ട്ടിക്കുള്ളിലുണ്ടായ ഭിന്നത ഇതൊക്കെ മറികടക്കാന്‍ സെമി ഫൈനല്‍ വിജയം സഹായിക്കുമെന്നും അവര്‍ കരുതുന്നു. അത്തരം പ്രതീക്ഷകള്‍ അസ്ഥാനത്തല്ലതാനും. ഇതൊക്കെ അറിയാവുന്നവരാണ് പ്രായോഗിക രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ കോണ്‍ഗ്രസിന്റെ നേതൃനിര. എന്നിട്ടും വര്‍ഗീയവാദികളെ അകറ്റി നിര്‍ത്തുക, അതിന് നേതൃത്വം നല്‍കുന്ന തീവ്ര ഹിന്ദുത്വവാദിയും വംശഹത്യയുടെ പ്രയോക്താവുമായ നരേന്ദ്ര മോഡിയെ കരുതിയിരിക്കുക തുടങ്ങിയ വാക് കസര്‍ത്തുകളില്‍ മാത്രമാണ് ആ പാര്‍ട്ടി ജീവിക്കുന്നത്. യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമം (അതെത്രത്തോളം സുരക്ഷയേകുമെന്നതില്‍ ഭിന്നാഭിപ്രായമുണ്ട്), വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കേണ്ട നഷ്ടപരിഹാരം വര്‍ധിപ്പിക്കാന്‍ കൊണ്ടുവന്ന നിയമം തുടങ്ങിയവ പ്രൊപ്പഗാന്‍ഡക്ക് ഉപയോഗിക്കുന്നതില്‍ ആ പാര്‍ട്ടി വലിയ താത്പര്യം കാണിക്കുന്നില്ല. തീവ്ര ഹിന്ദുത്വ വാദി നേതൃത്വം നല്‍കുന്ന വര്‍ഗീയകക്ഷി അധികാരത്തിലെത്തുന്നത് തടയാന്‍ മതനിരപേക്ഷതയില്‍ ഊന്നി നില്‍ക്കുന്ന മറ്റ് പാര്‍ട്ടികള്‍ തങ്ങളെ സഹായിച്ചുകൊള്ളുമെന്ന ഉദാസീനതയില്‍ അധിഷ്ഠിതമായ പ്രതീക്ഷയില്‍ മയങ്ങി നില്‍ക്കുകയും 2019വരെ അധികാരം ഉറപ്പാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു അവര്‍. കൊടിയ അഴിമതി ആരോപണങ്ങളില്‍ മുങ്ങിനില്‍ക്കുകയും സാമാന്യ ജനങ്ങളെ വലിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് കോണ്‍ഗ്രസ് ഈ നിലപാട് സ്വീകരിക്കുന്നത്.
ദേശീയതലത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടായ കേരളത്തിലെ അവസ്ഥ കൂടുതല്‍ ദയനീയമാണ്. ലോക് സഭയിലേക്ക് 16 അംഗങ്ങളെയാണ് കേരളം കോണ്‍ഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമ്മാനിച്ചത്. അവരില്‍ ആറ് പേര്‍ മന്ത്രിമാരായി. രാജ്യസഭയില്‍ മൂന്ന് കോണ്‍ഗ്രസ് പ്രതിനിധികളുള്ളതില്‍ രണ്ട് പേര്‍ കാബിനറ്റ് മന്ത്രിമാരുമായി. കേന്ദ്ര മന്ത്രിസഭയില്‍ ഇത്രയും പ്രാതിനിധ്യം കേരളത്തിന് മമ്പൊരിക്കലും ലഭിച്ചിട്ടില്ല. ഇത് ഗുണകരമായി വിനിയോഗിക്കാന്‍ സംസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍ക്കായോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ്. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ, കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ സാധിച്ചിരുന്നുവെന്ന് പറഞ്ഞ ആന്റണി, ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാര്‍ വന്നതിനു ശേഷം അതിന് കഴിയുന്നില്ലെന്നും തുറന്നു സമ്മതിച്ചു. ഇത് മാത്രമല്ല, വരാനിരിക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് മാത്രമല്ല, രാജ്യത്തെ സംബന്ധിച്ച് കൂടി പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണെന്ന ബോധം ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കുണ്ടെന്ന് തോന്നുന്നുമില്ല. എപ്പോഴൊക്കെ യു ഡി എഫ് അധികാരത്തിലെത്തിയോ അപ്പോഴൊക്കെ ഉണ്ടായ, അതിരുവിട്ട ഗ്രൂപ്പിസവും മുന്നണിക്കുള്ളിലെ പടലപ്പിണക്കങ്ങളും ഇക്കുറിയും തകര്‍ക്കുകയാണ്.
