Connect with us

Kerala

സ്വകാര്യ ബസുകളെ സഹായിക്കാന്‍ ഹോട്ടലുകളില്‍ ദീര്‍ഘ ശാപ്പാട്‌

Published

|

Last Updated

രാത്രി 10 മണി കഴിഞ്ഞാല്‍ കോഴിക്കോട് നിന്നും തെക്കോട്ട് പോകുന്ന ഏതാണ്ടെല്ലാ കെ എസ് ആര്‍ ടി സി ബസുകളും യാത്ര പുറപ്പെട്ട് അല്‍പം കഴിഞ്ഞാല്‍ റോഡ് സൈഡില്‍ ഒതുക്കി നിര്‍ത്തും. നല്ലളത്തെ ഹോട്ടലിന് മുന്നില്‍ ഇങ്ങിനെ കെ എസ് ആര്‍ ടി സി ബസുകളുടെ നീണ്ട നിര കാണാം.
ഭക്ഷണം കഴിക്കാനാണ് ബസ് നിര്‍ത്തുന്നതെങ്കിലും യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരിക്കും. ആരും ഇറങ്ങിയില്ലെങ്കിലും ഡ്രൈവറും കണ്ടക്ടറും അര മണിക്കൂര്‍ കഴിഞ്ഞേ പിന്നെ ബസിലെത്തൂ. ഏതാണ്ട് ഇതേ സമയത്ത് കോഴിക്കോട് പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും പാളയത്ത് നിന്നുമൊക്കെ പുറപ്പെടുന്ന സ്വകാര്യ ബസുകള്‍ നല്ലളം പിന്നിട്ടാലേ കെ എസ് ആര്‍ ടി സി ബസുകള്‍ ഇളകി തുടങ്ങൂ. പിന്നെ തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കോട്ടയം, പാല, എരുമേലി, അടൂര്‍, ഈരാട്ടുപേട്ട, കോതമംഗലം, എറണാംകുളം… എന്നിവിടങ്ങളിലേക്കുള്ള ബസുകളുടെ ഘോഷയാത്ര ആരംഭിക്കും. പിന്നെ പോകുന്ന വഴിയില്‍ ഒരൊറ്റ യാത്രക്കാരന്റെ പൊടി പോലും കാണില്ല. എല്ലാം പ്രൈവറ്റുകാര്‍ പെറുക്കിയെടുത്തു കാണും. ഭക്ഷണം കഴിച്ചേ പോകൂ എന്ന് യാത്ര പുറപ്പെടും മുമ്പ് കണ്ടക്ടര്‍ വിളിച്ചു പറയുന്നതിനാല്‍ തൃശൂര്‍ വരെയുള്ള യാത്രക്കാര്‍ കയറുകയുമില്ല.
വിവിധ ഡിപ്പോകളില്‍ നിന്ന് പുറപ്പെടുന്ന കെ എസ് ആര്‍ ടി സിയുടെ ചില തമാശകളില്‍ ഒന്നാണിത്. സര്‍ക്കാര്‍ സര്‍വീസില്‍ ഇരുന്നു ശമ്പളം പറ്റുന്ന പല ജീവനക്കാരും സ്വകാര്യ മേഖലയില്‍ നിന്ന് കിമ്പളം പറ്റി അവര്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. ഇതിന് മാറ്റം ഉണ്ടായാലേ കെ എസ് ആര്‍ ടി സി യെ രക്ഷപ്പെടുത്താനുള്ള ഏത് പദ്ധതിയും ലക്ഷ്യത്തിലെത്തിക്കാനാകൂ.
കെ എസ് ആര്‍ ടി സി സര്‍വീസുകളെ കൂടുതല്‍ ജനകീയമാക്കി സ്വകാര്യ സര്‍വീസുകളോട് മത്സരിക്കാന്‍ പര്യാപ്തമാക്കാന്‍ യൂനിയനുകളും ജീവനക്കാരും മനസ്സു വെക്കുക തന്നെ വേണം. ഇന്ത്യയിലാദ്യമായി “സേവ് ഇന്‍ഡസ്ട്രി” എന്ന മുദ്രാവാക്യം മുഴക്കി ജോലിയില്‍ കൃത്യത വരുത്താനും യാത്രക്കാരോട് മാന്യമായി പെരുമാറാനും സര്‍ക്കുലര്‍ ഇറക്കിയ സംഘടനയാണ് കെ എസ് ആര്‍ ടി സി തൊഴിലാളി സംഘടന. എന്നാല്‍ പിന്നീടിങ്ങോട്ട് തൊഴിലാളി സംഘടനകളുടെ നിലനില്‍പ്പായിരുന്നു കെ എസ് ആര്‍ ടി സിയേക്കാള്‍ ഇവര്‍ക്ക് പ്രധാനം. സേവനം മെച്ചപ്പെടുത്തിയാല്‍ കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നുറപ്പാണ്.
സ്വകാര്യ ബസുകളില്‍ യാത്രക്കാരെ വിളിച്ചു കയറ്റുമ്പോള്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ഇപ്പോഴുമുണ്ട്. ഈ മനഃസ്ഥിതി മാറ്റിയെടുക്കാന്‍ ജീവനക്കാര്‍ക് പെരുമാറ്റച്ചട്ടം കൊണ്ടു വരികയേ പോംവഴിയൊള്ളൂ. കെ എസ് ആര്‍ ടി സിയെ തങ്ങളുടെ ആശ്രയം എന്ന നിലയില്‍ മാത്രമല്ല സാധാരണക്കാരന്റെ ആശ്രയം എന്ന നിലയില്‍ കാണാന്‍ തൊഴിലാളികള്‍ തയ്യാറവണം.
ഡീസല്‍ വിലയിലെ വര്‍ധനവും സബ്‌സിഡി ഒഴിവാക്കിയതും മാത്രമല്ല കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധി. ജീവനക്കാരും പെന്‍ഷന്‍ പറ്റുന്നവരുമാണ് ഏറ്റവും വലിയ വെല്ലുവിളി. കെ എസ് ആര്‍ ടി സിയും സ്വകാര്യമേഖലയും തമ്മില്‍ ശമ്പളത്തില്‍ വലിയ വ്യത്യാസമാണുള്ളത്. സ്വകാര്യബസുകള്‍ ഒരു കിലോമീറ്ററിന് 7.86 രൂപ ശമ്പളയിനത്തില്‍ ചിലവാക്കുന്നുണ്ടെന്നാണ് നാറ്റ്പാക്കിന്റെ കണക്ക്. എന്നാല്‍ കെ എസ് ആര്‍ ടി സിയില്‍ ഇത് 18 രൂപയാണ്. ശമ്പളത്തിലെ ഈ വിത്യാസത്തിന് പ്രധാന കാരണം ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസിന് ശരാശരി എട്ടോളം ജീവനക്കാരാണ് നിലവിലുള്ളത്. സ്വകാര്യ മേഖലയില്‍ ഇത് അഞ്ചില്‍ താഴെയാണ്.
പെന്‍ഷന്‍ നല്‍കുന്ന ഏക ഗതാഗത കോര്‍പറേഷനും കെ എസ് ആര്‍ ടി സിയാണ്. പെന്‍ഷനും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി പ്രതിമാസം 5 കോടി രൂപയാണ് ചിലവഴിക്കുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി മാത്രം നഷ്ടം സഹിച്ചും ഒരു കോര്‍പറേഷനെ മലയാളി സഹിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യമുയരുന്നത്. ആരും ഈ ചോദ്യം കേട്ടില്ലെങ്കിലും ജീവനക്കാരും യൂനിയനുകളുമെങ്കിലും ഇത് കേട്ടേ മതിയാകൂ…
(തുടരും)

 

---- facebook comment plugin here -----

Latest