Connect with us

International

'അല്ലാഹു' പദം ഉപയോഗിക്കാന്‍ അവകാശം മുസ്‌ലിംകള്‍ക്ക് മാത്രം: മലേഷ്യന്‍ കോടതി

Published

|

Last Updated

ക്വലാലംപൂര്‍: അല്ലാഹു എന്ന പദം മുസ്‌ലിംകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് മലേഷ്യന്‍ കോടതിയുടെ വിധി. ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്ന പദം ഉപയോഗിക്കാന്‍ മറ്റ് മതസ്ഥര്‍ക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് മലേഷ്യന്‍ അപ്പീല്‍ കോടതിയുടെ വിധി. ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്ന് ഉപയോഗിച്ച കത്തോലിക്കാ വിഭാഗത്തിന്റെ “ദി ഹെറാള്‍ഡ്” എന്ന പത്രത്തിന്റെ മേധാവികളോട് ഇത്തരം പ്രയോഗം ഒഴിവാക്കണമെന്ന് 2008ല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്.
സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ക്രിസ്ത്യന്‍ കത്തോലിക്ക വിഭാഗം പുരോഹിതന്‍മാര്‍ക്ക് അനുകൂലമായ വിധി ഉണ്ടായി. ഇതിനെ എതിര്‍ത്ത് സര്‍ക്കാര്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.
അല്ലാഹു എന്ന് പ്രയോഗിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ക്രിസ്ത്യന്‍ പുരോഹിതന്‍മാരുടെ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത് ഇസ്‌ലാം മതവിശ്വാസികളില്‍ മാത്രം നിക്ഷിപ്തമാണെന്നും അപ്പീല്‍ കോടതിയുടെ ജഡ്ജി ജസ്റ്റിസ് മുഹമ്മദ് അപന്ദി വ്യക്തമാക്കി.
കത്തോലിക്കാ സഭയുടെ വാദം പൊതു സമൂഹങ്ങള്‍ക്കിടയിലെ ക്രമസമാധാനം തകര്‍ക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ ആശയ ക്കുഴപ്പത്തിന് കാരണമാകുമെന്നും നൂറോളം പേജ് വരുന്ന വിധിന്യായത്തില്‍ ജസ്റ്റിസ് വ്യക്തമാക്കി. അല്ലാഹു എന്ന പ്രയോഗം ദൈവത്തെ സൂചിപ്പിക്കാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്ന് അത്തരം പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും വിധി പ്രഖ്യാപിച്ച മൂന്നംഗ പാനല്‍ ഉത്തരിവിട്ടു.
“ദി ഹെറാള്‍ഡി”ല്‍ അല്ലാഹു എന്ന പ്രയോഗം പ്രസിദ്ധീകരിച്ച് വന്നതോടെ 2009ല്‍ രാജ്യത്ത് നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. ഇരുവിഭാഗങ്ങളും ചേരി തിരിഞ്ഞ് ആക്രമണങ്ങള്‍ നടത്തിയതോടെ നിരവധി പള്ളികളും ചര്‍ച്ചുകളും നശിപ്പിക്കപ്പെട്ടു.
അപ്പീല്‍ കോടതിയുടെ വിധി സങ്കടകരമാണെന്നും വിധിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും “ദി ഹെറാള്‍ഡി”ന്റെ പത്രാധിപന്‍ റവറന്റ് ലോറെന്‍സ് പറഞ്ഞു. തങ്ങളുടെ ദൈവത്തെ സൂചിപ്പിക്കാന്‍ അല്ലാഹു എന്ന പ്രയോഗമാണ് ബൈബിളിന്റെ മലായി ഭാഷയുടെ പതിപ്പുകളില്‍ ഉള്ളതെന്നും 1963ല്‍ മലേഷ്യ രൂപവത്കരിച്ചത് മുതല്‍ ഈ രീതി തുടരുന്നതാണെന്നും കത്തോലിക്ക വിഭാഗം പുരോഹിതന്‍മാര്‍ വ്യക്തമാക്കി. വിധിക്കെതിരെ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.
എന്നാല്‍, മുസ്‌ലിംകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വേണ്ടിയാണ് അല്ലാഹു എന്ന പ്രയോഗം കത്തോലിക്ക വിഭാഗം ഉപയോഗിക്കുന്നതെന്നും കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും മുസ്‌ലിം പക്ഷത്തിന് വേണ്ടി വാദിച്ച അഭിഭാഷകന്‍ സൈനുല്‍ റിജാല്‍ അബൂബക്കര്‍ വ്യക്തമാക്കി. അല്ലാഹു എന്നത് മലായി ഭാഷയല്ലെന്നും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ദൈവത്തെ സൂചിപ്പിക്കാന്‍ “തുഹാന്‍” എന്നാണ് പ്രയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest