Connect with us

National

മോഡിയെ ഹിറ്റ്‌ലറോടുപമിച്ച് കോണ്‍ഗ്രസ്; ഇന്ദിരാ ഗാന്ധി ഏകാധിപതിയെന്ന്ബി ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ കോണ്‍ഗ്രസ് ബി ജെ പി നേതാക്കള്‍ തമ്മില്‍ വാക്‌പോര് മുറുകുന്നു. നരേന്ദ്ര മോഡിയെ ഹിറ്റ്‌ലറോട് ഉപമിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നപ്പോള്‍ ഇന്ദിരാ ഗാന്ധിയെ എകാധിപാതിയെന്ന് വിളിച്ച് ബിജെപി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ ഇലക്ഷന്‍ പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു.

അതിന് പിന്നാലെയാണ് മോഡിയെ ഹിറ്റ്‌ലറോട് ഉപമിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയത്. നാഗ്പൂരിലെ റാലിയില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായ ആക്രമണമാണ് മോഡി നടത്തിയത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുല്‍ ഗാന്ധിക്ക് രാജ്യത്തെ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ മനസിലാകുമെന്നാണ് മോഡി ചോദിച്ചത്.

പാവങ്ങളുടെ പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന യു പി എ സര്‍ക്കാര്‍ സമ്പന്നര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മോഡി ആരോപിച്ചിരുന്നു.

ഇന്ത്യയെ ഉടച്ച് വാര്‍ക്കാനുള്ള മോഡിയുടെ ശ്രമങ്ങള്‍ ഹിറ്റ്‌ലറുടെ ശ്രമങ്ങളെ ഓര്‍മ്മിക്കുന്നുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി മനീഷ് തീവാരി മോഡിയും ഹിറ്റ്‌ലറും തമ്മില്‍ പ്രവര്‍ത്തനങ്ങളില്‍ സാമ്യമുണ്ടെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരാള്‍ ഇന്ത്യന്‍ സിനിമ കൊണ്ട് ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ അടയാളപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പെരുമ നിലനിര്‍ത്താന്‍ സിനിമ വ്യവസായത്തെ ഉപയോഗപ്പെടുത്തണമെന്നാണ് മോഡി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് പഴയൊരു നേതാവിനെയാണ് ഓര്‍മ്മിച്ചത്. 1936ല്‍ ഹിറ്റ്‌ലറും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ബെര്‍ലിന്‍ ഒളിമ്പിക്‌സുകൊണ്ട് ജര്‍മ്മനിയെ ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ അടയാളപ്പെടുത്താമെന്നാണ് ഹിറ്റ്‌ലര്‍ ആഗ്രഹിച്ചത്. മോഡിക്കും ഹിറ്റ്‌ലര്‍ക്കുമിടയുള്ള സാമ്യങ്ങള്‍ ഇതൊക്കെയാണ് മനീഷ് തീവാരി പറഞ്ഞു.

അതേസമയം മനീഷ് തീവാരിയുടെ പ്രസ്താവന വന്ന് താമസിയാതെ ബി ജെ പി നേതാവ് മീനാക്ഷ്മി ലേഖി കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തി. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ഏകാധിപതി മാത്രമേ ഉണ്ടായിട്ടുള്ളൂ. അത് ഇന്ദിരാ ഗാന്ധിയാണ്. അത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം കൂടിയാണ് മീനാക്ഷ്മി ലേഖി പറഞ്ഞു.

 

Latest