Connect with us

National

മുന്‍ നിലപാട് തിരുത്തിയത് എന്തിനെന്ന് വിശദീകരിക്കാന്‍ പരേഖിനായില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ഹിന്‍ഡാല്‍കോക്ക് കല്‍ക്കരി ഖനനത്തിന് ആദ്യം അനുമതി നിഷേധിച്ച മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖിന് പിന്നീട് അനുമതി നല്‍കിയതെന്തിനെന്ന് വിശദീകരിക്കാനാകുന്നില്ലെന്ന് സി ബി ഐ.
കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് സി ബി ഐ വൃത്തങ്ങള്‍ സൂചന നല്‍കിയതിന് പിറകേയാണ് പി സി പരേഖിന്റെ മൊഴിയിലെ വൈരുധ്യം വെളിപ്പെടുത്തിയത്. കല്‍ക്കരി ഖനനത്തിന് 1993 മുതല്‍ നല്‍കിയ മുഴുവന്‍ അനുമതിയും സി ബി ഐ അന്വേഷിക്കും. ഈ മാസം 29ന് ആദ്യത്തെ നിജസ്ഥിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പായി കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്നാണ് സി ബി ഐ വൃത്തങ്ങല്‍ വ്യക്തമാക്കുന്നത്.
കുമാരമംഗലം ബിര്‍ളയുടെ പേരിലുള്ള ഹിന്‍ഡാല്‍കോക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായാണ് പരേഖിനെ സി ബി ഐ ചോദ്യം ചെയ്തത്. ആദ്യം കമ്പനിയുടെ അപേക്ഷ തള്ളിയ പരേഖ് പിന്നീട് എന്തിനാണ് അത് പരിഗണിച്ചത് എന്നായിരുന്നു അദ്ദേഹത്തോട് പ്രധാനമായും ആരാഞ്ഞത്. എന്നാല്‍ ഇക്കാര്യം കൃത്യമായി വിശദീകരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഒഡീഷയിലെ തലാബിറ രണ്ടും മൂന്നും ബ്ലോക്കുകളാണ് ഹിന്‍ഡാല്‍കോക്ക് അനുവദിച്ചത്. ആദ്യം ഇവ അനുവദിച്ചത് പൊതു മേഖലാ സ്ഥാപനങ്ങളായ മഹാനദി കോള്‍ഫീല്‍ഡ്‌സിനും നെയ്‌വേലി ലിഗ്നൈറ്റിനും ആയിരുന്നു. ഇവയെ ഒഴിവാക്കി എന്തിന് ഹിന്‍ഡാല്‍കോക്ക് അനുവദിച്ചുവെന്ന് വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് പരേഖിന്റെ പേര് എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയതെന്ന് സി ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
ഹിന്‍ഡാല്‍കോക്ക് കല്‍ക്കരി പാടം അനുവദിച്ചതില്‍ തെറ്റൊന്നുമില്ലെന്ന നിലപാടാണ് സി ബി ഐക്ക് മുമ്പാകെ പരേഖ് അവതരിപ്പിച്ചത്. ഹിന്‍ഡാല്‍കോയാണ് ആദ്യം അപേക്ഷിച്ചതെന്നും പാടം അനുവദിക്കപ്പെടാനുള്ള യോഗ്യത അവര്‍ക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗൂഢാലോചന നടന്നുവെന്നാണ് പറയുന്നതെങ്കില്‍ അതില്‍ കുമാരമംഗലം ബിര്‍ളയും താനും പങ്കാളിയാണ്. അങ്ങനെയെങ്കില്‍ മറ്റൊരാള്‍ കൂടി ഗൂഢാലോചനയില്‍ പങ്കാളിയായെന്ന് പറയേണ്ടി വരും. അത് ഇപ്പോഴത്തെ പ്രധാനമന്ത്രിയും അന്ന് കല്‍ക്കരി വിഭവങ്ങളുടെ ചുമതല വഹിച്ചയാളുമായിരുന്ന മന്‍മോഹന്‍ സിംഗാണെന്നും പരേഖ് പറഞ്ഞു.
പരേഖിനെ ബിര്‍ള വ്യക്തിപരമായി കണ്ട ശേഷമാണ് ആദ്യം നിരസിച്ച അപേക്ഷ സ്വീകരിക്കപ്പെട്ടതെന്നാണ് സി ബി ഐ വാദം.

Latest