Connect with us

Editorial

ഹോട്ടലുകളിലെ വില നിയന്ത്രിക്കണം

Published

|

Last Updated

ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില അടിക്കടി ഉയരുകയാണ്. അവശ്യസാധനങ്ങളുടെയും പച്ചക്കറികളുടെയും മറ്റും വില വര്‍ധനവിന്റെ പേരിലാണ് ഹോട്ടലുകള്‍ വില വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ കുതിച്ചുയരുന്ന സാധന വില പഴയ അവസ്ഥയിലേക്ക് ഇറങ്ങിയാലും ഹോട്ടലുകളിലെ വില താഴേക്ക് വരാറില്ല. വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിരിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടാറില്ല. പലയിടങ്ങളിലും ബോര്‍ഡില്‍ കാണിച്ച വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുകയും ചെയ്യുന്നു.
ഹോട്ടലുകളുടെ നിലവാരത്തിനും സൗകര്യത്തിനുമനുസരിച്ചാണ് സാധനങ്ങള്‍ക്ക് വില നിശ്ചയിക്കുന്നതെന്നാണ് ഉടമകളുടെ അവകാശ വാദം. എന്നാല്‍ തട്ടുകടയുടെ സൗകര്യം പോലുമില്ലാത്തതും വൃത്തിഹീനവുമായ കടകളില്‍ പോലും ഉയര്‍ന്ന ഹോട്ടലുകളുടെ വില ഈടാക്കി വരുന്നുണ്ട്. ഒരേ നിലവാരമുള്ള ഹോട്ടലുകളില്‍ ഒരേ ഭക്ഷണത്തിന് രണ്ട് തരം വിലയും പതിവാണ്. ഹോട്ടലുകളിലെ വില നിയന്ത്രണത്തിന് കൃത്യമായ മാനദണ്ഡങ്ങളില്ലാത്തതാണ് തോന്നിയ വില ഈടാക്കാന്‍ കച്ചവടക്കാര്‍ക്ക് സഹായകമാകുന്നത്. ഹോട്ടലുകളുടെ ഈ പിടിച്ചുപറിയെ അടുത്തിടെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും വിലവര്‍ധന തടയാന്‍ പുതിയ നിയമനിര്‍മാണം നടത്തണമെന്ന് സര്‍ക്കാറിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
വിലവര്‍ധനവിനനുസരിച്ച് ഭക്ഷണ സാധനങ്ങളുടെ നിലവാരം ഉയര്‍ന്നാല്‍ സഹിക്കാമായിരുന്നു. എന്നാല്‍ വില ഉയരുമ്പോള്‍ സാധനങ്ങളുടെ നിലവാരവും അളവും കുറഞ്ഞുവരുന്നതായാണ് അനുഭവം. കൂടിയ വിലക്ക് വൃത്തിഹീനവും പഴകിയതുമായ ഭക്ഷ്യസാധനങ്ങളാണ് പല സ്ഥാപനങ്ങളിലും നല്‍കുന്നത്. ഉപഭോക്താക്കളുടെ കീശ കൊള്ളയടിക്കുന്ന നക്ഷത്രഹോട്ടലുകളിലെ അവസ്ഥ പോലും ഭിന്നമല്ല. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലെ നക്ഷത്ര ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യ സാധനങ്ങള്‍ കണ്ടെത്തിയിരുന്നു. ഫ്രീസറുകളിലും അല്ലാതെയുമായി സൂക്ഷിച്ചിരുന്ന ഈ ഭക്ഷണങ്ങളില്‍ ഒരാഴ്ച പഴക്കമുള്ളത് പോലുമുണ്ടായിരുന്നു. പഴകിയ ഭക്ഷണങ്ങള്‍ പലഹാരങ്ങളാക്കി രൂപഭേദം വരുത്തിയും മറ്റും ഉപഭോക്താക്കളെ തീറ്റിക്കുന്ന പ്രവണതയും വ്യാപകമാണ്.
ഹോട്ടലുകളിലെ വില നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി അനുപ് ജേക്കബിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗങ്ങള്‍ നടന്നതായും വാര്‍ത്തയുണ്ടായിരുന്നു. നിയമവകുപ്പുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായാലുടന്‍ വില നിയന്ത്രണ ബില്ലിന്റെ കരട് തയ്യാറാക്കി അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പ്രസ്താവിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21ന് ഇതേ ലക്ഷ്യ ത്തിനുള്ള ഒരു ബില്ലിന്റെ കരട് സര്‍ക്കാര്‍ നിയമസ ഭയില്‍ വെച്ചിരുന്നു. സിവില്‍ സപ്ലൈസ് ത യാറാക്കി സമര്‍പ്പിച്ച ഈ ബില്ലില്‍ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഹോട്ടലുകളെ മൂന്നായി തരം തിരിച്ചു ഭക്ഷണത്തിന്റ വില നിശ്ചയിക്കാമെന്നും ഇതിനായി ഓരോ ജില്ലയിലും കലക്ടര്‍ ചെയര്‍മാനായി ജില്ലാ ഫുഡ് അതോറിറ്റി രൂപവത്കരിക്കണമെന്നും നിര്‍ദേശിക്കുന്നു. അതോറിറ്റി നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന വില ഈടാക്കിയാല്‍ അതോറിറ്റിക്കോ പോലീസിനോ കേസെടുത്ത് ലൈസന്‍സ് റദ്ദാക്കാമെന്നതിന് പുറമെ രണ്ട് വര്‍ഷം തടവും പിഴയും ശിക്ഷക്കും ശിപാര്‍ശ ചെയ്യുന്നു. അമിത തുക ഈടാക്കിയതായി കണ്ടെത്തിയാല്‍ ഹോട്ടലുടമ ഉപഭോക്താവിന് ഇരട്ടി തുക തിരിച്ചുകൊടുക്കുകയും വേണം. നിയമവകുപ്പ് അംഗീകാരം നല്‍കിയിട്ടും ഹോട്ടലുടമകളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഈ ബില്‍ അട്ടിമറിക്കുകയായിരുന്നു. മാത്രമല്ല, സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച മാവേലി ഹോട്ടലുകല്‍ നിര്‍ത്തലാക്കുകയും ചെയ്തു. ഇതിന് പിന്നിലും ഹോട്ടലുടമകളുടെ സമ്മര്‍ദമാണെന്നാണറിയുന്നത്. മാവേലി ഹോട്ടലുകള്‍ക്ക് പകരം തൃപ്തി ഹോട്ടലുകള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.
തൊഴിലാളികളുടെ ഉയര്‍ന്ന വേതനം, നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കെട്ടിട വാടക നിരക്കിലുമുണ്ടായ വര്‍ധന തുടങ്ങി വിലവര്‍ധനവിന് ഉപോത്ബലകമായി ഹോട്ടല്‍ ഉടമകള്‍ക്ക് പലതും ചൂണ്ടിക്കാട്ടാനുണ്ട്. എന്നാലും ഓരോരുത്തര്‍ക്കും തോന്നുമ്പോഴൊക്കെ തോന്നിയ പോലെ വില കൂട്ടുന്നതിന് ഇത് ന്യായീകരണമാകുന്നില്ല. ഹോട്ടലുകളുടെ നിലവാരം, സൗകര്യം, , ഭക്ഷണ സാധനങ്ങളുടെ ഗുണമേന്മ തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി വിലനിര്‍ണയത്തിന് മാനദണ്ഡം അനിവാര്യമാണ് .

Latest