Connect with us

Articles

ആരോഗ്യ സംവിധാനത്തിലെ അപകടങ്ങളൊഴിവാക്കാന്‍

Published

|

Last Updated

മുപ്പത്തിയൊന്ന് കൊല്ലങ്ങള്‍ക്ക് ശേഷമാണ് കേരള സര്‍ക്കാര്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നത്. വൈകി വന്ന വിവേകം. കേരളത്തില്‍ ഇതിനു മുമ്പ് അഞ്ച് മെഡിക്കല്‍ കോളജുകളാണ് ഉണ്ടായിരുന്നത്. 1951ല്‍ തിരുവനന്തപുരത്താണ് ആദ്യ മെഡിക്കല്‍ കോളജ് ആരംഭിച്ചത്. 1957ല്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളജ് സ്ഥാപിച്ചു. 1962ല്‍ ആലപ്പുഴയിലും കോട്ടയത്തും മെഡിക്കല്‍ കോളജുകള്‍ വന്നു. 1982ലാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആരംഭിച്ചത്.
ഇതില്‍ ആലപ്പുഴയിലെയും തൃശൂരിലെയും കോളജുകളില്‍ സ്‌പെഷ്യല്‍ ഓഫീസറും ആദ്യത്തെ പ്രിന്‍സിപ്പലും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആദ്യത്തെ പ്രൊഫസറും തിരുവനന്തപുരത്ത് 19 കൊല്ലം ഡയറക്ടര്‍, പ്രൊഫസറും ഏഴ് കൊല്ലം പ്രിന്‍സിപ്പലും ആയിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ തീര്‍ച്ചയായും എനിക്കിതില്‍ അഭിമാനമുണ്ട്. സന്തോഷമുണ്ട്. പക്ഷേ, ഈ ആറാമത്തെ മെഡിക്കല്‍ കോളജിന്റെ ആവശ്യകതയെപ്പറ്റിയും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത് പറയാന്‍ കാരണം, ഇരുപതിലധികം സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നിലനില്‍ക്കുകയും കൊല്ലം തോറും 2000 ഫോറിന്‍ ഡോക്ടര്‍മാര്‍ കേരളത്തില്‍ എത്തുകയും ചെയ്യുന്ന സാഹചര്യമാണ്.
ഇത്തരുണത്തില്‍ പഴയ ഒരു കേരള എം എല്‍ എയുടെ കാര്യം ഓര്‍മ വരികയാണ്. അദ്ദേഹം അസംബ്ലിയില്‍ ഉറങ്ങുന്ന സമയത്താണ് മുഖ്യമന്ത്രി തിരുവനന്തപുരും മൃഗശാലയിലേക്ക് രണ്ട് ജിറാഫുകളെ വാങ്ങേണ്ട കാര്യം പറഞ്ഞത്. ഉടനെ അദ്ദേഹം പറഞ്ഞു: “രണ്ട് ജിറാഫുകളെ വാങ്ങുകയാണെങ്കില്‍ ഒന്ന് എന്റെ സമുദായത്തില്‍ നിന്നാകണം”. എന്നാണ് കഥ. അതുകൊണ്ട് ഇനി ഒരു കോളജ് ഉണ്ടാകുകയാണെങ്കില്‍ അതിന് ഏറ്റവും അര്‍ഹത കോഴിക്കോടിനാണ് എന്ന് പറയട്ടെ. കോഴിക്കോട്ട് ആദ്യം കോളജ് ആരംഭിച്ചത്, കേരളത്തിലെ ഏറ്റവും നല്ല ആശുപത്രികളിലൊന്നായ കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ്. ഈ ആശുപത്രിയില്‍ മൂന്ന് കൊല്ലത്തിലധികം കോളജ് നടത്തുകയുണ്ടായി. ഈ കാലഘട്ടത്തില്‍, രണ്ട് മെഡിക്കല്‍ കൗണ്‍സില്‍ ഇന്‍സ്‌പെക്ഷനുകളും ഉണ്ടായി. അവയൊന്നും തന്നെ ബീച്ചില്‍ കോളജ് നടത്തരുതെന്ന് അഭിപ്രായപ്പെട്ടിരുന്നില്ല. മാത്രമല്ല, കോളജിനു വേണ്ട കൂടുതല്‍ കെട്ടിടങ്ങളും മറ്റും കെട്ടാന്‍ ആവശ്യമായ സ്ഥലവും സര്‍ക്കാറിന്റെ കൈയില്‍ ഉണ്ടു താനും. 1960ല്‍ ചേവായൂര്‍ ക്യാമ്പസ് ഉണ്ടാക്കാനുള്ള മുഖ്യ കാരണം ക്യാമ്പസ് കോളജുകള്‍ തന്നെ വേണമെന്നും കോഴിക്കോട്ടെ ക്യാമ്പസ് തിരുവനന്തപുരത്തേതിനെക്കാള്‍ മെച്ചപ്പെട്ടതായിരിക്കണമെന്നുമുള്ള ഡോ. എ ആര്‍ മേനോന്റെ പിടിവാശിയാണ്. ഇത് പ്രത്യേകം പറയാന്‍ കാരണം, സര്‍ക്കാറിന് ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഒരു കോളജ് തുടങ്ങണമെങ്കില്‍ അത് കോഴിക്കോട്ടാണ് എന്ന് ചൂണ്ടിക്കാട്ടാന്‍ മാത്രമാണ്. രണ്ട് കോഓപറേറ്റീവ് കോളജുകളും സര്‍ക്കാര്‍ കോളജുകളായി മാറുകയും കൂടി ചെയ്താല്‍ ആ കെ പത്ത് സര്‍ക്കാര്‍ കോളജുകളായി. കൂടുതല്‍ സര്‍ക്കാര്‍ കോളജുകള്‍ കേരളത്തില്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്വാശ്രയ മെഡിക്കല്‍ കോളജുകളെ സര്‍ക്കാര്‍ നിയന്ത്രിക്കേണ്ടതില്ല. റിട്ടയഡ് ജഡ്ജിമാര്‍ക്ക് പുതിയ ജോലികളും നല്‍കേണ്ടതില്ല.
അമേരിക്കയിലെ അനുഭവം

സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍, കച്ചവട സ്ഥാപനങ്ങള്‍ മാത്രമാണെന്ന കാര്യം നാം ആദ്യം തന്നെ അംഗീകരിച്ചേ തീരൂ. ഇന്ത്യയിലെ ഏറ്റവും വലിയ കച്ചവടം നടക്കുന്നത് വിദ്യാഭ്യാസ മേഖലയിലാണ്. രണ്ടാമത്തെ രംഗം ആരോഗ്യവുമാണ്. അവ രണ്ടും കൂടിച്ചേരുമ്പോഴത്തെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. അവയെ തനിയെ വിട്ടാല്‍ നല്ല കോളജുകള്‍ നിലനില്‍ക്കും. മേന്മ കുറഞ്ഞ കോളജുകള്‍ കുട്ടികളെ കിട്ടാതെ തനിയെ നശിച്ചുകൊള്ളും. സര്‍ക്കാര്‍ അനാവശ്യമായി പണം നഷ്ടപ്പെടുത്തുകയോ കൈ പൊള്ളിക്കുകയോ ചെയ്യാതിരുന്നാല്‍ മതി. ഇതാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.
1956ന് മുമ്പ് അമേരിക്കയില്‍ 250 മെഡിക്കല്‍ കോളജുകളാണ് ഉണ്ടായിരുന്നത്. എല്ലാം സ്വകാര്യ കോളജുകള്‍. ഇവയില്‍ നല്ലതും ശരാശരിയും മോശമായതും ഉണ്ടായിരുന്നു. ഇത് അധികമാണെന്ന് തോന്നിയതുകൊണ്ട് ഈ വിഷയം പഠിക്കാന്‍ വേണ്ടി ഫ്‌ളെക്‌സ്‌നര്‍(എഹലഃിലൃ) കമ്മീഷനെ നിയമിക്കുകയുണ്ടായി. ഫ്‌ളെക്‌സ്‌നര്‍ കോളജുകളെ ഒന്ന് മുതല്‍ 250 വരെ റാങ്ക് (ഞമിസ )ചെയ്ത് അവയില്‍ ആദ്യത്തെ 72 എണ്ണം മാത്രമാണ് നല്ല കോളജുകള്‍ എന്ന് റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഒരു കൊല്ലം മുഴുവന്‍ അവിടുത്തെ പ്രമുഖ പത്രമായ ന്യൂയോര്‍ക്ക് ടൈംസില്‍ മുഴു പേജ് പരസ്യമായി നല്‍കുക മാത്രമാണ് അമേരിക്കന്‍ സര്‍ക്കാര്‍ ചെയ്തത്. ബുദ്ധിമാന്മാരായ അമേരിക്കന്‍ പൊതുജനങ്ങള്‍ ഈ പരസ്യം വായിക്കുകയും തങ്ങളുടെ കുട്ടികളെ ഈ 72 കോളജിലേക്ക് മാത്രം അയക്കുകയും ചെയ്തുതുടങ്ങിയപ്പോള്‍ ബാക്കി 180 കോളജുകള്‍ക്കും വിദ്യാര്‍ഥികളെ ലഭിക്കാത്തത് കാരണം, പൂട്ടേണ്ട സ്ഥിതി വന്നുചേരുകയാണുണ്ടായത്. ഇന്ത്യയിലും അത്തരമൊരു കമ്മീഷനെ നിയമച്ച് ഇവിടുത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഒരു ഗ്രേഡേഷന്‍ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയാല്‍ പ്രാപ്തമല്ലാത്ത കോളജുകളുടെ അടച്ചുപൂട്ടലുകള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കേന്ദ്ര സര്‍ക്കാര്‍ ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളിലും സംസ്ഥാന സര്‍ക്കാറുകള്‍ അതാത് ഭാഷാ പത്രങ്ങളിലും ഈ റിപ്പോര്‍ട്ട് തുടര്‍ച്ചയായി പ്രസിദ്ധീകരിക്കേണ്ടിവരുമെന്ന് മാത്രം. ഈ പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ തന്നെ ഇന്ത്യയില്‍ അടുത്തു എന്‍ജിനീയറിംഗ് കോളജുകളും ഡെന്റല്‍ കോളജുകളും പൂട്ടിക്കൊണ്ടിരിക്കുകയാണ്. അനതിവിദൂര ഭാവിയില്‍ ആ പ്രതിഭാസം മെഡിക്കല്‍ കോളജുകളിലേക്കും വ്യാപിക്കും.
പക്ഷേ ഇതിനേക്കാളെല്ലാം പ്രധാനമായ കാര്യം നമ്മുടെ രാജ്യത്തെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുത്താന്‍ കൂടുതല്‍ മെഡിക്കല്‍ കോളജുകളും ഹൈടെക് ആശുപത്രികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകളും സ്ഥാപിക്കുകയല്ല വേണ്ടത്. നേരെ മറിച്ച് കുറേയേറെ ഫാമിലി ഡോക്ടര്‍മാരെ സൃഷ്ടിച്ച് സാധാരണക്കാരായ ആളുകള്‍ക്ക് പ്രാഥമിക ആരോഗ്യം കാത്തുസൂക്ഷിക്കാനും രോഗം വരാതെ നോക്കാനും ഉള്ള ഉപാധികള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. സൂപ്പര്‍ സ്‌പെഷ്യാലിസ്റ്റ് ചികിത്സകളും ശസ്ത്രക്രിയകളും മറ്റും കുടുംബ ഡോക്ടര്‍മാരുടെ ശിപാര്‍ശ പ്രകാരം മാത്രമേ നടത്താവൂ എന്നും അവക്കുള്ള ചെലവ് കുറക്കാനും അവ എല്ലാവര്‍ക്കും ലഭ്യമാക്കാനമുള്ള നടപടികള്‍ എടുക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ചെലവ് കൂടിയ ടെസ്റ്റുകളും സര്‍ജറിയും മറ്റും പലപ്പോഴും അനാവശ്യമാണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരോഗ്യ കാര്യങ്ങള്‍ ജനകീയമാക്കാന്‍ ആണ് നാം പ്രാധാന്യം നല്‍കേണ്ടത് എന്ന് പ്രത്യേകം ഓര്‍ക്കണം.

 

Latest