Connect with us

Kerala

സബ്‌സിഡി തുക കിട്ടാതെ കെ എസ് ഇ ബി വിയര്‍ക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ചെറുകിട ഗാര്‍ഹിക ഉപഭോക്താക്കളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി തുക ഇനിയും കെ എസ് ഇ ബിക്ക് നല്‍കിയില്ല. സബ്‌സിഡി അനുവദിച്ച വകയില്‍ ഇതുവരെ 425 കോടി രൂപയാണ് ബോര്‍ഡിന് നല്‍കാനുള്ളത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കെ എസ് ഇ ബിയുടെ ആവശ്യം ധനവകുപ്പ് തള്ളി.

അതേസമയം, ഒടുവില്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ പ്രഖ്യാപിച്ച സബ്‌സിഡിയുടെ സമയപരിധി തീര്‍ന്നതോടെ ചെറുകിട ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കി തുടങ്ങിയിട്ടുണ്ട്. 120 യൂനിറ്റ് വരെയുള്ളവരെ മൂന്ന് മാസത്തേക്ക് നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഈ സമയപരിധി അവസാനിച്ചതോടെയാണ് ഈ ഗണത്തില്‍പ്പെടുന്നവരെയും വര്‍ധിപ്പിച്ച നിരക്കിന്റെ ഭാഗമാക്കിയത്.
സബ്‌സിഡി അനുവദിച്ച വകയില്‍ ഇതുവരെ 75 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ കെ എസ് ഇ ബിക്ക് നല്‍കിയത്. ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും അതിനേക്കാള്‍ വലിയ പ്രതിസന്ധി പറഞ്ഞ് ധനവകുപ്പ് ഇത് തള്ളി.
2012 ജുലൈയിലും ഈ വര്‍ഷം മെയിലുമാണ് റഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തിയത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ 120 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
120 യൂനിറ്റുവരെ പ്രതിമാസ ഉപയോഗമുള്ള അറുപത്തിയൊന്‍പത് ലക്ഷം ഉപയോക്താക്കള്‍ക്കാണ് ഇതിന്റെ നേട്ടം ലഭിച്ചത്. സബ്‌സിഡി നല്‍കുന്നതിലൂടെ 294.02 കോടിരൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നും ഈ തുക സര്‍ക്കാര്‍ ബോര്‍ഡിനു നല്‍കാമെന്നും ധാരണയുണ്ടാക്കി. 25.5 കോടി രൂപ ആദ്യമാസം നല്‍കിയെങ്കിലും പിന്നീട് ധനവകുപ്പ് കൈമലര്‍ത്തി. വൈദ്യുതി ബോര്‍ഡ് പലതവണ ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് കേട്ടഭാവം നടിച്ചതുമില്ല.
കഴിഞ്ഞ മെയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചപ്പോഴും സര്‍ക്കാര്‍ സബ്ഡിസി പ്രഖ്യാപനം ആവര്‍ത്തിച്ചു. പത്ത് കോടി രൂപ കൂടി ബോര്‍ഡിന് നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച സബ്‌സിഡി തുകയും സര്‍ക്കാര്‍ അനുവദിച്ചില്ല.
മൂന്ന് മാസം കഴിഞ്ഞതോടെ ഈ വര്‍ഷം വരുത്തിയ നിരക്ക് വര്‍ധനക്ക് നല്‍കിയ ഇളവ് പിന്‍വലിച്ചു. ഇതോടെ 120 യൂനിറ്റ് വരെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി നിരക്ക് വലിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. വര്‍ധിപ്പിച്ച നിരക്കിലുള്ള ബില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കി തുടങ്ങിയിട്ടുണ്ട്. 40 മുതല്‍ എണ്‍പത് യൂനിറ്റുവരെ ഒറ്റ സ്ലാബാക്കി യൂനിറ്റിന് 2.20 രൂപ നിരക്കാണ് ഈടാക്കുന്നത്.
പൂജ്യത്തിനും നാല്‍പ്പതിനും ഇടയിലുണ്ടായിരുന്ന ഒരു സ്ലാബ് എടുത്ത് കളഞ്ഞതിനാല്‍ നാല്‍പത് കഴിഞ്ഞ് ഒരു യൂനിറ്റു കൂടി അധികം ഉപയോഗിച്ചാല്‍ തുടക്കം മുതലുള്ള ഓരോ യൂനിറ്റിനും 2.20 രൂപ നല്‍കേണ്ടിവരുന്നു. 81നും 120നും യൂനിറ്റിനിടയില്‍ വരുന്നവരില്‍ നിന്ന് യൂനിറ്റിന് മൂന്നു രൂപ വീതവുമാണ് സബ്‌സിഡി പിന്‍വലിച്ചതോടെ ഈടാക്കുന്നത്.
സബ്‌സിഡി തുക നല്‍കാന്‍ വിമുഖത കാട്ടിയതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം ബോര്‍ഡ് വീണ്ടും കത്ത് നല്‍കി. വേനല്‍ക്കാലത്ത് പുറത്തുനിന്നും ഉയര്‍ന്ന തുകക്ക് വൈദ്യുതി വാങ്ങേണ്ടിവന്നതിനാല്‍ ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത വര്‍ധിച്ച സാഹചര്യം കൂടി വിശദീകരിച്ചായിരുന്നു കത്ത്. ധനവകുപ്പ് ഇതും കണ്ടതായി നടിച്ചില്ല.
സംസ്ഥാനം നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് കത്ത് മടക്കിയത്. മന്ത്രി തല ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലമുണ്ടായില്ല. ഈ നിലതുടര്‍ന്നാല്‍ സര്‍ക്കാറിനെതിരെ റഗുലേറ്ററി കമ്മീഷനെ സമീപിക്കാനും ബോര്‍ഡ് ആലോചിക്കുന്നുണ്ട്.
മുമ്പ്് ധനവകുപ്പ് തുക നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. റഗുലേറ്ററി കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്നാണ് 25 കോടി രൂപ അനുവദിക്കുകയും ചെയ്തു. സബ്‌സിഡി തുക ലഭിക്കണമെന്നാവശ്യപ്പെട്ട് സമാന രീതിയില്‍ റെഗുലേറ്ററി കമ്മീഷനെ സമീപിക്കേണ്ട അവസ്ഥയിലാണ് ബോര്‍ഡ്.

Latest