Connect with us

Kannur

സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

Published

|

Last Updated

തലശ്ശേരി: പ്രശസ്ത സംഗീത സംവിധായകന്‍ രാഘവന്‍ മാസറ്റര്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. പുലര്‍ച്ചെ 4.20 ന് തലശ്ശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ചയാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് രാഘവന്‍ മാസ്റ്ററെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാററുകയായിരുന്നു. നാളെ രാവിലെ 11 മണിവരെ മൃതദേഹം വീട്ടിലും ശേഷം തലശ്ശേരി ടൗണിലും പൊതു ദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ തലശ്ശേരി തലായി ശ്മശാനത്തില്‍ സംസ്‌കരിക്കും.

മലയാള സിനിമാ സംഗീതത്തെ നവോത്ഥാനത്തിലേക്ക് നയിച്ച പ്രതിഭയായിരുന്നു രാഘവന്‍ മാസറ്റര്‍. നാല് പതിറ്റാണ്ടോളം മലയാള സംഗീതലോകത്തെ കുലപതിയായിരുന്നു രാഘവന്‍ മാസറ്റര്‍. നാനൂറോളം ഗാനങ്ങളാണ് രാഘവന്‍ മാസറ്ററിലൂടെ പിറവികൊണ്ടത്. 1951 ല്‍ പുറത്തിറങ്ങിയ പുള്ളിമാനാണ് അദ്ദേഹം ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രം. 1954ല്‍ പുറത്തിറങ്ങിയ നീലക്കുയിലിലൂടെ ശ്രദ്ധേയനായി. അറുപത്തിമൂന്നോളം ചിത്രങ്ങള്‍ക്ക് മാസറ്റര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.

എം. കൃഷ്ണന്റെയും നാരായണിയുടേയും മകനായി 1913 ഡിസംബര്‍ 2ന് ജഗന്നാഥ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലാണ് മാസ്റ്ററുടെ ജനനം.1950 കളില്‍ ചെന്നൈ ആകാശവാണിയില്‍ ജോലി ലഭിച്ചതോടെയാണ് സംഗീത രംഗത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത്. മലയാളികള്‍ നെഞ്ചേറ്റിയ കായലരികത്ത് വലയെറിഞ്ഞ എന്ന ഗാനത്തിന് ശബ്ദം നല്‍കിയതും രാഘവന്‍ മാസറ്ററാണ്. 1973, 1977ലും മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തു. 1997ല്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നേടി. 2010 പത്മശ്രീ പുരസ്‌കാരവും നല്‍കി രാജ്യം മാസറ്ററെ ആദരിച്ചു.

രാഘവന്‍ മാസ്റ്ററുടെ വിയോഗം മലയാളത്തിന് തീരാ നഷ്ടമാണെന്ന് കവി ഒ.എന്‍.വി കുറുപ്പ് അനുസ്മരിച്ചു.

Latest