Connect with us

Kasargod

പെരുന്നാള്‍ രാത്രി വ്യാജ സന്ദേശം; നഗരം ഇരുട്ടിലായത് ഒന്നരമണിക്കൂര്‍

Published

|

Last Updated

കാഞ്ഞങ്ങാട്: ലൈന്‍മാന്റെ വികൃതി മൂലം പെരുന്നാള്‍ രാത്രിയില്‍ ഒന്നരമണിക്കൂര്‍ നേരം ചിത്താരി ഫീഡറില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഒന്നരമണിക്കൂര്‍ നേരം ഇരുട്ടില്‍ കഴിയേണ്ടിവന്നത് മാവുങ്കാല്‍ ഇലക്ട്രിസിറ്റി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ നല്‍കിയ വ്യാജ സന്ദേശത്തെ തുടര്‍ന്നാണ്.
രാത്രി എട്ടരമണിയോടെ മാവുങ്കാല്‍ സബ്‌സ്റ്റേഷനിലേക്ക് വന്ന ഫോണ്‍സന്ദേശമാണ് വൈദ്യുതി നിലക്കാനിടയാക്കിയത്. മാവുങ്കാല്‍ ഇലക്ട്രിസിറ്റി ഓഫീസിലെ ഒരു ലൈന്‍മാന്‍ അതിയാമ്പൂരിനടുത്ത് ട്രാന്‍സ്‌ഫോര്‍മര്‍ തൂണില്‍ കയറി ആത്മഹത്യക്ക് ശ്രമിക്കുന്നുണ്ടെന്നാണ് മാവുങ്കാല്‍ സബ്‌സ്റ്റേഷനിലേക്ക് അജ്ഞാതന്‍ ഫോണിലൂടെ വിളിച്ചു പറഞ്ഞത്. സംഭാഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.
അതിയാമ്പൂര്‍ ഭാഗത്തേക്ക് പോകുന്ന ലൈനിലെ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ ഉടന്‍ തീരുമാനിക്കുകയും ചിത്താരി ഫീഡറിലേക്കുളള വൈദ്യുതിവിതരണം സബ്‌സ്റ്റേഷനില്‍ നിന്ന് ഓഫ് ചെയ്യുകയും ചെയ്തു. വൈദ്യുതി ഏറെ നേരം നിലച്ചതിനെ തുടര്‍ന്ന് ഉപഭോക്താക്കളില്‍ ചിലര്‍ സബ്‌സ്റ്റേഷനിലേക്ക് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വൈദ്യുതി നിലച്ചതിന് പിന്നില്‍ എന്തോ കളളക്കളി ഉണ്ടെന്ന് സംശയം ഉയര്‍ന്നു. പിന്നീട് വൈദ്യുതി വകുപ്പിലെ ഉന്നത് ഉദ്യോഗസ്ഥര്‍ ഇടപെടുകയും സംഭവത്തെക്കുറിച്ച് അടിയന്തിരമായി പരിശോധന നടത്തുകയും ചെയ്തു. അതിയാമ്പൂര്‍ ഭാഗത്തേക്ക് രാത്രി തന്നെ ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തുകയും സംശയനിവാരണം നടത്തുകയും ചെയ്തു. ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന് പറഞ്ഞ ലൈന്‍മാനെ തിരക്കി രാത്രി തന്നെ ജീവനക്കാരും ഉദ്യോഗസ്ഥരും കുതിച്ചെങ്കിലും ലൈന്‍മാന്‍ വീട്ടില്‍ നല്ല ഉറക്കത്തിലായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇതേ ഓഫീസിലെ ലൈന്‍മാന്‍ വ്യാജസന്ദേശം നല്‍കി പറ്റിക്കുകയാണെന്ന് മനസ്സിലായത്. ഈ ലൈന്‍മാനെ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ ലൈന്‍മാനെതിരെ കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സൂചനയുണ്ട്. എട്ടരമണിക്ക് നിലച്ച വൈദ്യുതി 10 മണിക്കാണ് തിരിച്ചെത്തിയത്.

Latest