Connect with us

Articles

നാടോടി ഈണങ്ങളില്‍ നാടുണര്‍ത്തിയ മാഷ്‌

Published

|

Last Updated

നാളീകേരത്തിന്റെ നാട്ടില്‍ നാഴിയുരി പാലുകൊണ്ട് നാടാകെ കല്യാണം നടത്തിയ മലയാള ചലച്ചിത്ര, നാടക, മാപ്പിള, ലളിതഗാന ശാഖകളുടെ രാഘവ പര്‍വം ഇനി ഓര്‍മ മാത്രം. നാടോടി ഈണങ്ങള്‍ കൊണ്ട് മലയാളികളുടെ ഉള്ളുണര്‍ത്തി ചലച്ചിത്ര ഗാനങ്ങളുടെ നാട്ടുവഴി വെട്ടിത്തുറന്ന നാടോടി സംഗീത സംവിധായകനെയാണ് കലാകൈരളിക്ക് രാഘവന്‍ മാസ്റ്ററുടെ വിയോഗത്തിലൂടെ നഷ്ടമായത്.
കൈതയും കണ്ടലും അതിരിടുന്ന കൈപ്പാട് നിലത്ത് ചേറ് കൊത്തി വരമ്പ് തീര്‍ക്കുമ്പോള്‍ ചെറുമര്‍ ഉച്ചത്തില്‍ പാടിയ പാട്ടും പൊള്ളുന്ന വെയിലിന്റെ ചൂടിനടിയില്‍ തൊഴിലാളികള്‍ പാടിയ പാട്ടും ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ഗാനങ്ങളാക്കി മാറ്റിയ അതുല്യപ്രതിഭയായിരുന്നു തലശ്ശേരിക്കാരനായ കെ രാഘവന്‍. ജാതിയും വര്‍ഗവും മനുഷ്യനെ തരംതിരിച്ചു നിര്‍ത്തിയ കാലത്ത് അയിത്തമില്ലാതെ പാടിയ രാഘവഗീതങ്ങള്‍ വടക്കേ മലബാറിലെ ഒരു കടപ്പുറത്ത് നിന്ന് രാഘവന്‍ എന്ന യുവാവ് തുടങ്ങിയ സംഗീത യാത്രയുടെ ഉത്പന്നമായിരുന്നു.
മലയാളി അന്നുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ഗാന സംസ്‌കാരം മലയാളത്തിന് ആദ്യമായി ലഭിച്ചതും അന്നായിരുന്നു. ചെറുമരുടെ പാട്ടും മാപ്പിള സംഗീതവും അന്‍പതുകളില്‍ മലയാളിയുടെ മനസ്സില്‍ പതിപ്പിച്ച രാഘവന്‍ എന്ന ചെറുപ്പക്കാരന്‍ തുടങ്ങിയ സംഗീത യാത്ര ഒടുവില്‍ ഭാഷയുടെയും ദേശത്തിന്റെയും അതിരുകള്‍ കടന്ന് എത്രയോ കാതം പിന്നിടുകയായിരുന്നു. നാടന്‍ പാട്ടിന്റെ സൗമ്യം ജീവിതത്തിലും പുലര്‍ത്തിയ രാഘവന്‍ മാഷ് ഈണം പകര്‍ന്ന ഗാനങ്ങള്‍ മലയാളിയുടെ ഹൃദയത്തില്‍ ഇപ്പോഴും നിറനിലാവായി പെയ്തിറങ്ങുന്നു.
രക്തത്തില്‍ നാടന്‍ സംഗീതം ഉറച്ചുനില്‍ക്കുന്നതായി ബോധ്യപ്പെട്ടതാണ് നാടന്‍പാട്ടുകളുടെ ഈണം സൃഷ്ടിക്കാന്‍ തനിക്ക് കഴിഞ്ഞതെന്ന് രാഘവന്‍ മാഷ് പറയാറുണ്ട്. തെയ്യത്തിന്റെയും ആദിവാസി കലാരൂപങ്ങളുടെയും സംഗീതം മനസ്സില്‍ മായാതെ കിടന്നിരുന്നു. കര്‍ണാടക സംഗീതം പഠിച്ചെങ്കിലും മനസ്സിലുള്ള തോന്നലുകള്‍ക്കൊപ്പിച്ച് ഈണമുണ്ടാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് മറ്റു പാട്ടുകളില്‍ നിന്ന് വേറിട്ട് നാടന്‍ പാട്ടുകള്‍ ഇപ്പോഴും ആളുകള്‍ പാടിക്കൊണ്ടേയിരിക്കുന്നതെന്നാണ് മാഷിന്റെ വിലയിരുത്തല്‍. “നീലക്കുയി”ലിറങ്ങിയ കാലത്താണ് നാടന്‍ രാഗങ്ങളുടെ കരുത്ത് മാഷിന് വ്യക്തമായത്. നിരവധി വേദികളില്‍ നീലക്കുയിലിലെ പാട്ട് പാടണമെന്നാവശ്യപ്പെട്ട് ആളുകള്‍ നിര്‍ബന്ധിക്കുമ്പോള്‍ ഈ പാട്ടിന്റെ ശക്തി മാഷിന് അക്ഷരാര്‍ഥത്തില്‍ ബോധ്യപ്പെടുകയായിരുന്നു. ഒരനുഭവം മാഷ് ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്: ഓച്ചിറയില്‍ നാലര മണിക്കൂര്‍ കച്ചേരി കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ വക ഒട്ടനേകം കുറിപ്പുകള്‍ കിട്ടി. “കായലരികത്ത്” പാടണമെന്നായിരുന്നു അവരുടെ ആവശ്യം. അത് പരിഗണിക്കാതെ സ്ഥലം വിടാനൊരുങ്ങിയപ്പോള്‍ നാട്ടുകാര്‍ സ്‌നേഹപൂര്‍വം വളഞ്ഞു. അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും പാട്ടുപാടേണ്ടിവന്നത് നാടന്‍ പാട്ടിന്റെ സ്വാധീനം ജനങ്ങളില്‍ എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ഒന്നായി രാഘവന്‍ മാഷ് ചൂണ്ടിക്കാട്ടിയിരുന്നു.
മലയാളത്തിലെ ലളിതഗാനശാഖ വ്യക്തിത്വം നേടുന്നത് കോഴിക്കോട് ആകാശവാണിയില്‍ രാഘവന്‍ മാഷ് എത്തുന്നതോടുകൂടിയാണ്. ആകാശവാണിയിലെ പി ഭാസ്‌കരന്‍, കെ രാഘവന്‍ കൂട്ടുകെട്ടാണ് മലയാളത്തിന് പിന്നീടും ഒട്ടനവധി മധുരിത ഗാനങ്ങള്‍ സമ്മാനിച്ചത്. ജോലിയുടെ ഭാഗമായി ഭാസ്‌കരന്‍ മാഷ് ഗാനം രചിക്കും. രാഘവന് പത്തോ പതിനഞ്ചോ മിനുട്ടുകള്‍ മതി, മണ്ണിന്റെ മണമുള്ള ആ വരികള്‍ക്ക് ഈണമൊരുക്കാന്‍. കോഴിക്കോട് അബ്ദുല്‍ ഖാദറിനെ പോലുള്ള പ്രഗത്ഭരായ ഗായകര്‍ പാടിയ പ്രശസ്തമായ ഒട്ടേറെ ഗാനങ്ങള്‍ ആകാശവാണിയിലെ ഭാസ്‌കരന്‍- രാഘവന്‍ കൂട്ടുകെട്ടില്‍ പിറന്നതാണ്. രാഘവന്‍ മാഷെ പിന്നീട് സിനിമയിലേക്ക് കടത്തിവിട്ടതും പി ഭാസ്‌കരനായിരുന്നു. “എങ്ങനെ നീ മറക്കും കുയിലേ”, “എല്ലാരും ചൊല്ലണ്” തുടങ്ങിയ ഗാനങ്ങള്‍ ഇന്നത്തെ പോലെ അന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ രണ്ടും മൂന്നും ദിവസം ഇരുവരും സമയം കണ്ടെത്തും. സംഗീത സംവിധായകനും എഴുത്തുകാരനും കൂടി ഇങ്ങനെ കണ്ടെത്തുന്ന പാട്ടുകളാണ് പില്‍ക്കാലത്ത് മലയാളികള്‍ നെഞ്ചേറ്റി നടന്നത്. വടക്കേ മലബാറിന്റെ ഹൃദയത്തുടിപ്പായ സംഗീതം കേരളീയന്റെ മനസ്സുകളെ കീഴടക്കാന്‍ തുടങ്ങിയതും ഇക്കാലത്തായിരുന്നു.
തന്റെ മനസ്സിലുള്ള സംഗീതം ആരും പാടിയിട്ടില്ലെന്ന് മാഷ് പറയും. അത് മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ യേശുദാസ് മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടാറുണ്ടായിരുന്നു. പഴയ പാട്ടുകള്‍ക്ക് മാധുര്യമുണ്ട്. അത് മനസ്സില്‍ തങ്ങി നില്‍ക്കും. മാഷ് ഇത് പറയുമ്പോള്‍ അതില്‍ അനുഭവത്തിന്റെ ഉപ്പുണ്ടായിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest