Connect with us

Kasargod

ത്യാഗസ്മൃതിയില്‍ ബലിപെരുന്നാള്‍ ആഘോഷം

Published

|

Last Updated

കാസര്‍കോട്: ത്യാഗസ്മരണകള്‍ അയവിറക്കി വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. രാവിലെ പള്ളികളില്‍ പെരുന്നാള്‍ നിസ്‌ക്കാരം നടന്നു. ദൈവവിളി കേട്ട് മകന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ സന്നദ്ധനായ പ്രവാചകന്‍ ഇബ്‌റാഹിം നബിയുടെ ത്യാഗത്തിന്റെ സന്ദേശം ഖത്തീബുമാര്‍ ഉദ്‌ബോധിപ്പിച്ചു.
ബലി കര്‍മവും നടന്നു. ജില്ലയിലെ പ്രധാന പള്ളികളിലെല്ലാം വിശ്വാസികളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടത്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും സുഗന്ധലേപനങ്ങള്‍ പൂശിയും പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹാശംസകള്‍ കൈമാറിയും ബന്ധുക്കളുടെയും മിത്രങ്ങളുടെയും വീടുകള്‍ സന്ദര്‍ശിച്ചും വിരുന്നൊരുക്കിയുമാണ് ആളുകള്‍ ഈ പുണ്യദിനം ആഘോഷിച്ചത്.
മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ്, പുതിയ ബസ് സ്റ്റാന്‍ഡ് സുന്നി സെന്റര്‍ മസ്ജിദ്, സഅദിയ സെന്റര്‍ മസ്ജിദ്, തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ്, തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ്, തളങ്കര കണ്ടത്തില്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, തളങ്കര പടിഞ്ഞാര്‍ ജുമാ മസ്ജിദ്, നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ്, ടൗണ്‍ മുബാറക് മസ്ജിദ്, നായന്മാര്‍മൂല ജുമാ മസ്ജിദ്, ചെര്‍ക്കള ജുമാ മസ്ജിദ്, കുമ്പള ജുമാ മസ്ജിദ്, കാഞ്ഞങ്ങാട് ടൗണ്‍ ജുമാ മസ്ജിദ്, തൃക്കരിപ്പൂര്‍ ജുമാ മസ്ജിദ്, മേല്‍പറമ്പ് ജുമാ മസ്ജിദ്, ചെമ്മനാട് ജുമാ മസ്ജിദ്, ചെമ്മനാട് സുന്നി സെന്റര്‍, ഉളിയത്തടുക്ക ജുമാ മസ്ജിദ്, ബദിയഡുക്ക ജുമാ മസ്ജിദ്, ബാവിക്കര വലിയ ജുമാ മസ്ജിദ്, ബാവിക്കരയടുക്കം ജുമാ മസ്ജിദ് തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം പെരുന്നാള്‍ നിസ്‌ക്കാരം നടന്നു.
പെരുന്നാളിനെ വരവേല്‍ക്കാന്‍ ആഴ്ചകള്‍ക്ക് മുമ്പുതന്നെ നാടും നഗരവും ഒരുങ്ങിയിരുന്നു. തെളിഞ്ഞ കാലാവസ്ഥ ആഘോഷത്തിന് മാറ്റു കൂട്ടി. കാസര്‍കോട്, കാഞ്ഞങ്ങാട് തുടങ്ങിയ ടൗണുകളില്‍ നല്ല തിരക്കാണ് പെരുന്നാള്‍ തലേന്നുവരെ അനുഭവപ്പെട്ടത്.
ഹജ്ജ് കര്‍മത്തില്‍ മുഴുകി ജനലക്ഷങ്ങള്‍ മക്കയില്‍ സംഗമിച്ചപ്പോള്‍ അവര്‍ക്കൊപ്പം ചേരുകയായിരുന്നു ലോകമെങ്ങുമുള്ള വിശ്വാസികള്‍.