Connect with us

Ongoing News

അല്ലാഹു അക്ബര്‍...

Published

|

Last Updated

ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച ഖലിലുല്ലാഹി ഇബ്‌റാഹീം നബി (അ)യുടെ ത്യാഗസ്മരണയുടെ ദിനമാണ് ബലിപെരുന്നാള്‍ എന്ന് മുദ്രണം ചെയ്യപ്പെട്ട ദുല്‍ഹജ്ജ് പത്ത്. ഇബ്‌റാഹീം നബി (അ)യുടെ “മില്ലത്ത്” അനുകരിക്കണമെന്ന് റസൂല്‍ (സ)യോട് വിശുദ്ധ ഖുര്‍ആന്‍ നിര്‍ദേശിച്ചു സ്ഥിരപ്രതിഷ്ഠ നല്‍കിയതാണ്. അതുകൊണ്ട് തന്നെ ഇബ്രാഹീം നബി(അ)യുടെ ത്യാഗം അനുസ്മരിക്കുന്ന മഹത്ദിനം ത്യാഗത്തിന്റെ അനുസ്മരണീയ ദിനമാണ്. തൗഹീദിന് വേണ്ടിയുള്ള ത്യാഗമാണ് ഇബ്രറാഹീം നബി (അ)യുടെ ആദ്യ ചരിത്രം അനുസ്മരിപ്പിക്കുന്നത്. സ്വന്തം സംരക്ഷകനായ രക്ഷിതാവിനെ തൗഹീദിന്റെ സന്ദേശം കേള്‍പ്പിച്ചതിന്റെ പേരില്‍ ആട്ടിയോടിക്കപ്പെടുകയും പ്രഹരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ദീര്‍ഘകാലം വീടുവിട്ട് പോകാന്‍ ശാസിക്കുകയും ചെയ്ത സന്ദര്‍ഭം. അദ്ദേഹത്തോട് യാത്ര പറഞ്ഞു; “”ഞാന്‍ അങ്ങേക്കുവേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചു നോക്കാം””എന്നു പറഞ്ഞ് സംരക്ഷകനെ വേണ്ടെന്നുവെച്ച ത്യാഗം തൗഹീദില്‍ ഉറച്ചു നില്‍ക്കാനായി അന്ത്യദിനം വരെയുള്ള മുസ്‌ലിംകള്‍ക്ക് പ്രചോദനമാണ്. അതേ തൗഹീദിനായി രാഷ്ട്രത്തലവനും ഭരണാധികാരിയുമായ നംറൂദിനോടും ജനതയോടും പോരാടി. അവസാനം അവര്‍ അഗ്നികുണ്ഠമാണദ്ദേഹത്തിന് തയ്യാറാക്കുന്നത്. തീയോട് “എയര്‍ കണ്ടീഷനാകണ”മെന്ന് അല്ലാഹു നിര്‍ദേശിച്ച സംഭവവും ഇബ്‌റാഹീം നബി രക്ഷപ്പെട്ടതും വിശ്വാസ ദാര്‍ഢ്യത്തിനു വേണ്ടിയുള്ള ത്യാഗാര്‍പ്പണത്തിന് പ്രചോദനം നല്‍കുന്നതാണ്.

പ്രവാചകലബ്ധിയുമായി നാടുവിട്ട ശേഷം സ്വന്തം പത്‌നിയേയും പിഞ്ചോമന ശിശുവായ ഇസ്മാഈലിനെയും അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം അവന്റെ പുണ്യഗേഹത്തിന്റെ ഓരത്തില്‍ കിടത്തിക്കൊണ്ട് ആ മരുഭൂമിയില്‍ നിന്ന് വിടപറയുമ്പോള്‍ വേദനയോടെ പ്രാര്‍ഥിച്ചു:“””രക്ഷിതാവേ, ഞാനെന്റെ സന്തതികളെ കൃഷിയിടമല്ലാത്ത, സുരക്ഷിതമല്ലാത്ത ഈ മരുഭൂമിയില്‍ ഇട്ടേച്ചുപോകുകയാണ്, അതവര്‍ നിസ്‌കാരം നിലനിര്‍ത്താന്‍ വേണ്ടിയാണ്. അതു കൊണ്ട് തന്നെ ജനഹൃദയങ്ങളെ നീ അവിടുത്തേക്ക് ആകര്‍ഷിക്കണേ.”” ഇങ്ങനെ യാത്ര പറഞ്ഞ ഘട്ടം മനുഷ്യ ഹൃദയത്തെ തട്ടി ഉണര്‍ത്താനുള്ള മഹദ് ത്യാഗമത്രേ.