മൂന്ന് സീറ്റിന്റെ ബലത്തില്‍ അധികാരത്തില്‍ തുടരുന്ന, ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെ വറചട്ടിയിലിടാന്‍ സുഘടിതമായ സംഘടനാ സംവിധാനമുള്ള സി പി എമ്മിന് പ്രയാസമേതുമില്ല. പക്ഷേ, ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ ആരോപിക്കപ്പെടുന്ന പങ്കാളിത്തം, സംഘടനക്കുള്ളില്‍ സജീവമായി തുടരുന്ന വിഭാഗീയത, വിഭാഗീയത മൂലം നിര്‍ജീവമായ പാര്‍ട്ടി കമ്മിറ്റികള്‍, നേതൃത്വത്തിനെതിരെ ഉപയോഗിക്കാന്‍ സാധിക്കുന്ന പഴുതുകള്‍ ഏതൊക്കെ എന്ന് തിരഞ്ഞു നടക്കുന്ന പ്രതിപക്ഷ നേതാവ് എന്നിങ്ങനെ പല കാരണങ്ങളാല്‍ യു ഡി എഫ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സി പി എമ്മിന് അസാധ്യമായി. ഏറ്റവുമൊടുവില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ തീര്‍ത്ത ഉപരോധം, പൊടുന്നനെ പിന്‍വലിച്ച് പിന്‍മാറിയത് പോലും മൂന്നണിയുടെ എന്നതിലപ്പുറത്ത് സി പി എമ്മിന്റെ ദൗര്‍ബല്യമാണ് തുറന്നു കാട്ടിയത്. ഇത്തരം സാഹചര്യത്തില്‍ പാര്‍ട്ടിയെയും മുന്നണിയെയും സുഭദ്രമാക്കി, വിവാദങ്ങള്‍ക്ക് വഴിമരുന്നിടാത്ത ഭരണനടപടികളിലൂടെ മുന്നോട്ടുപോകാനായാല്‍ കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ കോട്ടമുണ്ടാകില്ല തന്നെ.
എന്നാല്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ പ്രതിപക്ഷമായി നില്‍ക്കുന്ന ഐ ഗ്രൂപ്പ്, അവര്‍ക്ക് ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന എ ഗ്രൂപ്പ് മന്ത്രിമാര്‍, ഗ്രൂപ്പിസം നനച്ച കോണ്‍ഗ്രസിന്റെ മണ്ണ് വേഗത്തില്‍ കുഴിക്കാനാകുമെന്ന ആത്മവിശ്വാസത്തില്‍ മുന്നോട്ടുപോകുന്ന മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും, എല്ലാറ്റിനുമുപരി ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ചീഫ് വിപ്പും. ഇടതുപക്ഷം വേണ്ടെന്ന് വെച്ചാല്‍പ്പോലും പരമാവധി സീറ്റുകളില്‍ തോറ്റേ അടങ്ങൂ എന്ന വാശിയുണ്ടെന്ന് തോന്നും കോണ്‍ഗ്രസിനും യു ഡി എഫിനും. സ്വന്തം നേതാക്കളുടെ ടെലിഫോണ്‍ രേഖകള്‍ ചോര്‍ത്തി നല്‍കുമ്പോഴും അവര്‍ക്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബന്ധങ്ങളെക്കുറിച്ച് ഊഹങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും തരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ഓര്‍മ കോണ്‍ഗ്രസ് നേതാക്കളിലുണ്ടാകുന്നതേയില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഏത് സംഘവുമായും യഥേഷ്ടം ബന്ധം നിലനിര്‍ത്തുന്നവര്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗങ്ങളാണെന്ന് മനസ്സിലായതിനു ശേഷവും അവരെ തുടരാന്‍ അനുവദിക്കുന്നത്, തന്റെ ജനകീയ പ്രതിച്ഛായ മാത്രമല്ല, പാര്‍ട്ടിയുടെ സാധ്യതകളെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്ന തിരിച്ചറിവുണ്ടാകുന്നില്ല ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന്. കേരള യാത്രയുടെ യഥാര്‍ഥ ലക്ഷ്യമായിരുന്ന ആഭ്യന്തര വകുപ്പോടെയുള്ള ഉപമുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന്റെ ചൊരുക്ക് മാറുന്നതേയില്ല, കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നോളാമെന്ന് പരസ്യ പ്രസ്താവന നടത്തുന്ന രമേശ് ചെന്നിത്തലക്ക്. ഇതിന് പുറമെയാണ് കത്തുന്ന പുരയില്‍ നിന്ന് കഴുക്കോലൂരാമെന്ന പ്രതീക്ഷയില്‍ മുന്നേറുന്ന പ്രബല ഘടകകക്ഷികള്‍.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് പ്രധാനമാണെന്ന തിരിച്ചറിവ് ഈ ഘടകകക്ഷികള്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ജയം ലാക്കാക്കി മുന്നണിക്കുള്ളില്‍ വിട്ടുവീഴ്ചകള്‍ക്ക് കോണ്‍ഗ്രസ് തയ്യാറാകുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. അതുകൊണ്ടാണ് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെന്ന് മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ആവര്‍ത്തിക്കുന്നത്. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി അശ്വമേഥം തുടരുന്ന പി സി ജോര്‍ജിനെ നിയന്ത്രിക്കാന്‍ മാണി തയ്യാറാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. തങ്ങളുടെ ഇംഗിതത്തിന് കോണ്‍ഗ്രസ് വഴങ്ങാതെ വന്നാല്‍ മുന്നണി മാറി ഭരണത്തില്‍ തുടരാനാകുമെന്ന ഹുങ്ക് കൂടിയുണ്ട് മാണി സാറിന്. ചുരുക്കത്തില്‍, സ്വാര്‍ഥതയുടെയും അധികാരമോഹത്തിന്റെയും മുന്‍ മാതൃകകളെ അതിലംഘിച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളും ഘടകകക്ഷികളും. ഇരിക്കുന്ന കൊമ്പ് മുറിച്ചാല്‍പ്പോലും ഒപ്പമുള്ളവന് പരുക്കേറ്റാല്‍ മതിയെന്ന് ചിന്തിക്കുന്ന മനോനില.
