Connect with us

Gulf

സ്‌പോണ്‍സര്‍ കേസില്‍പ്പെടുത്തിയ പ്രവാസിയെ ഐ സി എഫ് പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു

Published

|

Last Updated

റിയാദ്: സ്‌പോണ്‍സര്‍ അകാരണമായി കേസില്‍പ്പെടുത്തിയ മലപ്പുറം സ്വദേശി അലി നിയമക്കുരുക്കഴിച്ച് നാട്ടിലെത്തിച്ചു. റിയാദിലെ ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് അലിക്ക് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്. മൂന്ന് വര്‍ഷം മുമ്പ് ലേബര്‍ വിസയില്‍ സഊദിയിലെത്തിയ അലി രണ്ട് വര്‍ഷത്തോളം ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്.

നിതാഖത്ത് നിയമം കര്‍ശനമായപ്പോള്‍ റിയാദിലുള്ള കഫീലിന്റെ തുണിക്കടയില്‍ ജോലിക്ക് നിന്നു. 800 റിയാല്‍ ശമ്പളം പറഞ്ഞ് ആറ് മാസത്തോളം അവിടെ ജോലി ചെയ്തു. ആദ്യത്തെ മൂന്ന് മാസം കൃത്യമായി ശമ്പളം കൊടുത്തു. പിന്നീട് ശമ്പളം നല്‍കാതെ ശമ്പളം കൈപ്പറ്റിയതായി ഒപ്പിവെപ്പിച്ചു. പതിനാല് മണിക്കൂറോളം കടയില്‍ പണിയെടുക്കേണ്ടിയും വന്നു.
ചിലപ്പോഴൊക്കെ ശാരീരിക പീഡനവുമേല്‍ക്കേണ്ടിവന്നപ്പോള്‍ അവിടെ നിന്നുമിറങ്ങിയ അലിക്ക് ഐ സി എഫ് പ്രവര്‍ത്തകര്‍ അഭയം നല്‍കുകയായിരുന്നു. പിന്നീട് ഇഖാമ പരിശോധിച്ചപ്പോള്‍ ഹുറൂബാക്കിയതായി മനസ്സിലായി. എംബസിയില്‍ നിന്നും എമര്‍ജന്‍സി പാസ്‌പോര്‍ട്ട് എടുത്ത് എക്‌സിറ്റിനായി സമീപിച്ചപ്പോള്‍ പതിനയ്യായിരം റിയാല്‍ കടയില്‍ നിന്ന് മോഷ്ടിച്ചതായി കഫീല്‍ റിയാദ് ഗവര്‍ണറേറ്റിലും പോലീസിലും കേസ് കൊടുത്തതിനാല്‍ എക്‌സിറ്റ് അടിക്കാതെ പാസ്‌പോര്‍ട്ട് മടങ്ങി.
ഇതനുസരിച്ച് സ്‌പോണ്‍സറുമായി ബന്ധപ്പെട്ട ഐ സി എഫ് പ്രവര്‍ത്തകരോട് ഇതില്‍ ഇടപെടേണ്ടന്നും അലിയെ എത്തിച്ചില്ലെങ്കില്‍ നിങ്ങളെ പോലീസിലേല്‍പ്പിക്കുമെന്നും സ്‌പോണ്‍സര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് എംബസിയില്‍ നിന്ന് ഓതറൈസേഷന്‍ ലെറ്റര്‍ സംഘടിപ്പിച്ച് കഫീലുമായി നിരന്തരം ബന്ധപ്പെട്ട് ചര്‍ച്ച നടത്തി 6000 റിയാല്‍ നല്‍കിയാല്‍ എക്‌സിറ്റ് നല്‍കാം എന്ന് സമ്മതിച്ചു.
റിയാദിലെ ഐ സി എഫ്, മര്‍കസ് പ്രവര്‍ത്തകര്‍ സമാഹരിച്ചാണ് സംഖ്യ കൊടുത്തത്. ഇതിനിടെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചതിനാല്‍ വീണ്ടും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് പുതുക്കി എക്‌സിറ്റടിക്കുകയായിരുന്നു. പ്രത്യാശ സാംസ്‌കാരിക വേദി നല്‍കിയ ടിക്കറ്റോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് അലി കോഴിക്കോട്ടെത്തിയത്.