Connect with us

Articles

ശ്യാമമാധവവും വയലാര്‍ അവാര്‍ഡും

Published

|

Last Updated

ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച്, തനിക്ക് രുചിക്കാത്ത അഭിപ്രായങ്ങള്‍, പ്രഭാവര്‍മ ദേശാഭിമാനി പത്രത്തില്‍ എഴുതിയപ്പോള്‍, ശ്യാമമാധവം എന്ന കവിതയുടെ പ്രസിദ്ധീകരണം സമകാലിക മലയാളം പത്രാധിപരായിരുന്ന ജയചന്ദ്രന്‍ നായര്‍ നിര്‍ത്തല്‍ ചെയ്തു. നായരുടെ നടപടി നീതികരിക്കാനാകാത്ത പത്രാധിപ ഫാസിസമാണെന്ന് ചൂണ്ടിക്കാണിച്ച് അക്കാലത്ത് സിറാജില്‍ ഈ ലേഖകന്‍ ഒരു ലേഖനം എഴുതിയിരുന്നു. പക്ഷേ, ആ ലേഖനം എഴുതിയതിനര്‍ഥം “ശ്യാമമാധവം” മഹത്തായ കവിതയാണെന്നോ അതിലെ കൃഷ്ണ ദര്‍ശനം വ്യാസ കൃഷ്ണനെ ആഴത്തില്‍ മനസ്സിലാക്കുന്നതില്‍ വിജയിച്ച ഒരാളുടെതാണെന്നോ ആയിരുന്നില്ല. എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ “ശ്യാമമാധവ”ത്തിന് ലഭിച്ച അവാര്‍ഡ് സന്ദര്‍ഭം നല്‍കിയിരിക്കുന്നു.
അക്ഷരശ്ലോകക്കാരുടെ മാസികയായ “കവനകൗതുക”ത്തില്‍ വൃത്തമൊപ്പിച്ച് തട്ടിപ്പടച്ച കുറേ ശ്ലോകങ്ങള്‍ അടിച്ചുവരാറുണ്ട്. അതിനെയൊന്നും ആരും കവിതകളായി കണക്കാക്കാറില്ല. ഇമ്മാതിരി നിലവാരമുള്ള കുറേ “കവന കൗതുക” ശ്ലോകങ്ങളേ പ്രഭാവര്‍മയുടെ ശ്യാമമാധവത്തിലുമുള്ളൂ. അതില്‍ കവിതയുടെ ആകാശവും ഭൂമിയും ഇല്ല. അതിനാല്‍ “ശ്യാമമാധവം” പോലൊരു കൃതിക്ക് സമ്മാനിക്കപ്പെടുക വഴി വയലാര്‍ അവാര്‍ഡിന്റെ ഗൗരവവും മഹത്വവുമാണ് ചോര്‍ന്നുപോയിരിക്കുന്നത്. ഇത്തരം കൃതികള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനേക്കാള്‍ “ഇത്തവണ അവാര്‍ഡ് അര്‍ഹിക്കുന്ന ഒരു കൃതി കണ്ടെത്താനായില്ല” എന്നു വയലാര്‍ പുരസ്‌കാര സമിതി പ്രഖ്യാപിച്ചിരുന്നെങ്കില്‍, അത് മലയാള ഭാഷക്കും വയലാറിനുമൊക്കെ അന്തസ്സേറിയ നടപടിയാകുമായിരുന്നു.
