Connect with us

Kerala

108 ആംബുലന്‍സ് സര്‍വീസ് ജി വി കെ ഇ എം ആര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പിനായി ജി വി കെ എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ തിരഞ്ഞെടുത്തു. തിരുവനന്തപരുരം, ആലപ്പുഴ ജില്ലകളിലെ 108 ആംബുലന്‍സ് സര്‍വീസ് നടത്തിപ്പ് സംബന്ധിച്ച് കേരള മെഡിക്കല്‍ സര്‍വീസ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ക്ഷണിച്ച് ടെന്‍ഡറിന്റെ കാലാവധി ഇന്നലെ അവസാനിച്ചതോടെ ആകെ എത്തിയ മൂന്ന് ടെന്‍ഡറില്‍ നിന്നാണ് ആന്ധ്രപ്രദേശിലെ സെക്കന്തരബാദില്‍ നിന്നുള്ള ജി വി കെ എമര്‍ജന്‍സി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെ തിരഞ്ഞെടുത്തത്. ഈ മാസം 1നാണ് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചത്.

ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സെക്കന്തരബാദില്‍ നിന്നുള്ള ജി എ ടി ഐ കിന്ററ്റ്‌സ് എക്‌സ്പ്രസ്സ് പ്രൈവറ്റ് ലിമിറ്റഡും, കോട്ടയത്തെ വടവത്തൂര്‍ കളത്തിപ്പടിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസും എത്തിയിരുന്നെങ്കിലും ഇരുവരുടെയും ടെന്‍ഡര്‍ തള്ളുകയായിരുന്നു. ടെന്‍ഡര്‍ ചെലവും ഇ എം ഡിയും അടക്കാത്തതാണ് ജി എ ടി ഐ കിന്ററ്റ്‌സ് എക്‌സ്പ്രസ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടെന്‍ഡര്‍ തള്ളാന്‍ കാരണം. എന്നാല്‍ രാജ്യത്തെ ഏതെങ്കിലും സര്‍ക്കാറുകളുടെ 25ല്‍ കുറയാത്ത ആംബുലന്‍സ് സര്‍വീസ് നടത്തിയുള്ള പരിചയവും ജി പി ആര്‍ എസ് സംവിധാനത്തിലൂടെ ടെലിഫോണ്‍ സര്‍വീസ് നടത്തിയുള്ള പരിചയവും ഇല്ലെന്നും കാണിച്ചാണ് കോട്ടയത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിന്റെ ടെന്‍ഡര്‍ തള്ളിയത്. അതേസമയം 108 ആംബുലന്‍സ് സര്‍വീസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ആരോഗ്യമന്ത്രിക്ക് ചീഫ്‌വിപ്പ് പി സി ജോര്‍ജ് കത്ത് നല്‍കി.
അതേസമയം, നിലവിലെ ടെന്‍ഡര്‍ നടപടികളില്‍ അപാകതകളുണ്ടെന്നും ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സികിത്സ ഹെല്‍ത്ത് കെയറിനെ സഹായിക്കാനാണെന്ന ആക്ഷേപവുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്് ആരോഗ്യവകുപ്പും വിലയിരുത്തിയിട്ടുണ്ട്.
കരാര്‍ കാലാവധി അവസാനിക്കുന്നതിന് മൂന്നുമാസം മുമ്പെങ്കിലും പുതിയ ടെന്‍ഡര്‍ വിളിക്കണമെന്ന വ്യവസ്ഥ മറികടന്നാണ് കരാര്‍ അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രം പുതിയ ടെന്‍ഡര്‍ ക്ഷണിച്ച് ഉത്തരവിറങ്ങിയത്. സികിത്സ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിനുതന്നെ വീണ്ടും കരാര്‍ നല്‍കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണമുയര്‍ന്നിരുന്നു.