ibrahim maqamഇനിയങ്ങോട്ടാണ് ഈ ദിനത്തിന്റെ പ്രത്യേക സ്മരണ നമ്മുടെ ഹൃദയത്തിലേക്ക് അങ്കുരിക്കുന്നത്. ജനവാസമില്ലാത്ത ആ മരുഭൂമിയില്‍, പ്രഥമമായി മലക്കുകളും അനന്തരം ആദം നബി (അ)യും നിര്‍മിച്ച വിശുദ്ധ ഗേഹമുണ്ടവിടെ. നൂഹ് നബി (അ)യുടെ കാലത്തെ പ്രളയത്തില്‍ തകര്‍ന്ന കഅ്ബാലയത്തിന്റെ, ശേഷിക്കുന്ന തറക്കുമേല്‍ പുനര്‍നിര്‍മിക്കാന്‍ നിര്‍ദേശമുണ്ടായി. അങ്ങനെ പുത്രന്‍ ഇസ്മാഈല്‍ കല്ല് വെട്ടി പൊക്കിക്കൊടുക്കുകയും പിതാവ് ഇബ്‌റാഹീം(അ) പണിതുയര്‍ത്തുകയും ചെയ്ത ചരിത്രനിമിഷം. സ്വന്തമായി കല്ല് പൊക്കിക്കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ഒരു പ്രത്യേക ശിലയില്‍ കയറി നില്‍ക്കാന്‍ അല്ലാഹു നിര്‍ദേശിക്കുന്നു. അതിന്‍മേല്‍ കയറി കല്ലുകള്‍ പൊക്കിക്കൊടുക്കുന്നു. അന്ത്യദിനം വരെ സ്മരിക്കാനായി “മഖാമു ഇബ്രറാഹീം” എന്ന നിലക്ക് കഅ്ബയുടെ ഓരത്ത് സ്ഥാപിക്കുകയും ചെയ്തു.
കഅ്ബ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം ഇബ്‌റാഹീം നബി (അ) അന്ന് ജീവിച്ചിരിക്കുന്നവരെയും അന്ത്യദിനം വരെ ജനിക്കാനിരിക്കുന്നവരെയും സംബോധന ചെയ്തുകൊണ്ട് അതിലേക്ക് ക്ഷണ വിളംബരം നടത്തുകയുണ്ടായി. അതാണ് ഇന്നേവരെ മുടങ്ങാത്ത ത്വവാഫ് അഥവാ കഅ്ബ പ്രദിക്ഷണം. ഏഴ് തവണയുള്ള ആ ത്വവാഫില്‍ ആ രണ്ട് മഹാന്മാരുടെ ത്യാഗം ഹൃദയത്തില്‍ അങ്കുരിക്കുന്നു.

ആ പിതാവിനോട് അല്ലാഹുവിന്റെ കല്‍പ്പന: പ്രിയ പുത്രനെ ബലി നല്‍കണം. ഇബ്‌റാഹീം (അ) തിരിച്ചുചിന്തിച്ചില്ല. മകനോടൊരു സമ്മതം ചോദിക്കുന്നു. മകനും തൃപ്തി. അല്ലാഹുവിന്റെ നിര്‍ദേശമല്ലേ? നടപ്പാക്കുക. അവര്‍ ബലിക്കായി മിനയിലേക്ക് നീങ്ങുമ്പോള്‍ വഴിമധ്യേ പിശാച് ഇടപെട്ട് പിന്‍മാറുന്നതിന് പ്രേരിപ്പിക്കാന്‍ ശ്രമിക്കുന്നു. മൂന്ന് തവണ കല്ലെറിഞ്ഞ് കൊണ്ട് അവനെ ആട്ടിയ സംഭവം അനുസ്മരിച്ച് കൊണ്ടാണ് ഇന്ന് ജംറകളില്‍ ഹാജിമാര്‍ കല്ലേറ് നടത്തുന്നത്. അറഫാ ദിനത്തിന്റെ മഹാസംഗമവും മിനയിലും മുസ്ദലിഫയിലും രാപാര്‍ക്കുന്ന സംഭവവുമെല്ലാം ആ ത്യാഗത്തെ അയവിറക്കിക്കൊണ്ടാണ്. അവ അനുസ്മരിച്ചു കൊണ്ടാണ് ലോക മുസ്‌ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. ആഘോഷമെന്നതില്‍ കവിഞ്ഞ് ത്യാഗസ്മരണയാണ് സത്യവിശ്വാസിയുടെ ഹൃദയത്തില്‍ തികട്ടിവരേണ്ടത്. വിശ്വാസം നിലനിര്‍ത്താനും അല്ലാഹുവിന്റെ സ്‌നേഹത്തിന് പാത്രമാകാനുതകുന്ന സത്കര്‍മങ്ങളില്‍ നിരതരാകാനുമാണ് ഈ സുദിനം മുസല്‍മാന് പ്രചോദനം നല്‍കുന്നത്. അതുകൊണ്ട് തന്നെ ആരാധനകള്‍ അധികരിപ്പിക്കാനാണ് നിര്‍ദേശം.