സ്വാതന്ത്ര്യ സമരകാലത്ത് ജയിലിലടക്കപ്പെട്ട കോണ്‍ഗ്രസുകാരെക്കുറിച്ച് മൊയാരത്ത് ശങ്കരന്‍, തന്റെ ജീവിതകഥയില്‍ പറയുന്നുണ്ട്. ജയിലില്‍ എത്തുന്നതോടെ, എന്തിനാണ് ജയിലിലടക്കപ്പെട്ടത് എന്നത് കോണ്‍ഗ്രസുകാര്‍ മറക്കും. എങ്ങനെയെങ്കിലും ജയിലിന് പുറത്തിറങ്ങണമെന്നാകും ചിന്ത. ബ്രിട്ടീഷാധിപത്യം അവസാനിച്ചുവെന്ന് പോലും പുറത്തിറങ്ങുന്നതോടെ ചിന്തിക്കുന്ന സ്ഥിതിയാണ് കോണ്‍ഗ്രസുകാരുടെത് എന്ന് മൊയാരത്ത് ശങ്കരന്‍ എഴുതിയിട്ടുണ്ട്. ആ പാരമ്പര്യം വിട്ടുവീഴ്ച കൂടാതെ നിലനിര്‍ത്തുന്നുണ്ട് ഇപ്പോഴത്തെ കോണ്‍ഗ്രസുകാരും അവരുടെ സഖ്യകക്ഷികളും. ഇടതുപക്ഷ മുന്നണി സര്‍ക്കാറിന്റെ ഭരണവീഴ്ചകളുടെ ഫലമായി അധികാരം സ്വന്തമാക്കുന്ന യു ഡി എഫ് സംവിധാനം, അതിന് ശേഷമുള്ള കാലം പരസ്പരമുള്ള തര്‍ക്കം പരിഹരിക്കാനുള്ള കാലമായാണ് ഗണിക്കുക. അല്ലെങ്കില്‍ പരസ്പരമുള്ള പോരില്‍ ജയിക്കാനുള്ള അടവുകള്‍ പ്രയോഗിക്കാനുള്ള കാലമായി. അതിനപ്പുറത്ത് രാജ്യം നേരിടുന്ന പ്രതിസന്ധിയൊന്നും അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കുന്നില്ല തന്നെ. ഹൈക്കമാന്‍ഡോ യുവരാജാവോ നേരിട്ട് പറഞ്ഞാലും വകവെക്കേണ്ട ആവശ്യവും അവര്‍ക്കില്ല. കഴിഞ്ഞ കുറി ഗ്രൂപ്പ് വഴക്കുകൊണ്ടാണ് കുറേ സീറ്റുകള്‍ നഷ്ടമായതെന്ന് വിലയിരുത്തി, തിരുത്താന്‍ ശ്രമിക്കുന്ന മധ്യപ്രദേശ് ഘടകത്തിന്റെ ആര്‍ജവം പോലും കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തിനില്ല, ആ ഘടകം നേതൃത്വം നല്‍കുന്ന സര്‍ക്കാറിനുമില്ല. “വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്താതിരിക്കണമെങ്കില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്‌തേ മതിയാകൂ. അത് മനസ്സിലാക്കി ജനം പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് നന്ന്” – അതാണ് സന്ദേശം. ദീപസ്തംഭം ജനാധിപത്യം ഞങ്ങള്‍ക്കെല്ലായിപ്പോഴും ഭരണം.

vijayamrkutty@gmail.com

---- facebook comment plugin here -----

Latest