Connect with us

Kerala

കെ എസ് ആര്‍ ടി സിയില്‍ ജി പി ആര്‍ എസ് സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്നതിനിടെ കെ എസ് ആര്‍ ടി സിയില്‍ ഇന്ന് മുതല്‍ പുതിയ പരിഷ്‌കാരമായി ജി പി ആര്‍ എസ് സംവിധാനം നിലവില്‍ വന്നു. ബസുകളിലെ വരുമാനവും യാത്രക്കാരുടെ എണ്ണവും യഥാസമയം ചീഫ് ഓഫീസില്‍ അറിയാന്‍ കഴിയുന്ന ഇലക്‌ട്രോണിക് ടിക്കറ്റ് യന്ത്രങ്ങളായിരിക്കും തലസ്ഥാനത്തെ ബസുകളില്‍ ഇന്നുമുതല്‍ ഉപയോഗിക്കുക.
പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നലെ രാവിലെ മന്ത്രി വി എസ് ശിവകുമാര്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലെ 150 ഷെഡ്യൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ ടിക്കറ്റ് യന്ത്രം ഉപയോഗിക്കുന്നത്.
കടക്കെണിയിലായ കെ എസ് ആര്‍ ടി സിക്ക് ജി പി ആര്‍ എസ് സംവിധാനം ഒരു പരിധിവരെ ആശ്വാസമാകും. ഓരോ ബസിന്റെയും നിലവിലെ സ്ഥാനം, കൊടുത്ത ടിക്കറ്റുകളുടെ എണ്ണം, വരുമാനം, യാത്രക്കാരുടെ എണ്ണം, സമയക്രമം, ഓടിയ കിലോമീറ്റര്‍, ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ വേഗം എന്നിവയെല്ലാം പുതിയ സംവിധാനം വഴി ചീഫ് ഓഫീസിലിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അതാത് സമയം അറിയാം. ഇതനുസരിച്ച് ബസിലെ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി അനുബന്ധ ക്രമീകരണങ്ങള്‍ കൈക്കൊള്ളാനും അതുവഴി വരുമാനം വര്‍ധിപ്പിക്കാനുമാകുമെന്നാണ് പ്രതീക്ഷ.
പദ്ധതിക്കായി ജി പി ആര്‍ എസ് സംവിധാനമുുള്ള 4,000 ഇലക്‌ട്രോണിക് ടിക്കറ്റ് യന്ത്രങ്ങളാണ് സംസ്ഥാനത്ത് വാങ്ങുന്നത്. ചീഫ് ഓഫീസില്‍ സെര്‍വര്‍ സംവിധാനങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് മറ്റുള്ള ഡിപ്പോയിലും ഇതാരംഭിക്കും. ബംഗളൂരുവിലെ കോണ്ടം ഏയിയോണ്‍ കമ്പനിയാണ് യന്ത്രങ്ങള്‍ സപ്ലൈ ചെയ്യുന്നത്. 10,000 രൂപ ചെലവുള്ള ഒരു യന്ത്രത്തിന്റെ കാലാവധി മൂന്നര വര്‍ഷമാണ്. അതുകഴിഞ്ഞാല്‍ പുതിയ യന്ത്രം വാങ്ങണം. അഞ്ചര കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
ഇന്ത്യയില്‍ തന്നെ ആദ്യമായി ബസുകളില്‍ ജി പി ആര്‍ എസ് സംവിധാനം ലഭ്യമാക്കിയ സ്ഥാപനമെന്ന ഖ്യാതി ഇതോടെ കെ എസ് ആര്‍ ടി സിക്ക് സ്വന്തമാകും. ഇതോടൊപ്പം ദീര്‍ഘദൂര സര്‍വീസിനുള്ള ഡീലക്‌സ് ബസ്സുകളുടെ ഉദ്ഘാടനവും നടന്നു. മൊത്തം 50 ബസുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. ഇതില്‍ ആറെണ്ണമാണ് പൂര്‍ണമായും പണിത് നിരത്തിലിറക്കിയിട്ടുള്ളത്. ബാക്കിയുള്ളത് കാലക്രമേണ നിരത്തിലിറക്കാന്‍ കഴിയുമെന്ന് ഓപറേഷന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.