Connect with us

Ongoing News

ഇന്ത്യ- ഓസ്‌ട്രേലിയ പരമ്പരക്ക് ഇന്ന് തുടക്കം

Published

|

Last Updated

പൂനെ: ഇന്ത്യ – ആസ്‌ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് പൂനെയില്‍ തുടക്കം. ഏഴ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇന്ത്യയെ കീഴടക്കി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം പിടിക്കുകയെന്ന ലക്ഷ്യമാണ് ജോര്‍ജ് ബെയ്‌ലി നയിക്കുന്ന ആസ്‌ത്രേലിയക്ക് മുന്നിലുള്ളത്. നിലവില്‍ 123 പോയിന്റുമായി ഒന്നാം റാങ്കിലുള്ള ഇന്ത്യക്ക് ഏഴെണ്ണത്തില്‍ രണ്ട് വിജയം നേടിയാല്‍ സ്ഥാനം നിലനിര്‍ത്താം. എന്നാല്‍ 115 പോയിന്റുള്ള ആസ്‌ത്രേലിയക്ക് ഒന്നാം സ്ഥാനം ലഭിക്കണമെങ്കില്‍ ഏഴ് കളികളോ, അല്ലെങ്കില്‍ 6-1നെങ്കിലും പരമ്പര സ്വന്തമാക്കിയാലോ മാത്രമെ തലപ്പത്തെത്താന്‍ സാധിക്കുകയുള്ളൂ.
നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക് പരുക്കേറ്റ് പിന്‍മാറിയതിനാല്‍ താരതമ്യേന പരിചയ സമ്പത്ത് കുറഞ്ഞ ടീമാണ് ഓസീസിന്റെത്. പര്യടനത്തിലെ ഒരേയൊരു ടി20 മത്സരത്തില്‍ ഓസീസിനെ വീഴ്ത്തി ഇന്ത്യ കാര്യങ്ങളെളുപ്പമാകിലെന്ന മുന്നറിയിപ്പും അവര്‍ക്ക് നല്‍കി കഴിഞ്ഞു. 2013ന്റെ തുടക്കത്തില്‍ പാക്കിസ്ഥാനോടേറ്റ പരമ്പര തോല്‍വി ഒഴിച്ചു നിര്‍ത്തിയാല്‍ ഈ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യ അനിഷേധ്യ കുതിപ്പാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി- മാര്‍ച്ച് മാസത്തില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ആസ്‌ത്രേലിയ നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ കരുത്തുറ്റ യുവനിരയുടെ പിന്‍ബലമുള്ള ഇന്ത്യയെ സ്വന്തം മണ്ണില്‍ കീഴടക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഓസീസിന് മുന്നിലുള്ളത്. ടീമിലേക്ക് മടങ്ങിയെത്തിയ യുവരാജ് സിംഗിന്റെ കത്തുന്ന ഫോം മാത്രം മതി ഇന്ത്യയുടെ ബാറ്റിംഗ് ശക്തി അറിയാന്‍. പര്യടനത്തിലെ ഏക ടി20 മത്സരത്തില്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്ന കങ്കാരുക്കളെ യുവരാജ് ഒറ്റയാള്‍ പ്രകടനത്തിലൂടെ പരാജയപ്പെടുത്തുകയായിരുന്നു. യുവരാജിന്റെ ഇന്നിംഗ്‌സാണ് മത്സരം തങ്ങളില്‍ നിന്ന് തട്ടിയെടുത്തതെന്ന് നായകന്‍ ബെയ്‌ലി സമ്മതിക്കുക കൂടി ചെയ്തു. നിറയെ പേസര്‍മാരുള്ള ഓസീസ് നിരയില്‍ ഫലപ്രദമായൊരു സ്പിന്നറില്ലെന്ന പോരായ്മ മുഴച്ചു നില്‍ക്കുന്നു. സ്വന്തം മണ്ണില്‍ അവസാനം കളിച്ച രണ്ട് ഏകദിനങ്ങളും ഇന്ത്യ ജയിച്ചിരുന്നു. 2010 ഒക്‌ടോബറിലും 2011 മാര്‍ച്ചില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടവുമായിരുന്നു രണ്ട് മത്സരങ്ങള്‍. അന്നത്തെ സാഹചര്യങ്ങളില്‍ നിന്ന് ഇരു പക്ഷവും മാറിയിട്ടുണ്ടെങ്കിലും ഇത്തരം ഘടകങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസമേകുന്നത് കൂടിയാണ്.

ടീം: ഇന്ത്യ- ധോണി (നായകന്‍), ധവാന്‍, രോഹിത്, കോഹ്‌ലി, യുവരാജ്, റെയ്‌ന, റായിഡു, ജഡേജ, അശ്വിന്‍, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍, വിനയ് കുമാര്‍, അമിത് മിശ്ര, ഉനദ്കട്, മുഹമ്മദ് ഷാമി.
ആസ്‌ത്രേലിയ- ബെയ്‌ലി (നായകന്‍), കള്‍ട്ടര്‍ നെയ്ല്‍, ദോഹര്‍ത്തി, ഫോക്‌നര്‍, ഫെര്‍ഗൂസന്‍, ഫിഞ്ച്, ഹാഡ്ഡിന്‍, ഹെന്റിക്വസ്, ഫില്‍ ഹ്യൂസ്, മിച്ചല്‍ ജോണ്‍സണ്‍, മാക്‌സ്‌വെല്‍, ക്ലിന്റ് മക്കെ, വോഗ്‌സ്, ഷെയ്ന്‍ വാട്‌സന്‍.

മത്സരം ഉച്ചക്ക് 1.30 മുതല്‍ സ്റ്റാര്‍ക്രിക്കറ്റില്‍

---- facebook comment plugin here -----

Latest