Connect with us

National

നേതാജി ചൈനയിലായിരുന്നെന്ന വെളിപ്പെടുത്തലുമായി പുസ്തകം

Published

|

Last Updated

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനത്തിന്റെ ചുരുളഴിയാത്ത രഹസ്യങ്ങളിലേക്ക് ഇറങ്ങി പുതിയ പുസ്തകം. റഷ്യയിലേക്ക് രക്ഷപ്പെട്ടതിനു ശേഷം നേതാജി ചൈനയിലേക്ക് പോയെന്നാണ് പുതിയ പുസ്തകത്തിന്റെ അവകാശവാദം.
കമ്മ്യൂണിസ്റ്റ് ചൈനയിലാണ് നേതാജിയെന്ന് അവകാശപ്പെട്ട് നേതാജിയുടെ മൂത്തസഹോദരനും അടുത്ത അനുയായിയുമായിരുന്ന ശരത് ചന്ദ്ര ബോസ് “ദി നാഷന്‍” എന്ന സ്വന്തം പത്രത്തില്‍, 1949 ഒക്‌ടോബറില്‍ എഴുതിയ ലേഖനമാണ് “നോ സീക്രട്ട്‌സ്” എന്ന പുസ്തകത്തില്‍ ഗവേഷകനായ അനൂജ് ധര്‍ തെളിവായി കാണിക്കുന്നത്. ലേഖനത്തിന്റെ കോപ്പിയും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകം അടുത്തയാഴ്ച കൊല്‍ക്കത്തയില്‍ പ്രകാശനം ചെയ്യും. ഇക്കാര്യത്തില്‍ തീര്‍ച്ചയുള്ളതു കൊണ്ടാണ് ശരത് ചന്ദ്ര ബോസ് ഇത്തരത്തിലൊരു ലേഖനം എഴുതിയത്. മാവോ സേ തൂങ്ങിന്റെ കമ്മ്യൂണിസ്റ്റ് ചൈനയിലാണ് നേതാജിയെന്നത് ഇന്ത്യന്‍ സര്‍ക്കാറിനും വ്യക്തമായ വിവരമുണ്ടായിരുന്നു. രാജ്യത്തേക്ക് തിരിച്ചുവരുന്നതിനുള്ള പറ്റിയ സമയമല്ലാത്തതു കൊണ്ടാണ് നേതാജി തിരികെ വരാത്തതെന്ന് ശരത് ചന്ദ്ര പറയുന്നു. സുഭാഷ് ചന്ദ്ര ബോസ് ചൈനയിലുണ്ടെന്ന മുറുമുറുപ്പ് 1949ല്‍ ഇന്ത്യയില്‍ സജീവമായിരുന്നു. “ചുവന്ന ഭൂഖണ്ഡത്തില്‍ ബോസ് കഴിയുന്നുവെന്ന് ബ്രിട്ടീഷ് റിപ്പോര്‍ട്ട്” എന്ന തലക്കെട്ടില്‍ 1949 മാര്‍ച്ച് 26ന് മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സോവിയറ്റ് അനുകൂല ടാബ്ലോയിഡ് “ദി ബ്ലിറ്റ്‌സ്” വാര്‍ത്ത കൊടുത്തിരുന്നു. ഈ വാര്‍ത്ത “ഗോസ്റ്റ് ഓഫ് സുഭാഷ് ചന്ദ്ര ബോസ്” എന്ന പേരില്‍ വിദേശകാര്യ സെക്രട്ടറിക്ക് അമേരിക്കന്‍ കൗണ്‍സല്‍ അയച്ചുകൊടുത്തു.
ശരത് ചന്ദ്ര ബോസിന്റെ നിര്‍ദേശപ്രകാരം താന്‍ രഹസ്യമായി ചൈന സന്ദര്‍ശിച്ചുവെന്ന് നേതാജിയുടെ അനുയായി മുത്തുരാമലിംഗ തേവര്‍ 1956ല്‍ “ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ്” പോലുള്ള പത്രങ്ങളോട് പറഞ്ഞിരുന്നു. നേതാജി രാജ്യത്ത് കഴിയുന്ന കാര്യം ഒരിക്കലും ചൈനീസ് അധികൃതര്‍ ശ്രദ്ധിച്ചിട്ടില്ലെന്നത് താന്‍ വിശ്വസിക്കില്ലെന്ന് ധര്‍ പറഞ്ഞു. ബോസിനെ സംബന്ധിച്ച ചില രേഖകള്‍ ചൈനീസ് അധികൃതരുടെ കൈവശമുണ്ടായിരുന്നെന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ ചൈനീസ് ആന്‍ഡ് സിനൊലോജിക്കല്‍ സ്റ്റഡീസ് സെന്റര്‍ പ്രൊഫസര്‍ പ്രിയദര്‍ശി മുഖര്‍ജി അഭിപ്രായപ്പെട്ടതായി ധര്‍ പറഞ്ഞു. ഫൈസാബാദില്‍ 1985ല്‍ മരിച്ച ഭഗവാന്‍ജി, ഗുംനാമി ബാബ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന നിഗൂഢ സന്യാസിയുടെ ജീവിതത്തെ നേതാജിയുമായി പുസ്തകത്തില്‍ ബന്ധപ്പെടുത്തുന്നുണ്ട്. 1949 മുതല്‍ പല വട്ടം താന്‍ മാവോ സേ തൂങ്ങിനെയും ആണവ കേന്ദ്രങ്ങളുടെ ഭൂഗര്‍ഭ അറയായ ദീക്ഷിയ ചേംഗും സന്ദര്‍ശിച്ചതായി ഭഗവാന്‍ജി അവകാശപ്പെട്ടതായി പുസ്തകത്തില്‍ പറയുന്നു. ഭൂഗര്‍ഭ അറയെ സംബന്ധിച്ച് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പായിരുന്നു ഇത്. ഭഗവാന്‍ജി എന്നറിയപ്പെടുന്നത് ബോസ് തന്നെയെന്നാണ് നിഗമനം. വാമൊഴിയാലും രേഖാപരമായുമുള്ള തെളിവുകള്‍ ഉള്ളതിനാല്‍ ഭഗവാന്‍ജിയുടെ അസ്തിത്വം കണ്ടുപിടിക്കുന്നതിന് ശാസ്ത്രീയ അന്വേഷണം നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച് ഈ ജനുവരിയില്‍ ഉത്തരവിട്ടിരുന്നു.
1941ല്‍ ബ്രിട്ടീഷുകാരുടെ വീട്ടുതടങ്കലില്‍ നിന്ന് വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു നേതാജി. 1945 ആഗസ്റ്റ് 17ന് ബാങ്കോക്ക് വിമാനത്താവളത്തിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. 1945 ആഗസ്റ്റ് 18ന് തായ്‌വാനില്‍ നടന്ന വിമാനാപകടത്തില്‍ അദ്ദേഹം മരിച്ചെന്ന അഭിപ്രായം കേന്ദ്രം നിയോഗിച്ച മുഖര്‍ജി കമ്മീഷന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. നേതാജിയുടെ ഇളയ സഹോദരനും നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്വേഷണ കമ്മിറ്റിയംഗവുമായ സുരേഷ് ബോസ് 1972ല്‍ മരിക്കുന്ന സമയത്ത് നേതാജി ജീവിച്ചിരിക്കുന്നതായി ആണയിട്ടിരുന്നു.

Latest