Connect with us

Kerala

ലാവ്‌ലിന്‍: കുറ്റപത്രത്തില്‍ പാളിച്ച സംഭവിച്ചുവെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി ബി ഐക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. കുറ്റപത്രത്തിലെ കണ്ടെത്തല്‍ അപൂര്‍ണമാണെന്നും കുറ്റപത്രത്തില്‍ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം സി ബി ഐ പ്രത്യേക കോടതി നിരീക്ഷിച്ചു. അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച കോടതി, ഭരണസംവിധാനത്തിലെ പാളിച്ചക്ക് വ്യക്തി എങ്ങിനെ ഉത്തരവാദിയാകുമെന്നും ചോദിച്ചു. കേസില്‍ പ്രതിയായ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വിടുതല്‍ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

കനേഡിയന്‍ കമ്പനിയായ സിഡ, ഇഡിസി എന്നിവയാണ് മലബാര്‍ ക്യാന്‍സര്‍ സെന്ററിന് സഹായം വാഗ്ദാനം ചെയ്തത്. ഇവരുടെ ധനസഹായത്തിനായി കരാര്‍ ഉണ്ടാക്കിയില്ലെന്നാണ് സി ബി ഐ കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ ഈ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ എസ് എന്‍ സി ലാവ്‌ലിനുമായി സര്‍ക്കാര്‍ എങ്ങനെ കരാര്‍ ഒപ്പുവെക്കുമെന്ന് കോടതി ചോദിച്ചു.

നിയമ സാധുതയില്ലാത്ത കരാറില്‍ ഏര്‍പ്പെടാത്തതിന്റെ പേരില്‍ ആരെയെങ്കിലും പ്രതിചേര്‍ക്കാന്‍ കഴിയുമോ എന്ന് ചോദിച്ച കോടതി ഭരണകൂടത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പിണറായി എടുത്ത നിലപാടുകള്‍ എങ്ങനെ വ്യക്തിപരമായ പോരായ്മയാകുമെന്നും ആരാഞ്ഞു.

അതേസമയം കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടി നല്‍കാനായില്ല. തുടര്‍ന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് മറുപടി നല്‍കാന്‍ കോടതി സമയം അനുവദിച്ചുനല്‍കി. ഹരജി വിധി പറയാനായി കോടതി നവംബര്‍ അഞ്ചിലേക്ക് മാറ്റി.

 

Latest