Connect with us

International

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി: മുന്നറിയിപ്പുമായി ലോക ബാങ്ക്‌

Published

|

Last Updated

വാഷിംഗ്ടണ്‍: കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാത്ത പക്ഷം അമേരിക്ക വന്‍ സാമ്പത്തിക ദുരന്തത്തിലേക്ക് കൂപ്പുകുത്തുമെന്ന് ലോക ബാങ്ക് പ്രസിഡണ്ട് ജിം യോംഗ് കിം. വ്യാഴാഴ്ചയ്ക്ക് മുമ്പ് ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനമെടുക്കണമെന്നും ലോക ബാങ്ക് പ്രസിഡണ്ട് ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കും അമേരിക്കന്‍ പ്രതിസന്ധി ആഘാതമാവുമെന്നും അദ്ദേഹം പറഞ്ഞു.

കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്നതില്‍ റിപ്പബ്ലിക്കുകളും ഡമോക്രാറ്റുകളും നടത്തിയ ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇക്കാര്യത്തില്‍ തീരുമാനമാകാത്ത പക്ഷം ട്രഷറികള്‍ കാലിയാകുന്ന അവസ്ഥയുണ്ടാകും. വ്യാഴാഴ്ചയ്ക്കു മുന്‍പ് പ്രതിപക്ഷം അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ കനത്ത തിരിച്ചടിയാകും.

പ്രതിപക്ഷത്തിന്റെ ഉദാസീന മനോഭാവം മൂലം നികുതി വര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് ലോകബാങ്ക് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. വാഷിംങ്ടണില്‍ നടന്ന ലോകബാങ്കിന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ അമേരിക്കേതര ലോകക്രമമാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയെന്ന് ചൈന പ്രതികരിച്ചു. അമേരിക്ക വല്‍കൃതമല്ലാത്ത ലോകക്രമമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ചൈനീസ് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് സിന്‍ഹുവ ഏജന്‍സി വ്യക്തമാക്കി.

 

Latest