പാര്‍വതി പവനന്റെ “പവനപര്‍വ”ത്തിനും എം വി രാഘവന്റെ “ഒരു ജന്മം” എന്ന ആത്മകഥക്കും സിസ്റ്റര്‍ ജസ്മിയുടെ “ആമേന്‍” എന്ന തുറന്നെഴുത്തിനും പ്രൊഫ. ജോണ്‍സണിന്റെ “കുടിയന്റെ കുമ്പസാര”ത്തിനും മറ്റുമുള്ള ചരിത്രപ്രാധാന്യമോ സാമൂഹികവിമര്‍ശമൂല്യമോ വായനക്കാരുടെ അംഗീകാരമോ ഒന്നും നേടിയ ഒരു കൃതിയല്ല ശ്യാമമാധവം. മാത്രമല്ല, ചെറുകഥാ രംഗത്ത് വൈശാഖന്‍, അശോകന്‍ ചെരുവില്‍ എന്നിവരും കാവ്യരംഗത്ത് ഏഴാച്ചേരി രാമചന്ദ്രന്‍, റഫീഖ് അഹമ്മദ്, രാവുണ്ണി തുടങ്ങിയവരും വയലാര്‍ പുരസ്‌കാരത്തിന് തക്കതായ യോഗ്യതകളുള്ള സാമൂഹിക, രാഷ്ട്രീയ നിലപാടുകളോടെ ജീവിച്ചിരിക്കുന്നുണ്ട്. എന്നിട്ടും ശ്യാമമാധവത്തിനു തന്നെ അവാര്‍ഡ് നല്‍കിയത് അര്‍ഹതയല്ല, അവാര്‍ഡ് ലഭിക്കാന്‍ ആവശ്യമെന്നു പറയാന്‍ ഒരു ഉദാഹരണം കൂടി ഉണ്ടാക്കിയ നടപടിയായിപ്പോയി എന്നല്ലാതെ എന്തു പറയാന്‍?
കുരുക്ഷേത്ര യുദ്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ശ്രീകൃഷ്ണനും മരണാസന്ന വേളയില്‍ ചില വീണ്ടുവിചാരങ്ങള്‍ തോന്നി എന്നും അതിന്റെ കുറ്റബോധത്താല്‍ കറുത്ത ആത്മാവോടെയാണ് ശ്രീകൃഷ്ണന്‍ ജീവന്‍ വെടിയുന്നതെന്നുമൊക്കെയാണ് പ്രഭാവര്‍മയുടെ ഭാവനാവിലാസങ്ങള്‍. “യുദ്ധം ചെയ്യുക” എന്നു പറഞ്ഞ താനല്ല, മറിച്ച് “യുദ്ധമേ പാപം” എന്നു വാദിച്ച അര്‍ജുനനായിരുന്നു ശരി എന്നു കണ്ടെത്തുന്ന ഒരു കൃഷ്ണനാണ് ശ്യാമമാധവത്തിലേത്. കംസ, ജരാസന്ധന്മാരെന്ന ഏകാധിപതികളെ വധിച്ചത്, മുലയില്‍ വിഷം പുരട്ടി അമ്മ ചമഞ്ഞ് കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സ്‌നേഹപ്രകടനത്തോടെ വരുന്ന പൂതനയെ കൊന്നത്, കുടിനീരില്‍ വിഷം കലക്കുന്ന കാളിയനെ ചവിട്ടിക്കൊന്നത്, ഋതുമതിയായിരിക്കേ ഒരു സ്ത്രീയെ സഭാ മധ്യത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് വസ്ത്രാക്ഷേപം ചെയ്ത അധികാരദുശ്ശാസനങ്ങളെ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്, തന്നെ മനസാ വരിച്ച ഒരു യുവതിയെ എല്ലാ എതിര്‍പ്പുകളും അവഗണിച്ച് വിളിച്ചിറക്കി കൊണ്ടുവന്നത്, ഒരുപാട് ഭരണകൂടങ്ങളെ മാറ്റി മറിക്കാന്‍ കാരണപുരുഷനായിരുന്നപ്പോഴും ഒരു ഭരണാധികാര പദവിയിലും സ്വയം അവരോധിതനാകാതെ നിരീക്ഷകനായി മാറി നിന്നത്, സുഹൃത്തുക്കള്‍ക്ക് അവകാശപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍, അപമാനിക്കപ്പെടും എന്നുറപ്പുണ്ടായിട്ടും ഭൂതവൃത്തി ചെയ്തത്, സമൂഹം വിലകുറച്ചു കണ്ടിരുന്ന തേരാളിപ്പണി പോലും ചെയ്യാന്‍ സന്നദ്ധനായത്, ഇതൊക്കെയാണ് വ്യാസകൃഷ്ണന്‍ ചെയ്യുന്ന കര്‍മങ്ങള്‍. ഇതിലേതു കര്‍മമാണ് പിന്തിരിഞ്ഞു നോക്കുമ്പോള്‍ അരുതാത്തതെന്നു കണ്ടെത്തി പശ്ചാത്താപവിവശനാകാന്‍ മാത്രം തെറ്റായിരുന്നത് അഥവാ ധര്‍മവിരുദ്ധമായിരുന്നത്? വ്യാസകൃഷ്ണനെ കേന്ദ്ര കഥാപാത്രമാക്കി തൂലിക ചലിപ്പിക്കാനൊരുങ്ങുന്ന ഏതൊരു കവിയും ഇത്തരം നിരവധി ചോദ്യങ്ങളെ നേരിടേണ്ടതുണ്ട്. അത്തരം ഒരു ചോദ്യത്തേയും നേരിട്ട് സമാധാനം കണ്ടെത്തിയ ഒരു കവിയുടെ കൃതിയാണ് ശ്യാമമാധവമെന്ന് അതിന്റെ ആഖ്യാനത്താലോ ഭാവത്താലോ ദര്‍ശനത്താലോ തെളിയിക്കാനാകില്ല.
യേശുവിനെ ഒറ്റിക്കൊടുത്തതില്‍ കുറ്റബോധമനുഭവിച്ച്, ജൂദാസ്സ് ഒടുവില്‍ സ്വയം കെട്ടിത്തൂങ്ങി ചത്തതായി ക്രൈസ്തവ പുരാണങ്ങളില്‍ വായിക്കാം. നീതിമാനെ ഒറ്റിക്കൊടുത്തതിന്റെ മനഃസാക്ഷിക്കുത്താണ് ജൂദാസിന് സ്വയം തൂങ്ങി മരണം വിധിച്ചത്. യൂദാസിന് സമാനമായ മനഃസാക്ഷിക്കുത്ത് ശ്രീ കൃഷ്ണനുണ്ടാകണമെങ്കില്‍, യേശുവിനെ പോലെ നീതിമാന്മാരായിരുന്നു കൃഷ്ണന്‍ കൊന്നവരും കൊല്ലിച്ചവരുമായ കംസജരാസന്ധദുര്യോദനാദികള്‍ എന്നു വരണം. ഇത്തരമൊരഭിപ്രായം കംസാദികളെ സംബന്ധിച്ച്, ഒ എം വിക്ക് ശേഷം ജ്ഞാനപീഠമേറാന്‍ പോകുന്ന ഇടതുപക്ഷ കവിയായി ചെലരെങ്കിലും തെറ്റിദ്ധരിച്ചു കഴിഞ്ഞ പ്രഭാവര്‍മക്കുണ്ടെങ്കില്‍ വ്യാസകാവ്യങ്ങളെ ആധാരമാക്കി പ്രസ്തുത അഭിപ്രായം സ്ഥാപിക്കാന്‍ അദ്ദേഹത്തെ ഞാന്‍ വെല്ലുവിളിക്കുന്നു.
ഈ വെല്ലുവിളി പ്രഭാ വര്‍മയും അദ്ദേഹത്തിന്റെ സ്തുതിപാഠകരും ഏറ്റെടുത്താല്‍ മുഴുവന്‍ മലയാളികള്‍ക്കും ഒരു കാര്യം ബോധ്യപ്പെടും. അദ്ദേഹം മഹാഭാരതവും മഹാ ഭാഗവതവും ഒക്കെ വായിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതില്‍ നിന്നും കണ്ടെടുത്തത് കക്കകളാണ് മുത്തുകളല്ല എന്നതായിരിക്കും ആ കാര്യം. മാത്രമല്ല, ശ്രീ കൃഷ്ണനെ പ്രഭാവര്‍മ ശ്യാമമാധവത്തില്‍ അവതരിപ്പിക്കുന്ന യുക്തിയില്‍ ചിന്തിച്ചാല്‍, ടി പി വധത്തെ “ന്യായീകരിച്ചെഴുതിയ” ലേഖനങ്ങളുടെ പേരില്‍ പ്രഭാവര്‍മ ഭാവിയില്‍, പശ്ചാത്താപവൈവശ്യത്തിന്റെ ഇരുള്‍ ബാധിച്ച് പ്രഭയില്ലാത്ത വര്‍മ മാത്രമാകാനും ഇടയുണ്ടെന്നു കരുതേണ്ടിവരും. “ഞാനായിരുന്നില്ല; വെട്ടുവഴിക്കവികളായിരുന്നു ശരി”യെന്നു അദ്ദേഹവും പറഞ്ഞേക്കാനിടയുണ്ടെന്ന് ചുരുക്കം.
വി ഐ ലെനിനും സഖാക്കളും സര്‍ ചക്രവര്‍ത്തിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരെ റഷ്യന്‍ വിപ്ലവത്തിനിടയില്‍ കൊല്ലുകയും കൊല്ലിക്കുയും ചെയ്തിട്ടുണ്ട്. വ്യാസമൗനങ്ങള്‍ക്ക് ഭാഷ്യമെഴുതാന്‍ മാത്രം മികവേറിയ പ്രതിഭയുണ്ടെന്ന് അമ്പലപ്പുഴ ഗോപകുമാറിനെപ്പോലുള്ളവര്‍ സ്തുതിച്ചുവരുന്ന പ്രഭാവര്‍മ, ഭാവിയില്‍ ലെനിന്റെ മൗനങ്ങള്‍ക്കും ശബ്ദം നല്‍കി സര്‍ ചക്രവര്‍ത്തിയേയും കുടുംബാംഗങ്ങളെയും കൊന്നത് ശരിയായില്ലെന്നു ലെനിന്‍ ആത്മഗതം ചെയ്യുന്ന കാരുണ്യത്തിന്റെ കാവ്യം എഴുതി, കരിവെള്ളൂരിലും കാവുമ്പായിയിലും മുനയന്‍കുന്നിലും നടന്ന ജനകീയ പോരാട്ടങ്ങള്‍ കാരുണ്യരഹിതമായ “ക്രൂരകൃത്യ”ങ്ങളായിരുന്നു എന്നു പ്രഖ്യാപിച്ച അക്കിത്തത്തിന്റെ “ഇതിഹാസ” വഴിയേ സഞ്ചരിച്ചേക്കാനും ഇടയുണ്ട്. പക്ഷേ, ഇത്തരം സഞ്ചാരങ്ങളെ, ചോര കണ്ടാലുടനെ ബോധം മറിഞ്ഞ് കുഴഞ്ഞു വീണുപോകുന്ന ദൗര്‍ബല്യമാണ് കാരുണ്യം എന്നു തെറ്റിദ്ധരിക്കുന്നവര്‍ക്കു മാത്രമേ കാരുണ്യത്തിന്റെ മഹത്ഗീതികളായി പുരസ്‌കരിക്കാനാകൂ. അത്തരക്കാരാണ് “യുദ്ധമേ വേണ്ടെന്നു വാദിച്ച” അര്‍ജുനനായിരുന്നു ശരി എന്നു വിലയിരുത്തുന്ന “ശ്യാമമാധവ”ത്തേയും വയലാര്‍ അവാര്‍ഡ് നല്‍കി പുരസ്‌കരിച്ചിരിക്കുന്നത്.
യഥാര്‍ഥ ചരിത്രപുരുഷന്മാരെല്ലാം ഒന്നാം തരം കൊല്ലന്മാരുടെ പ്രകൃതമുള്ളവരാണ്. അവര്‍ കാരിരുമ്പിനെ പോലും തീയിലിട്ട് പഴുപ്പിച്ചെടുത്ത് വെട്ടി നുറുക്കി തുണ്ടങ്ങളാക്കും. പിന്നീടതേ തുണ്ടങ്ങളെ യഥോചിതം കൂട്ടിച്ചേര്‍ത്ത് വിത്ത് വിതക്കാനുള്ള നിലം ഉഴുതു മറിക്കാനുള്ള ഒന്നാന്തരം കലപ്പകളാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്യും. വെട്ടിമുറിക്കലിന്റെ കഠോരതയും വിളക്കിച്ചേര്‍ക്കലിന്റെ കലാപരതയും ഒരുപോലെ വശമായിരുന്ന മഹച്ചരിതന്മാരിലൂടെ മാത്രമേ പഴയ ലോകങ്ങള്‍ ഇടിച്ചുനിരത്തി പുതുലോകം പണിതുയര്‍ത്താനുള്ള വിപ്ലവ കല മാനവരാശി തൊട്ടറിഞ്ഞിട്ടുള്ളൂ.
ഇത്തരമൊരു ഐതിഹാസിക കഥാപാത്രം കംസനെയും ദുര്യോധനെയും പോലുള്ള നരാധമന്മാരെ കൊന്നതിലും കൊല്ലിച്ചതിലും പശ്ചാത്താപവിവശനായി ആത്മനിന്ദനം ചെയ്തു മരിക്കുന്നതായി ഭാവന ചെയ്യുന്ന ഒരു കാവ്യമെഴുതാന്‍ ലെനിനെ ആദരിക്കുന്ന ഒരു കമ്യൂണിസ്റ്റിന് കഴിയില്ല. ബുദ്ധനെ ആദരിച്ചിരുന്ന അംബേദ്കറെ പോലുള്ളവര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. കൊള്ളപ്പലിശക്കാരെ ചാട്ടക്കടിച്ചു പറപറത്തിയ യേശുവിനെ മാനിക്കുന്നവര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍, ചോദിക്കട്ടെ, ശ്യാമമാധവമെഴുതിയ പ്രഭാ വര്‍മയുടെ ആദര്‍ശപുരുഷന്‍ ആരാണ്? എനിക്ക് തോന്നുന്നത് പ്രഭാവര്‍മയുടെ മാതൃകാ പുരുഷന്മാര്‍ ഒ എന്‍ വിയും അക്കിത്തവുമാണെന്നാണ്. അവാര്‍ഡുകള്‍ കൂടെക്കൂടെ കിട്ടാന്‍ അവരുടെ ശൈലി മാതൃകയാക്കുന്നതാണ് നല്ലതും.
എന്നാല്‍, ചരിത്രഗതിയെ നിര്‍ണയിക്കുന്നതും മാറ്റിമറിക്കുന്നതുമായ എന്തെങ്കിലും ചിന്തിക്കാനോ എഴുതാനോ പറയുന്നവനോ എഴുതുന്നവനോ ഒ എന്‍ വിയെയും അക്കിത്തെയുമല്ല, ലെനിനെയും ചെഗുവേരയെയും ഹോചിമിനെയും മറ്റും മാതൃകയാക്കുന്നതും ധര്‍മയുദ്ധത്തിന്റെ പാഞ്ചജന്യം മുഴക്കിയ ശ്രീകൃഷ്ണനെയും ഭോഗരാവണന്റെ നെഞ്ചകം പിളര്‍ക്കാന്‍ വില്ല് കുലച്ച ത്യാഗരാമന്റെയും ധര്‍മവീര്യത്തെയും മറ്റും ഉള്‍ക്കൊള്ളുന്നതും ഒക്കെയായിരിക്കും ആരോഗ്യകരം.

shakthibodhiviswa@gmail.com

---- facebook comment plugin here -----

Latest