Connect with us

National

സന്യാസി വീണ്ടും സ്വപ്നം കണ്ടു; ഇത്തവണത്തേത് 2500 ടണ്‍ സ്വര്‍ണം

Published

|

Last Updated

ലക്‌നോ: ശോഭന്‍ സര്‍കാര്‍ എന്ന സന്യാസിയുടെ സ്വപ്‌നദര്‍ശനത്തിന്റെ ചുവട് പിടിച്ച് പുരാവസ്തു വകുപ്പ് നിധി വേട്ട തുടങ്ങിയിരിക്കെ മറ്റൊരു വലിയ നിധി ശേഖരമുണ്ടെന്ന അവകാശവാദവുമായി അതേ സന്യാസി രംഗത്ത്. യു പിയിലെ ഉന്നാവോ ജില്ലയിലെ പുരാതന കോട്ടയില്‍ ആയിരം ടണ്‍ സ്വര്‍ണ ശേഖരമുണ്ടെന്ന് തനിക്ക് സ്വപ്‌നദര്‍ശനമുണ്ടായെന്നാണ് നേരത്തേ ഇയാള്‍ അവകാശപ്പെട്ടത്. ഇതനുസരിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ അധികൃതര്‍ ഖനനം തുടങ്ങിയിട്ടുണ്ട്.
ഫത്തേപൂര്‍ ജില്ലയിലെ ആദംപൂര്‍ ഗ്രാമത്തില്‍ വന്‍ സ്വര്‍ണശേഖരമുണ്ടെന്ന് സ്വപ്‌നം കണ്ടുവെന്നാണ് ശോഭന്‍ സര്‍കാറിന്റെ പുതിയ വെളിപ്പെടുത്തല്‍. ഈ വിവരം കാണിച്ച് ഫത്തേപൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് അഭയ് കുമാറിന് ശോഭന്‍ സര്‍കാര്‍ കത്തെഴുതിയിട്ടുണ്ട്. നേരത്തേ കണ്ട സ്വപ്നത്തില്‍ ആയിരം ടണ്‍ ആണെങ്കില്‍ ഇത്തവണ അത് 2500 ടണ്‍ ആണ്.
അതേസമയം, ഉന്നാവോയില്‍ സ്വര്‍ണ ശേഖരം തേടിയുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ നിന്നുള്ള 12 അംഗ സംഘത്തിന്റെ ഖനനം രണ്ടാം ദിവസവും തുടരുന്നു. ഉന്നാവോ ജില്ലയിലെ ദുവാന്ദിയ ഖേഡ ഗ്രാമത്തില്‍ 19 ാം നൂറ്റാണ്ടില്‍ രാജാ റാവു റാം ബക്ഷ് സിംഗ് നിര്‍മിച്ച കോട്ടക്കുള്ളിലാണ് കഴിഞ്ഞ ദിവസം മുതല്‍ ഖനനം ആരംഭിച്ചത്. യാതൊരു ആധുനിക ഉപകരണവും കൂടാതെ പിക്കാസും കൈക്കോട്ടും ഉപയോഗിച്ചാണ് കുഴിക്കുന്നത്. ഇത് പൂര്‍ത്തിയാകാന്‍ മാസത്തിലേറെ സമയമെടുക്കും. 20 മീറ്റര്‍ ഉള്ളില്‍ ലോഹ വസ്തു ഉള്ളതായി എ എസ് ഐ പറയുന്നു. കുഴിച്ചെത്തുമ്പോള്‍ മണ്ണ് പരിശോധിച്ചതിന് ശേഷം കൂടുതല്‍ വ്യക്തത വരുമെന്ന് ഖനനത്തിന് മേല്‍നോട്ടം വഹിക്കുന്ന പി കെ മിശ്ര അവകാശപ്പെട്ടു.
കോട്ടയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ ആയിരം ടണ്‍ വരുന്ന സ്വര്‍ണ നിക്ഷേപമുണ്ടെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര പൂജാരിയായ ശോഭാന്‍ സര്‍ക്കാര്‍ കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് കത്ത് നല്‍കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കുഴിച്ചെടുക്കുന്ന സ്വര്‍ണം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിരുന്നു. ഭൂമി പൂജയോടെയാണ് വെള്ളിയാഴ്ച ഖനന നടപടികള്‍ ആരംഭിച്ചത്. നൂറ് ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് ബ്ലോക്കുകളായാണ് ഖനനം നടത്തുന്നത്. ജില്ലാ മജിസ്‌ട്രേറ്റ് വിജയ് കിരണ്‍ ആനന്ദാണ് ഖനനത്തിന് തുടക്കമിട്ടത്. ഖനനം കാണുന്നതിന് വന്‍ ജനക്കൂട്ടം എത്തിയതോടെ കോട്ടയിലേക്കുള്ള പൊതുജനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തി. വന്‍ പോലീസ് സന്നാഹമാണ് സുരക്ഷക്കായി ഒരുക്കിയിട്ടുള്ളത്. ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയില്‍ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം തയ്യാറായിട്ടുണ്ട്.
ഉന്നാവോയിലെ അവസാനത്തെ നാട്ടു രാജാവായിരുന്ന രാജാ റാവു റാം ബക്‌സ് സിംഗ് 1857ല്‍ ബ്രിട്ടീഷുകാരുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

Latest