Connect with us

Articles

വരവ് ചെലവിലെ കണക്കിന്റെ കളികള്‍

Published

|

Last Updated

ട്രഷറികള്‍ ഞെരുങ്ങുമ്പോള്‍ മാണി സാര്‍ മുണ്ടുമുറുക്കുകയാണ്. നാട്ടുകാര്‍ക്ക് നല്‍കുന്ന ആഹ്വാനവും അത് തന്നെ. ധനപ്രതിസന്ധിയുണ്ടെന്ന് മാണി സമ്മതിക്കില്ല. ചെറിയൊരു പ്രശ്‌നം. അതിന് ചെറിയൊരു നിയന്ത്രണം. വരുമാനത്തേക്കാള്‍ ചെലവ് കൂടി. അത്രയേ ഉള്ളൂ. അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് മാണിയുടെ വിശദീകരണം ഇത്രമാത്രം. എന്നാല്‍, സംസ്ഥാന ഖജനാവില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒട്ടും ശുഭകരമല്ല. ധനകാര്യ മാനേജ്‌മെന്റില്‍ അധ്വാനവര്‍ഗ സിദ്ധാന്തം പ്രയോഗിച്ച് നിവര്‍ന്നു നില്‍ക്കാന്‍ കഴിയുമോയെന്ന പരീക്ഷണത്തിലാണ് ധനമന്ത്രിയുള്ളത്.
എന്തു കൊണ്ട് ട്രഷറി മൈനസിലേക്ക് പോയെന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ട് വലിയ ഗവേഷണത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ഭരണത്തലവന്‍മാര്‍, ആസ്ഥാന ഉദ്യോഗസ്ഥര്‍ എന്ന ഹെഡില്‍ ചെലവഴിച്ച തുകയുടെ കണക്കും നികുതി വരുമാനത്തില്‍ വന്‍കിടക്കാരില്‍ നിന്ന് പിരിഞ്ഞു കിട്ടാനുള്ള വിഹിതവും ചേര്‍ത്ത് വായിച്ചാല്‍ പ്രതിസന്ധിക്കുള്ള ലളിതമായ ഉത്തരം ലഭിക്കും. പോയ രണ്ട് വര്‍ഷം ഇപ്പോള്‍ വരുത്തിയ നിയന്ത്രണങ്ങള്‍ ചെറിയ തോതിലെങ്കിലും ഏര്‍പ്പെടുത്തുന്നതിനൊപ്പം ഖജനാവിലേക്ക് വന്നുചേരേണ്ട കോടികള്‍ എത്തുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക കൂടി ചെയ്തിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെയൊരു നിയന്ത്രണത്തിന്റെ ആവശ്യം വരുമായിരുന്നില്ല.
ആറ് ഡ്രൈവര്‍മാരെയും ഏഴ് അറ്റന്‍ഡര്‍മാരെയുമെല്ലാം പേഴ്‌സണല്‍ സ്റ്റാഫില്‍ നിയോഗിച്ചിരിക്കുന്ന മന്ത്രിമാരുള്ള നാട്ടില്‍ പ്രതിസന്ധി രൂപപ്പെടാന്‍ വലിയ കാരണങ്ങള്‍ തേടി പോകേണ്ടി വരില്ല.
21 സ്റ്റാഫിനെ നിയോഗിച്ച ഒരു മന്ത്രിയുടെ െ്രെഡവര്‍മാര്‍ക്ക് മാത്രം കൊടുക്കുന്ന ശമ്പളം 1,37,225 രൂപയാണ്. മറ്റൊരാളുടെത് ഒരു ലക്ഷത്തോളം രൂപ. ഡ്രൈവര്‍മാര്‍ക്ക് മാത്രം ഓരോ മാസവും 75,000നു മേല്‍ ശമ്പളം നല്‍കുന്ന മന്ത്രിമാരാണ് ഭൂരിഭാഗവും. സ്വന്തം സ്റ്റാഫിലെ അറ്റന്‍ഡര്‍ക്ക് 87,702 രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു മന്ത്രി ശമ്പളം നല്‍കുന്നത്. ഓരോ മന്ത്രിക്കും പതിനഞ്ച് മുതല്‍ ഇരുപത്തി അഞ്ച് വരെ സ്റ്റാഫംഗങ്ങകളുണ്ട്. രണ്ടും മൂന്നും ബിരുദാനന്തരബിരുദം കൈയില്‍ വെച്ച് തെക്കു വടക്ക് നടക്കുന്ന പതിനായിരങ്ങളുള്ള നാട്ടില്‍ പത്താം തരം പാസാകാത്തവര്‍ വരെ മന്ത്രിമാരുടെ പേഴ്‌സല്‍ സ്റ്റാഫിലെത്തി വന്‍തുക ശമ്പളം പറ്റുന്നു.
സകുടുംബവും അല്ലാതെയും പരിവാരസമേതം മന്ത്രിമാര്‍ നടത്തിയ വിദേശയാത്രകള്‍ക്കായി കോടികളാണ് ചെലവഴിച്ചത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നതും ഇത് തന്നെ. 620 ദിവസത്തെ ഭരണത്തിനിടെ 369 ദിവസവും മന്ത്രിമാര്‍ വിദേശത്ത് തന്നെ. 2012 ഡിസംബര്‍ വരെ 85 വിദേശയാത്രകള്‍ മന്ത്രിമാരെല്ലാം ചേര്‍ന്ന് നടത്തിയപ്പോള്‍ ഇതില്‍ 50 യാത്രകളും സ്വകാര്യാവശ്യത്തിനായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഈ വര്‍ഷം ഇതുവരെയുള്ള കണക്ക് കൂടി ശേഖരിച്ചാല്‍ എണ്ണവും ചെലവും ഇനിയും ഉയരും. സര്‍ക്കാര്‍ ഖജനാവിലെ പണം മുടക്കി സ്വകാര്യ, ബിസിനസ് താത്പര്യങ്ങള്‍ക്ക് വേണ്ടി വിദേശ യാത്രകള്‍ നടത്തുന്നത് എങ്ങനെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, പി കെ അബ്ദുര്‍റബ്ബ്, കെ ബാബു, പി കെ കുഞ്ഞാലിക്കുട്ടി, കെ പി മോഹനന്‍, ഡോ. എം കെ മുനീര്‍, വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മഞ്ഞളാംകുഴി അലി, അനൂപ് ജേക്കബ് എന്നീ മന്ത്രിമാരും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും കഴിഞ്ഞ വര്‍ഷം നടത്തിയ വിദേശയാത്രകളെല്ലാം സ്വകാര്യാവശ്യങ്ങള്‍ക്കു മാത്രമായിരുന്നു. സ്വകാര്യാവശ്യങ്ങള്‍ക്കായി ഇവര്‍ 374 ദിവസമാണ് വിദേശത്ത് തങ്ങിയത്. ഏറ്റവുമധികം തവണ വിദേശയാത്ര നടത്തിയത് മന്ത്രി ഷിബു ബേബി ജോണാണ്.
സഊദി അറേബ്യ, യു എ ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, അമേരിക്ക, സിംഗപ്പൂര്‍, ജര്‍മനി, യു കെ, ജനീവ, സ്‌പെയിന്‍, ബഹ്‌റൈന്‍, ദക്ഷിണാഫ്രിക്ക, ചൈന, ജപ്പാന്‍ തുടങ്ങി പല രാജ്യങ്ങളായി കറങ്ങി നടന്നപ്പോള്‍ ഖജനാവില്‍ നിന്നു ചോര്‍ന്ന കോടികളെക്കുറിച്ച് ആര്‍ക്കും ആശങ്കകള്‍ ഉണ്ടായില്ല. കാബിനറ്റ് റാങ്കും അതുവഴി ലഭിച്ച പരിവാരങ്ങളുമായി ചീഫ് വിപ്പ് പി സി ജോര്‍ജും ഖജനാവിലെ പണം കൊണ്ട് സ്വകാര്യാവശ്യത്തിന് വിദേശത്ത് പോയി. കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് മന്ത്രിമാരുടെ വിദേശയാത്രക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ധന വകുപ്പ് അറിയിച്ചിരിക്കുന്നത്. നിയന്ത്രണം വരുത്താന്‍ ഇപ്പോഴെങ്കിലും തോന്നിയത് അത്രയും നല്ലത്.
സര്‍ക്കാറിലേക്ക് പുതിയ വാഹനം വാങ്ങുന്നതിന് പകരം കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഉപയോഗിക്കാനാണ് മറ്റൊരു തീരുമാനം. മുന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയോഗിക്കപ്പെട്ട ആര്‍ ബാലകൃഷ്ണ പിള്ളക്ക് 14 ലക്ഷം രൂപ മുടക്കി പുതിയ ഇന്നോവ കാര്‍ വാങ്ങാന്‍ ഉത്തരവിറക്കിയതിന്റെ മഷി ഉണങ്ങും മുമ്പാണ് ഇങ്ങനെയൊരു നിയന്ത്രണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ഈ പ്രഖ്യാപനങ്ങളുടെ ലക്ഷ്യമെന്ന് ഇതില്‍ തന്നെ വ്യക്തം. ടൂറിസം വകുപ്പില്‍ നിരവധി കാറുകള്‍ ഇപ്പോള്‍ തന്നെ ഉണ്ടെന്നിരിക്കെ പുതിയത് വേണമെന്ന ശാഠ്യം അംഗീകരിക്കപ്പെടാവുന്നതല്ല. മുന്നാക്ക വിഭാഗ കോര്‍പ്പറേഷന് മാത്രം കാബിനറ്റ് പദവി നല്‍കിയതില്‍ തന്നെ അനീതി നില്‍ക്കുമ്പോഴാണ് കോര്‍പ്പറേഷന്‍ ഫണ്ടിലെ പണം കാര്‍ വാങ്ങാന്‍ ഉപയോഗിക്കില്ലെന്നും അത് സര്‍ക്കാര്‍ വാങ്ങിത്തരണമെന്നും പിള്ള വാശി പിടിച്ചത്.
പ്രതീക്ഷിച്ച വരുമാന വര്‍ധനയില്ലാത്തതാണ് പ്രതിസന്ധിയുടെ അടിസ്ഥാനമായി ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ ചെക്ക്‌പോസ്റ്റുകളില്‍ ചോരുന്ന കോടികള്‍ ആരുടെ കൈകളിലെത്തുന്നുവെന്ന് അന്വേഷിച്ചാല്‍ ഈ വരുമാന വര്‍ധനവ് ഇല്ലാതെ പോയതിന്റെ കാര്യം ബോധ്യപ്പെടും. ബജറ്റില്‍ പ്രതീക്ഷിച്ച വരവും ചെലവും തമ്മില്‍ 5600 കോടി രൂപയുടെ വിടവാണുണ്ടായിരിക്കുന്നത്. ട്രഷറികള്‍ നേരിടുന്ന ഞെരുക്കം താളം തെറ്റുന്ന വാര്‍ഷിക പദ്ധതികളില്‍ നിന്ന് തന്നെ വ്യക്തമാകും. സാമ്പത്തിക വര്‍ഷം ആറ് മാസം പിന്നിട്ടിട്ടും നാമമാത്രമാണ് പദ്ധതി വിനിയോഗം. തദ്ദേശ സ്ഥാപനങ്ങളില്‍ 10 ശതമാനത്തില്‍ താഴെയാണിത്. ആവശ്യമായ പണം ഇല്ലാതെ വന്നത് വാര്‍ഷിക പദ്ധതിയെ കാര്യമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പദ്ധതി വെട്ടിക്കുറക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും എങ്ങനെ മുന്നോട്ടുപോകുമെന്ന് കണ്ടറിയണം. സാമ്പത്തിക പ്രതിസന്ധി ഇല്ലാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷം പദ്ധതി പൂര്‍ണമായി നടപ്പാക്കാനായിരുന്നില്ല. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസങ്ങളിലാണ് 5,000 കോടിയോളം രൂപ ചെലവിട്ടത്. ഇക്കൊല്ലം 4,000 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാത്രമായി മാറ്റിവെച്ചതാണ്. 21 ശതമാനം തുക അധികം വരുന്ന പദ്ധതി തയാറാക്കിയപ്പോള്‍ അതിനനുസരിച്ച് വരുമാന വളര്‍ച്ചയും ലക്ഷ്യമിട്ടെങ്കിലും ഒന്നും നടക്കാത്ത സ്ഥിതിയാണിപ്പോള്‍.
