Connect with us

Kerala

തിരുവഞ്ചൂര്‍ എല്ലാ തെറ്റുകളുടെയും വിളനിലമെന്ന് പി സി ജോര്‍ജ്

Published

|

Last Updated

കോട്ടയം: സംസ്ഥാനത്തെ എല്ലാ തെറ്റുകളുടെയും വിളനിലമാണ് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. കേരളം കണ്ട ഏറ്റവും മോശം ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂരെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഞാന്‍ പൊട്ടിയ പന്തായിരിക്കാം. എന്നാല്‍ തിരുവഞ്ചൂര്‍ വീര്‍ത്തിരിക്കുന്ന ബലൂണാണ്. ഞാന്‍ തൊട്ടാല്‍ അത് പൊട്ടുമെന്നും ജോര്‍ജ് പറഞ്ഞു. ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ ആഭ്യന്തരമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്. തിരുവഞ്ചൂര്‍ ആഭ്യന്തര മന്ത്രിയാകും മുമ്പേ സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ ചെയ്തുവെന്ന വാദം പുകമറ സൃഷ്ടിക്കലാണ്. സി ബി ഐ അന്വേഷണം സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ ഇറക്കാനുള്ള കാബിനറ്റിന്റെ അധികാരത്തെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നില്ല. അന്ന് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാതിരുന്നതിന് പിന്നില്‍ ആരായിരുന്നു എന്ന് വ്യക്തമാക്കണം.
തിരുവഞ്ചൂര്‍ കോട്ടയത്ത് ദല്ലാള്‍ നന്ദകുമാറിനെ കണ്ടതിന് സാക്ഷികളുണ്ട്. അദ്ദേഹം തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന് പറയുന്ന സമയം ചിലപ്പോള്‍ ശരിയായിരിക്കും. എന്നാല്‍ അന്ന് വൈകിട്ട് ഏഴ് മണിയോടെ തിരുവഞ്ചൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നന്ദകുമാറിനെ സര്‍ക്കാര്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നത് കണ്ടവരുണ്ട്. എല്ലാം കഴിഞ്ഞ് രാത്രി ഒമ്പതരയോടെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടാകാം. പലരെയും കാണുന്ന രാഷ്ട്രീയ ദല്ലാളായി നന്ദകുമാര്‍ ഏത് ഏജന്‍സി പണിക്കാണ് തിരുവഞ്ചൂരിനെ കണ്ടതെന്ന് വ്യക്തമാക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്നോ നാലോ കേസില്‍ വിജിലന്‍സ് അന്വേഷണം നന്ദകുമാറിനെതിരെ നടക്കുമ്പോള്‍ എന്തിനാണ് രാത്രി തിരുവഞ്ചൂര്‍ അയാളെ വിളിച്ചത്. മുഖം മൂടി വലിച്ചുകീറുമെന്ന് പറഞ്ഞത് വെറുതേയല്ല. വ്യക്തമായ കാഴ്ചപ്പാട് ഇക്കാര്യത്തിലുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും കെ പി സി സി പ്രസിഡന്റിനും യു ഡി എഫ് കണ്‍വീനര്‍ക്കും ഏ കെ ആന്റണിക്കും കത്ത് നല്‍കിയിട്ടുണ്ട്. അവര്‍ ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. അവരുടെ മറുപടിക്ക് കാത്തിരിക്കേണ്ട മര്യാദയുണ്ട്.
92 വയസ്സുള്ള വി എസ് അച്യുതാനന്ദന്റെ കൈ മുത്തിയെന്നത് വലിയ കുറ്റമല്ല. അദ്ദേഹത്തോട് ബഹുമാനമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടിനെതിരെ താന്‍ നല്‍കിയ കേസാണ് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നത്. അച്യുതാനന്ദനെതിരെ പ്രസ്താവനയിറക്കുകയും അദ്ദേഹത്തെ സഹായിക്കാന്‍ രഹസ്യമായി കച്ചവടം ഉറപ്പിക്കുകയും ചെയ്യുന്ന തിരുവഞ്ചൂരിന്റെ പണി തനിക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. തിരുവഞ്ചൂരിനോട് വ്യക്തിപരമായി യാതൊരു വിദ്വേഷവും ഇല്ല. തിരുവഞ്ചൂര്‍ സ്വഭാവം മാറ്റിയാല്‍ എല്ലാം ശരിയാകുമെന്നും ജോര്‍ജ് പറഞ്ഞു.

Latest