Connect with us

Kerala

നഷ്ടം പെരുകാന്‍ പലതുണ്ട് കാരണം

Published

|

Last Updated

അയല്‍ സംസ്ഥാനങ്ങളിലുള്‍പ്പെടെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ ലാഭത്തിന്റെ കണക്കുകളുമായി സര്‍വീസ് നടത്തുമ്പോഴാണ് കെ എസ് ആര്‍ ടി സി ഓരോ ദിവസവും 61 കോടി രൂപയുടെ നഷ്ടം സഹിച്ച് മുടന്തി നീങ്ങുന്നത്. മുപ്പതിനായിരത്തിലധികം ജീവനക്കാര്‍, 6200 ഓളം ബസുകള്‍, 5555 സര്‍വീസുകള്‍, ഓടിയെത്തുന്നത് 15 ലക്ഷത്തോളം കീലോമീറ്റര്‍, ദിവസവും യാത്ര ചെയ്യുന്നത് നാല്‍പ്പത് ലക്ഷത്തോളം യാത്രക്കാര്‍….. കണക്കുകള്‍ ഇങ്ങിനെയൊക്കെയായിട്ടും ഇന്ത്യയിലെ തന്നെ ഏറ്റവും കൂടിയ യാത്രാക്കൂലി ഈടാക്കുന്ന കെ എസ് ആര്‍ ടി സി ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇടംപിടിച്ചതിന് പിന്നില്‍ ഡീസലിനെ മാത്രം കുറ്റം പറയാനാവില്ല. കെ എസ് ആര്‍ ടി സിയെ രക്ഷിക്കാനുള്ള ഫലപ്രദമായ നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നതാണ് വാസ്തവം.
ബംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും സംയുക്തമായി കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന്റെ ഖജനാവിലെത്തിച്ചത് 110.35 കോടി രൂപയാണ്. ബംഗളൂരു മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നേടിയത് 50.35 കോടിയും കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നേടിയത് 65 കോടി രൂപയുമായിരുന്നു. മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ കഴിഞ്ഞ വര്‍ഷം ലാഭമുണ്ടാക്കിയത് 59.15 കോടി രൂപയാണ്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ 2012 ല്‍ നേടിയത് 101 കോടി രൂപയുടെ ലാഭമാണ്. ഹരിയാന റോഡ്‌വേയ്‌സ് നേടിയത് 5.86 കോടിയുടെ വരുമാനമാണ്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ 2012 ല്‍ വരുമാനത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകള്‍ ഇങ്ങിനെയാണെങ്കില്‍ കെ എസ് ആര്‍ ടി സി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകള്‍ തങ്ങളുടെ സര്‍വീസുകള്‍ ലാഭകരമാക്കാന്‍ ശ്രമം നടത്തുമ്പോള്‍ കേരളത്തില്‍ ഇത് പരിശോധിച്ച് നടപടിയെടുക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ലെന്നതാണ് കൗതുകം.
ഡിസല്‍ വിലയിലെ സബ്‌സിഡി നീക്കിയ ശേഷം കെ എസ് ആര്‍ ടി സിക്ക് ഒരു കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ 40.97 രൂപയാണ് ചെലവ് വരുന്നത്. ഇതില്‍ ബസ് ഓടിയാലും ഇല്ലെങ്കിലും നല്‍കേണ്ടി വരുന്ന ശമ്പളം, പലിശ, നികുതി, ഇന്‍ഷ്വറന്‍സ് എന്നിവയടങ്ങുന്ന വേരിയബിള്‍ കോസ്റ്റ് മാത്രം 24.10 രൂപ വരും. ഓടിയാല്‍ മാത്രം ചെലവാകുന്ന ഡീസല്‍, അറ്റക്കുറ്റപ്പണി എന്നിവയടങ്ങുന്ന വേരിയബിള്‍ കോസ്റ്റ് 16.87 രൂപയാണ്. ബസ് ഓടിക്കാന്‍ മാത്രം ചെലവാകുന്ന ഈ തുക പോലും ലഭിക്കാത്ത 1750 ഓര്‍ഡിനറി സര്‍വീസുകളാണ് കെ എസ് ആര്‍ ടി സിക്ക് നിലവിലുള്ളത്. ഇതില്‍ ജനങ്ങള്‍ക്ക് ഏക ആശ്രയമായി സര്‍വീസ് നടത്തുന്ന ബസുകള്‍ 350 എണ്ണം മാത്രമാണ്. സ്വകാര്യ ബസുകളുമായി മല്‍സരിക്കേണ്ടി വരുന്നതിനാലാണ് ബാക്കിയുള്ളവക്ക് വരുമാനം കുറയാന്‍ കാരണം. കെ എസ് ആര്‍ ടി സി ഓര്‍ഡിനറിയായി സര്‍വീസ് നടത്തുമ്പോള്‍ 6000 രൂപയാണ് ശരാശരി വരുമാനം കിട്ടുന്നതെങ്കില്‍ ഇതേ സര്‍വീസ് ഫാസ്റ്റാക്കി മാറ്റിയാല്‍ ചെലവില്‍ വ്യത്യാസമില്ലാതെ തന്നെ 15,000 രൂപ വരെ നേടാന്‍ കഴിയും. ഡബിള്‍ ഡ്യൂട്ടി സംവിധാനത്തില്‍ 250 കിലോമീറ്റര്‍ ഓടുന്ന കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ഫാസ്റ്റാക്കിയാല്‍ അതേ അധ്വാനത്തില്‍ തന്നെ 450 കിലോമീറ്റര്‍ വരെ ഓടിക്കാനുമാകും.
കേരളത്തില്‍ 28 ശതമാനം ബസുകള്‍ മാത്രമാണ് കെ എസ് ആര്‍ ടി സിയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്. 17000 സ്വകാര്യ ബസുകളുള്ള സംസ്ഥാനത്ത് 5555 ബസുകള്‍ മാത്രമാണ് കെ എസ് ആര്‍ ടി സിക്കുള്ളത്. പ്രധാന റോഡുകളെല്ലാം ദേശസാത്കരിക്കപ്പെട്ട തിരുവനന്തപുരം ജില്ലയില്‍ പോലും മാറി വരുന്ന സര്‍ക്കാറുകള്‍ സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്.
80 ശതമാനം റോഡുകളും വാഹനങ്ങളും സര്‍ക്കാര്‍ കമ്പനിയുടെ കീഴില്‍ വരുന്നത് വരെ കെ എസ് ആര്‍ ടി സി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് സ്വപ്‌നം കാണാന്‍ പോലും നമുക്കാവില്ല. ലോക വിപണിയില്‍ എണ്ണ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വരുമ്പോഴേക്കും സര്‍വീസുകള്‍ റദ്ദാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്ന അധികൃതരില്‍ നിന്നും ഉടനെയൊന്നും ഇതു പ്രതീക്ഷിക്കാനുമാവില്ല.

---- facebook comment plugin here -----

Latest