അറഫാ ദിനത്തില്‍ ഒരു വര്‍ഷത്തെ നോമ്പിന്റെ പ്രതിഫലം വാഗ്ദത്തം ചെയ്യപ്പെട്ട നോമ്പ് അനുഷ്ഠിക്കണം. അറഫ ദിനം സുബ്ഹി മുതല്‍ അയ്യാമുത്തശ്‌രീഖിന്റെ അസര്‍ വരെ നിസ്‌കാരങ്ങള്‍ക്ക് ശേഷം “മുഖയ്യദായ” തക്ബീറും പെരുന്നാള്‍ ദിനത്തില്‍ വീടുകളിലും പള്ളികളിലും വഴിയോരങ്ങളിലും തക്ബീര്‍ മുഴക്കുന്നതും സുന്നത്താണ്. ഇതെല്ലാം ആ ത്യാഗസ്മരണയുമായി ബന്ധപ്പെട്ടാണ്. അത് പോലെ പെരുന്നാള്‍ ദിനത്തില്‍ പെരുന്നാള്‍ നിസ്‌കാരവും ഖുതുബയും നിര്‍വഹിക്കുമ്പോള്‍ ഹൃദയം തുറന്ന് ഹജ്ജ് കര്‍മത്തിലേര്‍പ്പെട്ട സഹോദരന്‍മാരോട് ഹൃദയ ബന്ധം സ്ഥാപിക്കുന്നു. സ്വന്തമായും ആശ്രിതര്‍ക്കു വേണ്ടിയും ഉളുഹിയ്യത്ത് എന്ന ബലികര്‍മം സുന്നത്താണ്. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം “അയ്യാമുത്തശ്‌രീഖ്”കഴിയുന്നതിനിടയില്‍ ഒരാള്‍ക്ക് ഒരു ആടോ ഒട്ടകം, പശു അവയില്‍ ഏഴില്‍ ഒരു ഭാഗമോ(ഏഴ് പേര്‍ ചേര്‍ന്ന് ഒന്നിനെ) നിയ്യത്തോടു കൂടി അറുത്ത് ദാനം ചെയ്യുന്നതാണ് ഉള്ഹിയ്യത്ത്. ഇസ്മാഈല്‍ നബി(അ)യുടെയും ഇബ്‌റാഹീം നബി(അ)യുടെയും അനുസ്മരണീയ ത്യാഗം നമ്മുടെ ഹൃദയത്തില്‍ അങ്കുരിപ്പിക്കുന്നു. അത് മഹ്ശറയില്‍ സ്വര്‍ഗത്തിലേക്കുള്ള വാഹനമായിരിക്കുമെന്നും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തില്‍ ആറായിരം വര്‍ഷങ്ങളിലേക്ക് നീണ്ടു പോകുന്ന ത്യാഗ ശൃംഖലയിലെ ഒരു കണ്ണിയായി ഈ ദിനത്തെ തലോടി സ്വീകരിക്കുകയും അവരോടുള്ള അനുകരണം എന്ന നിലക്ക് അല്ലാഹുവിലേക്ക് അടുക്കുന്ന ആരാധനയിലും സത്കര്‍മങ്ങളിലും ഏര്‍പ്പെടുകയും കുടുംബ സന്ദര്‍ശനം, മഹാന്‍മാരുടെ സിയാറത്ത് തുടങ്ങിയവ കൊണ്ട് ഭാഗ്യം ഉള്‍കൊള്ളുകയുമാണ് മുസ്‌ലിമിന്റെ കര്‍ത്തവ്യം. അതില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ഇന്ന് സമൂഹം നടക്കുന്ന കാഴ്ച വേദനാജനകമാണ്. സിനിമാശാലകളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, പഞ്ചനക്ഷത്ര ലോഡ്ജുകളിലും ചെന്നെത്തുന്നതു മൂലം പ്രാപിക്കുന്നത് വിശ്വാസത്തിന്റെ വ്യതിയാനം തന്നെയാണ്. ത്യാഗ ദിനത്തില്‍ ത്യാഗം മാത്രം ഉള്‍ക്കൊണ്ട് അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാന്‍ അല്ലാഹു അനുഗ്രഹം നല്‍കട്ടെ.