Connect with us

Malappuram

ജി ഐ രജിസ്‌ട്രേഷന്‍ മികവിലേക്ക് നിലമ്പൂര്‍തേക്ക്‌

Published

|

Last Updated

അരീക്കോട്: ലോകമെങ്ങും പെരുമ നേടിയ നിലമ്പൂര്‍ തേക്കിനെ മറ്റൊരു നേട്ടം കൂടി കാത്തിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഒരു വന വിഭവത്തിനുള്ള ഭൂസൂചിക രജിസ്‌ട്രേഷന്‍ (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ്) നിലമ്പൂര്‍ തേക്കിന് ലഭിക്കാനുള്ള സാധ്യതയേറി.

രജിസ്‌ട്രേഷന് വേണ്ട നടപടികള്‍ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഭൗതിക സ്വത്തവകാശ സെല്ലിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. ആദ്യപടിയായി കഴിഞ്ഞ മാസം 28ന് നിലമ്പൂരില്‍ ജി ഐ രജിസ്‌ട്രേഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. വനം വകുപ്പ്, ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, നിലമ്പൂര്‍ നഗരസഭ എന്നിവയുടെ സഹകരണത്തോടെ കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഫോറസ്റ്റ് കോളജാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്. ചെന്നൈയിലുള്ള ജി ഐ എസ് രജിസ്ട്രി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജി നായിഡു, കാര്‍ഷിക സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രദേശവാസികളുടെ കൂടി പങ്കാളിത്തത്തോടെ ഒരു സൊസൈറ്റി രൂപവത്കരിക്കുകയാണ് അടുത്ത ഘട്ടം. ഇതിനായി ഒരു അഡ്‌ഹോക്ക് സമിതി രൂപവത്കരിച്ചതായി മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഫോറസ്റ്റ് മാനേജ്‌മെന്റ് സെല്‍ തലവന്‍ ഡോ. വിദ്യാസാഗര്‍ പറഞ്ഞു.
ഒരു ഉത്പന്നത്തിന്റെ പ്രത്യേകതയും ഗുണമേന്മയും അത് ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശത്തിന്റെ (രാജ്യം, പട്ടണം, ഗ്രാമം) ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ അവയെ ആ പ്രദേശത്തുകാരുടെ സ്വന്തം സ്വത്തായി പ്രഖ്യാപിക്കുകയെന്നതാണ് ജി ഐ രജിസ്‌ട്രേഷന്‍ കൊണ്ടുദ്ദേശിക്കുന്നത്. രജിസ്‌ട്രേഷന്‍ ലഭിക്കുന്നതോടെ നിലമ്പൂര്‍ തേക്കിന്റെ കമ്പോളമൂല്യം വര്‍ധിക്കുമെന്നത് പ്രദേശവാസികള്‍ക്ക് അനുഗ്രഹമാണ്.
സ്വര്‍ണ സമാനമായ മഞ്ഞ നിറമാണ് മറ്റു തേക്കുകളില്‍ നിന്ന് നിലമ്പൂര്‍ തേക്കിനെ വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. അസാധാരണ വളര്‍ച്ചയുള്ള നിലമ്പൂര്‍ തേക്കിന്റെ നീളവും വാര്‍ഷിക വളയങ്ങളും പ്രത്യേക തരം ഗന്ധവും ഏറെ പേരുകേട്ടതാണ്. പ്രദേശത്തിന്റെ പ്രത്യേകതയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ കലക്ടറായിരുന്ന എച്ച് വി കൊണോലിയാണ് ലോകത്തിലെ ആദ്യത്തെ തേക്കു തോട്ടം നിലമ്പൂരില്‍ വെച്ചു പിടിപ്പിക്കുന്നതിന് മുന്‍കൈയെടുത്തത്.
2003ല്‍ നിലവില്‍ വന്ന ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് ഓഫ് ഗുഡ്‌സ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍) ആക്ട് 1999 ന്റെ ചുവട്പിടിച്ച് ലോകവ്യാപാര സംഘടനയുമായി ഇന്ത്യ നടത്തിയ ട്രിപ്‌സ് കരാറിനെ (ട്രെയ്ഡ് റിലേറ്റഡ് ആസ്‌പെക്ട്‌സ് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് എഗ്രീമെന്റ്) തുടര്‍ന്നാണ് ഇന്ത്യയിലെ ഉത്പന്നങ്ങള്‍ക്ക് ജി ഐ എസ് പദവി ലഭിക്കാനുള്ള അവസരം കൈവന്നത്. ഇരുനൂറോളം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഇതിനകം ജി ഐസ് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കേരളത്തിലെ 18 ഉത്പന്നങ്ങള്‍ക്ക് നിലവില്‍ ജി ഐ എസ് പദവിയുണ്ട്. മലബാര്‍ കുരുമുളക്, ആറന്‍മുള കണ്ണാടി, പാലക്കാടന്‍ മട്ട, നവര അരി, ആലപ്പുഴ കയര്‍, വാഴക്കുളം പൈനാപ്പിള്‍, പൊക്കാളി അരി, കുത്താമ്പുള്ളി സാരി, വയനാടന്‍ നെല്ലിനങ്ങളായ ഗന്ധക ശാല, ജീരകശാല എന്നിവ ജി ഐ എസ് പദവിയുള്ള കേരള ഉത്പന്നങ്ങളാണ്.