Connect with us

Kerala

പി സി ജോര്‍ജിനെതിരെ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷവിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷ വിമര്‍ശം. പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ ഒന്നടങ്കം ജോര്‍ജിനെതിരെ തിരിയുകയായിരുന്നു.
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല. പി സി ജോര്‍ജ്് ആര്‍ക്കെതിരെ എന്തു പറഞ്ഞാലും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്റെ നാവില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മന്ത്രിസഭാ യോഗത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഷിബു ബേബി ജോണുമാണ് പി സി ജോര്‍ജിനെതിരേ രൂക്ഷമായ വിമര്‍ശം നടത്തിയത്. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പി സി ജോര്‍ജ് തുടര്‍ച്ചയായി ഉന്നയിക്കുകയാണ്. ചീഫ് വിപ്പിന്റെ നടപടികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതായും തിരുവഞ്ചൂര്‍ തുറന്നടിച്ചു.
മന്ത്രിസഭയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് പിണറായി വിജയനെ പോലുള്ള ആളുകളെ കൊണ്ടുവരണമെന്നാണ് ചീഫ് വിപ്പ് പറഞ്ഞുനടക്കുന്നതെന്നായിരുന്നു ഷിബു ബേബി ജോണിന്റെ വിമര്‍ശം.
മന്ത്രിമാരേയും എം എല്‍ എമാരേയും ആക്ഷേപിക്കുന്നത് ശരിയല്ല. ഇത്തരത്തില്‍ ആത്മാഭിമാനം പണയപ്പെടുത്തി മുന്നോട്ടു പോകാനാകില്ല. ഈ അവസ്ഥ തുടര്‍ന്നാല്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്നും ഷിബു പറഞ്ഞു.
കോണ്‍ഗ്രസിനെതിരെ വിമര്‍ശം ഉന്നയിക്കുന്ന പി സിയുടെ നടപടി വെച്ചുപൊറുപ്പിക്കാനാവില്ലെന്നായിരുന്നു ആര്യാടന്റെ പ്രതികരണം. ധനമന്ത്രി കെ എം മാണിക്കെതിരേയും മന്ത്രിമാര്‍ രോഷം പ്രകടിപ്പിച്ചു.
പി സി ജോര്‍ജിനെ കെ എം മാണി നിയന്ത്രിക്കുന്നില്ല. പി സിയുടെ വിടുവായത്തരങ്ങള്‍ക്ക് മാണി മൗനാനുവാദം നല്‍കുകയാണ് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ മാണിയെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. മന്ത്രിമാരുടെ വിമര്‍ശങ്ങളോട് മുഖ്യമന്ത്രിയും യോജിക്കുകയായിരുന്നു.
ഒടുവില്‍ കെ എം മാണി ഇടപെട്ട് മന്ത്രിമാരെ ശാന്തരാക്കി. പി സി ജോര്‍ജിന്റെ പ്രസ്താവനകള്‍ നിയന്ത്രിക്കാമെന്ന് മാണി മന്ത്രിമാര്‍ക്ക് ഉറപ്പുനല്‍കി. അതേസമയം ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി സി ജോര്‍ജിന് മറുപടി പറയാനില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.