അധിക തസ്തിക അനുവദിച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ധന വകുപ്പ് ഉയര്‍ത്തിക്കാട്ടുന്നത്. പെന്‍ഷന്‍ പ്രായം ഏകീകരിച്ചതിലൂടെയുണ്ടായ നേട്ടത്തെക്കുറിച്ച് അപ്പോഴും മിണ്ടുന്നില്ല. പെന്‍ഷന്‍ പ്രായം ഏകീകരിക്കുകയും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയും ചെയ്തപ്പോഴുണ്ടായ യുവജന രോഷം തണുപ്പിക്കാനാണ് കുറച്ച് തസ്തികകള്‍ അനുവദിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അനുവദിച്ച 15,000 അധിക തസ്തിക അനുവദിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വര്‍ഷം 440 കോടി രൂപയുടെ ബാധ്യത ഇതുവഴിയുണ്ടായെന്നും വാദിക്കുന്നു. പോലീസ്, വിദ്യാഭ്യാസ വകുപ്പുകളിലായിരുന്നു അധിക തസ്തികകളില്‍ ഭൂരിപക്ഷവും. തസ്തികകള്‍ സൃഷ്ടിക്കുന്നത് പുതുമയുള്ള കാര്യവുമല്ല. കുറേ തസ്തികകള്‍ കേന്ദ്ര പദ്ധതികളുടെ ഭാഗമായി വരുന്നതുമാണ്. ആ ഗണത്തില്‍പ്പെടുന്നതിന്റെ സാമ്പത്തിക ബാധ്യതയുടെ വലിയൊരു പങ്ക് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാറുമാണ്. അതു കൊണ്ട് തന്നെ അധിക തസ്തികയാണ് പ്രതിസന്ധിയുടെ അടിസ്ഥാനമെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് കരുതുക വയ്യ.
പിടിപ്പുകേട് കൊണ്ട് വരുത്തിയ പ്രതിസന്ധിയുടെ ബാധ്യത ഏതായാലും സാധാരണക്കാരുടെ പിടലിയില്‍ തന്നെയാണ് വരുന്നത്. രജിസ്‌ട്രേഷന്‍ രംഗത്തുള്‍പ്പെടെ വരുത്തിയ അധിക ബാധ്യതകള്‍ സാധാരണക്കാരന് വലിയ തിരിച്ചടിയാകും.
നികുതി ചോര്‍ച്ച തടയാന്‍ ഊര്‍ജിത നടപടിയെടുക്കുമെന്നും ചെക്ക്‌പോസ്റ്റുകളിലെ പരിശോധന കര്‍ക്കശമാക്കുമെന്നുമാണ് മന്ത്രി പറയുന്നത്. നികുതി കുടിശ്ശികകളുടെ സ്റ്റേ കേസുകളില്‍ അവ വെക്കേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ എ ജിയുമായി ആലോചിച്ച് ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മന്ത്രിമാരുടെ ഓഫീസ് ഇടപെട്ട് നല്‍കിയ സ്റ്റേകള്‍ ഒഴിവാക്കിയാല്‍ മാത്രം വലിയൊരു തുക ഖജനാവിലേക്കെത്തും.

vnr.kmb@gmail.com

Latest